മാധ്യമ പ്രവര്‍ത്തകയെ ജീവിതസഖിയാക്കാന്‍ ശതകോടീശ്വരന്‍; വെനീസില്‍ ഉയരുന്ന എതിര്‍പ്പിന് പിന്നിലെന്ത്?

ലോക ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു ആഡംബര വിവാഹത്തിന് വേദിയാകാന്‍ ഒരുങ്ങുകയാണ് ഇറ്റാലിയന്‍ നഗരമായ വെനീസ്. നൂറുകണക്കിന് ഉന്നതര്‍ പ്രത്യേകിച്ച് അതിസമ്പന്നര്‍ അതിഥികളായി എത്തുന്ന വിവാഹമാണ് നടക്കാനിരിക്കുന്നത്. ആഘോഷം സാന്‍ ജോര്‍ജിയോ ദ്വീപ് മുഴുവന്‍ വ്യാപിക്കാനിടയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ചടങ്ങില്‍ പങ്കെടുക്കുന്ന വിശിഷ്ടാതിഥികള്‍ക്കായി മിക്ക ലക്ഷ്വറി ഹോട്ടലുകളും വാട്ടര്‍ ടാക്സികളും ഇതിനകം ബുക്ക് ചെയ്തുകഴിഞ്ഞു. ദിവസങ്ങള്‍ നീളുന്ന ആഘോഷത്തിനിടെ അതിസമ്പന്നരുടെ തിക്കും തിരക്കും കാരണം നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ അടച്ചിടാന്തന്നെ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ ആഡംബര വിവാഹത്തെ വെനീസുകാര്‍ അത്ര സന്തോഷത്തോടെയല്ല സ്വാഗതം ചെയ്യുന്നത്. പ്രാദേശിക ഭരണകര്‍ത്താക്കള്‍ താമസക്കാരേക്കാള്‍ പ്രാധാന്യം ശതകോടീശ്വരന്മാര്ക്ക് നല്‍കുന്നുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. വന്‍ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് അവര്‍.
ശതകോടീശ്വരനും ആമസോണിന്റെ സ്ഥാപകനുമായ ജെഫ് ബെസോസിന്റെ വിവാഹമാണ് വെനീസില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുള്ളത്. വെനീസില്‍ നടക്കുന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകയായ ലോറന് സാഞ്ചസിനെയാണ് അദ്ദേഹം വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്. ലോകത്തിലെ ഏറ്റവും ധനികവ്യക്തികളില് ഒരാളായ ബെസോസ് വെനീസ് നഗരം തന്റെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിനായി തിരഞ്ഞെടുത്തതോടെയാണ് പ്രതിഷേധങ്ങള്‍ തുടങ്ങിയത്. 220.9 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള വ്യക്തിയാണ് 61-കാരനായ ബെസോസ്. ജൂണ്‍ 23 മുതല്‍ ജൂണ്‍ 28 വരെ നീണ്ടുനില്‍ക്കുന്നതാണ് വിവാഹച്ചടങ്ങുകള്‍. ലക്ഷക്കണക്കിന് ഡോളര്‍ പൊടിച്ചാണ് ബെസോസ് വിവാഹം നടത്താനൊരുങ്ങുന്നത്. എന്നാല്‍, ആഡംബര വിവാഹങ്ങള്‍ കാരണം ഉണ്ടാകുന്ന 'ഓവര്‍ ടൂറിസത്തെ'യാണ് ഒരു വിഭാഗം വെനീഷ്യക്കാര്‍ എതിര്‍ക്കുന്നത്. ടൂറിസം നഗരത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് പ്രധാനമാണെങ്കിലും വര്‍ധിച്ചുവരുന്ന സഞ്ചാരികളുടെ എണ്ണം തദ്ദേശവാസികളെ പുറത്താക്കിയെന്നും നഗരത്തിന്റെ ചരിത്ര സ്മാരകങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ വരുത്തിയെന്നും പ്രദേശവാസികള്‍ പരാതിപ്പെടുന്നു.
ഈ വിവാഹം പുറത്തുനിന്നുള്ളവര്‍ നഗരത്തെ ചൂഷണം ചെയ്യുന്നതിന്റെ പ്രതീകമാണെന്ന് വെനീഷ്യന്‍ ആക്ടിവിസ്റ്റുകള്‍ ആരോപിക്കുന്നു. വെനീസിനെ ഒരു ഷോകേസ് പോലെയോ സ്റ്റേജ് പോലെയോ ആണ് പരിഗണിക്കുന്നത് - 33-കാരിയായ ആക്ടിവിസ്റ്റ് ഫെഡറിക്ക ടോണിനെല്ലി ബിബിസിയോട് പറഞ്ഞു. ശതകോടീശ്വരനെതിരെ ബാനറുകള്‍ ഉയര്‍ത്തിയുള്ള പ്രതിഷേധം അടക്കമാണ് അവര്‍ പദ്ധതിയിടുന്നത്. പ്രതിഷേധങ്ങളുടെ ഭാഗമാകാന്‍ അവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. ടാക്സികള്‍ തടയാന്‍ കാനാലുകളിലേക്ക് ചാടിയും, ഇടുങ്ങിയ തെരുവുകള്‍ ഉപരോധിച്ച് അതിഥികളെ തടഞ്ഞും ആഘോഷങ്ങള്‍ക്ക് തടസമുണ്ടാക്കാന്‍ അവര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍. ഇത്തരത്തിലുള്ള പ്രതിഷേധം ബെസോസിനെയും സാഞ്ചസിനെയും അവര്‍ നിശ്ചയിച്ചിട്ടുള്ള പരിപാടികളില്‍നിന്ന് പിന്തിരിപ്പിക്കില്ലെന്ന പ്രതീക്ഷയിലാണ് വെനീസിലെ അധികാരികള്‍.
വെനീസ് ദീര്‍ഘകാലമായി നേരിടുന്ന പ്രശ്നമാണ് ഓവര്‍ടൂറിസം. പ്രതിവര്‍ഷം ശരാശരി 30 ദശലക്ഷം പേരാണ് ഇവിടം സന്ദര്ശനിക്കുന്നത്. ഓവര്‍ടൂറിസം നേരിടാന്‍ 5 യൂറോ പ്രതിദിന ഫീസ് ഏര്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം വെനീസ് ഒരു പരീക്ഷണ പദ്ധതി നടപ്പാക്കിയിരുന്നു. ഈ വര്‍ഷത്തേക്കും അത് വ്യാപിപ്പിച്ചു. തിരക്കേറിയ സമയങ്ങളില്‍ ഒരു ദിവസത്തെ സന്ദര്‍ശകരെ പിന്തിരിപ്പിക്കാന് ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിലൂടെ പ്രവേശനത്തിന് മാത്രം സഞ്ചാരികളില്‍ നിന്ന് പണം ഈടാക്കുന്ന ലോകത്തിലെ ആദ്യത്തെ പ്രധാന ടൂറിസ്റ്റ് നഗരമായി വെനീസ് മാറിയിരുന്നു. പിന്നാലെ വാരാന്ത്യങ്ങളിലും തിരക്കേറിയ സമയങ്ങളിലും 10 യൂറോയുടെ ഒരു ദിവസത്തെ പ്രവേശന ഫീസ് നിലവില്‍ വന്നിരുന്നു.
Content Highlights: why people protesting against bezos sanchez marriage in venice