കൈയിൽ കാനുലയും നെഞ്ചില്‍ കീമോ പോര്‍ട്ടും;4 വയസുകാരിയെ കൊറിയര്‍ ബോക്സിലിരുത്തി ജോലി ചെയ്യുന്ന അമ്മ

ജീവിതത്തില്‍ പ്രതിസന്ധികള്‍ പല രൂപത്തിലാകും നമ്മുടെ മുന്നിലെത്തുക. എന്നാല്‍, അതിനെയെല്ലാം അതിജീവിച്ച് ജീവിതത്തില്‍ വിജയം കൈവരിക്കുന്നവര്‍ ഒരുപാടുണ്ട്. അത്തരത്തില്‍ ചൈനയില്‍നിന്നുള്ള സൂ എന്ന യുവതി തന്റെ ജീവിതത്തോട് പൊരുതുകയാണ്. അര്‍ബുദബാധിതയായ നാല് വയസുള്ള മകളേയും കൊണ്ട് ഫുഡ് ഡെലിവറി ഏജന്റായി ജോലി ചെയ്യുകയാണ് സൂ.
അന്‍ഹുയി പ്രവിശ്യയില്‍വെച്ച് ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറാണ് ഇവരുടെ വീഡിയോ പകര്‍ത്തിയത്. ട്യൂമറിന് ചികിത്സ തേടുന്ന നാല് വയസുള്ള മകളെ ഒരു കൊറിയര്‍ ബോക്സിലിരുത്തി ഫുഡ് ഡെലിവെറി ചെയ്യുന്ന യുവതിയെ വീഡിയോയില്‍ കാണാം. ഇതിന കം മൂന്ന് ശസ്ത്രക്രിയകളും ഒമ്പത് കീമോതെറാപ്പി സെഷനുകളും 12 റൗണ്ട് റേഡിയോ തെറാപ്പിയും മകള്‍ക്ക് ചെയ്തിട്ടുണ്ട്. ചികിത്സക്കായുള്ള പണം കണ്ടെത്താനാണ് സൂ ജോലി ചെയ്യാന്‍ തുടങ്ങിയത്.
സൂവിന്റെ ഭര്‍ത്താവ് ഗ്വാനും ഡെലിവെറി ഏജന്റാണ്. മുഴുവന്‍ സമയവും ജോലിക്ക് പോകുന്നതിനാല്‍ മകളെ നോക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും വീട്ടില്‍ തനിച്ചാക്കാന്‍ പറ്റില്ലെന്നും സൂ പറയുന്നു. ഇലക്ട്രിക് ബൈക്കില്‍ പൊള്ളുന്ന വെയിലില്‍ വീടുകള്‍ കയറിയിറങ്ങിയുന്ന ജോലി കഠിനമാണ്. ചിലപ്പോള്‍ ഒരു കൈയില്‍ മകളേയും പിടിച്ച് പടിക്കെട്ടുകള്‍ കയറി ഭക്ഷണവിതരണം നടത്തേണ്ടി വരും. എന്നാല്‍, മകളുടെ ചികിത്സയുടെ കാര്യ ആലോചിക്കുമ്പോള്‍ ഇതൊന്നും ബാധിക്കാറില്ലെന്നും സൂ പറയുന്നു.
വീഡിയോയില്‍ പെണ്‍കുട്ടിയുടെ നെഞ്ചില്‍ ഒരു കീമോ പോര്‍ട്ടും കയ്യില്‍ ഘടിപ്പിച്ച കാനുലയും കാണാം. ഡെലിവറികള്‍ക്കിടയില്‍ താന്‍ മകള്‍ക്ക് ഭക്ഷണം നല്‍കാറുണ്ടെന്ന് സൂ പറയുന്നു. 'ലിഫ്റ്റിലെ ബട്ടണുകള്‍ അമര്‍ത്തി അവള് എന്നെ സഹായിക്കാറുണ്ട്.'-സൂ കൂട്ടിച്ചേര്‍ക്കുന്നു,
ജോലിയുടെയും അസുഖമുള്ള മകളെ പരിപാലിക്കുന്നതിന്റെയും സമ്മര്‍ദ്ദം ചിലപ്പോള്‍ താങ്ങാനാകുന്നില്ലെന്നും സൂ പറയുന്നു. 'ഡെലിവറി വൈകുന്നതിനെയും പരാതികള്‍ ലഭിക്കുന്നതിനെയും കുറിച്ച് എനിക്ക് ആശങ്കയുണ്ട്. പക്ഷേ, മകളുടെ പുഞ്ചിരി കാണുമ്പോഴും ഒരു ബട്ടണ്‍ അമര്‍ത്തി എന്നെ സഹായിക്കുകയും ചെയ്യുമ്പോള്‍ ഈ കഷ്ടപ്പാടുകള്‍ക്കെല്ലാം ഫലമുണ്ടെന്ന് തോന്നും.'-സൂ കൂട്ടിച്ചേര്‍ക്കുന്നു.
Content Highlights: why a chinese mother hide sick daughter inside courier box