ക്ഷേത്രപൂജാരി ലൈംഗികാതിക്രമം നടത്തിയെന്ന് വെളിപ്പെടുത്തിയ നടി, ആരാണ് ലിഷാല്ലിനി ?

ലിഷാല്ലിനി കണാരൻ | Photos: instagram
ലിഷാല്ലിനി കണാരൻ | Photos: instagram

അനുഗ്രഹം നല്‍കാനെന്ന വ്യാജേന ഇന്ത്യക്കാരനായ ക്ഷേത്രപൂജാരി ലൈംഗികാതിക്രമം നടത്തിയെന്ന തുറന്നുപറച്ചിലിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന മലേഷ്യന്‍ അഭിനേത്രിയാണ് ഇന്ത്യന്‍ വംശജയായ ലിഷാല്ലിനി കനരന്‍. മലേഷ്യയിലെ സെപാങ്ങിലുള്ള മാരിയമ്മന്‍ ക്ഷേത്രത്തിലെ പൂജാരിക്കെതിരെ താരം ഉന്നയിച്ച ലൈംഗികാരോപണം അക്ഷരാര്‍ഥത്തില്‍ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ തുറന്നുപറച്ചില്‍ നടത്തിയ ലിഷാല്ലിനിക്ക് പിന്തുണയുമായി ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. മലേഷ്യയില്‍ മാത്രം നിറഞ്ഞുനിന്ന ലിഷാല്ലിനി തന്റെ ദുരനുഭവം തുറന്നുപറഞ്ഞതിലൂടെ ലോകത്തിന്റെയാകെ ശ്രദ്ധ നേടിയിരിക്കുകയാണ്. 

മലേഷ്യന്‍ ടെലിവിഷന്‍ അവതാരകയും അഭിനേത്രിയും മോഡലുമായ ലിഷാല്ലിനി, 2021-ലെ മിസ് ഗ്രാന്‍ഡ് മലേഷ്യ ജേതാവാണ്. കോവിഡ്-19 മഹാമാരി പടര്‍ന്നുപിടിച്ച് ലോകം നിശ്ചലമായ ആ വര്‍ഷം വെര്‍ച്വലായി നടത്തിയ മത്സരത്തിലൂടെയാണ് ലിഷാല്ലിനി ജേതാവായത് എന്ന പ്രത്യേകതയുമുണ്ട്. ജൂലായ് മാസത്തില്‍ നടന്ന മത്സരത്തിന്റെ മൂന്ന് എലിമിനേഷന്‍ റൗണ്ടുകളും മറികടന്നാണ് ലിഷാല്ലിനി കിരീടമണിഞ്ഞത്. 

അന്തിമ റൗണ്ടില്‍ 80.2 ശതമാനമായിരുന്നു താരത്തിന്റെ സ്‌കോര്‍. രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലെത്തിയവര്‍ക്ക് യഥാക്രമം 72.2, 71.8, 68.3 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. മിസ് ഗ്രാന്‍ഡ് മലേഷ്യ കിരീടമണിഞ്ഞശേഷം ലിഷാല്ലിനി പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ദാരിദ്ര്യത്തിനെതിരെ പോരാടുകയും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുകയുമാണ് തന്റെ ആഗ്രഹമെന്നാണ് അവര്‍ പറഞ്ഞത്. 

2023-ലെ ജീയും നീയും എന്ന മലേഷ്യന്‍ ടിവി സീരീസില്‍ ലിഷാല്ലിനി അഭിനയിച്ചിട്ടുണ്ട്. തിഗില്‍ എന്ന വെബ് ഷോയിലാണ് താരം അടുത്തിടെ അഭിനയിച്ചത്. തുങ്കു അബ്ദുള്‍ റഹ്‌മാന്‍ സര്‍വകലാശാലയിലെ ആര്‍ക്കിടെക്റ്റ് വിദ്യാര്‍ഥിയായിരുന്നു ലിഷാല്ലിനി കണാരന്‍.  പഠനകാലത്ത് 2020-ല്‍ ലിഷാല്ലിനി മിസ് ഗ്രാന്‍ഡ് സെലന്‍ഗോര്‍ കിരീടം നേടിയിട്ടുണ്ട്. 

ലിഷാല്ലിനിയുടെ വെളിപ്പെടുത്തല്‍

ഒരുമാസം മുമ്പ് നടന്ന സംഭവമാണ് നടി ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. ഇന്ത്യയില്‍ നിന്ന് കൊണ്ടുവന്ന 'ദിവ്യജലം' എന്നു പറഞ്ഞ് ഏതോ ദ്രാവകം തന്റെ ശരീരത്തിലേക്ക് തളിച്ച ശേഷം പൂജാരി മോശമായി തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് ലിഷാല്ലിനിയുടെ വെളിപ്പെടുത്തല്‍.

ജൂണ്‍ 21-നാണ് സംഭവം നടന്നത്. അമ്മ ഇന്ത്യയിലേക്ക് പോയതിനാല്‍ അന്നേദിവസം തനിച്ചാണ് ക്ഷേത്രത്തിലേക്ക് പോയതെന്ന് ലിഷാല്ലിനി പറഞ്ഞു. ക്ഷേത്രദര്‍ശനത്തിനിടെ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ക്ഷേത്രത്തിലെ പൂജാരിയാണ് നിര്‍ദേശങ്ങള്‍ നല്‍കുന്നതെന്നും അതിനാല്‍ത്തന്നെ പൂജാരിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. താന്‍ പ്രാര്‍ഥനയിലായിരുന്ന സമയത്ത് പൂജാരി സമീപത്തെത്തുകയും 'ദിവ്യജലം' തളിക്കുകയും പൂജിച്ച ചരട് നല്‍കുകയും ചെയ്തു. പ്രാര്‍ഥനയ്ക്ക് ശേഷം ചെന്നുകാണാന്‍ പൂജാരി ആവശ്യപ്പെട്ടതായും നടി കൂട്ടിച്ചേര്‍ത്തു.

ക്ഷേത്രദര്‍ശനത്തിനെത്തിയ മറ്റുള്ളവര്‍ പോയ ശേഷം പൂജാരിയുടെ ഓഫീസിലേക്ക് ചെല്ലാനാവശ്യപ്പെടുകയും ചെയ്തു. അവിടെ എത്തിയ ഉടനെ രൂക്ഷഗന്ധമുള്ള ദ്രാവകം തന്റെ ശരീരത്തില്‍ തളിക്കുകയും അത് വീണതോടെ കണ്ണുകള്‍ നീറുകയും ആ അവസരത്തില്‍ തന്റെ മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം അഴിച്ചു മാറ്റാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. അതിനു വിസമ്മതിച്ചതോടെ പൂജാരി ദേഷ്യപ്പെടുകയും ശേഷം പുറകില്‍ വന്ന് മേല്‍വസ്ത്രത്തിനുള്ളിലേക്ക് കൈകടത്തുകയും ശരീരത്തില്‍ ബലമായി പിടിക്കാന്‍ തുടങ്ങുകയും ചെയ്തു. വഴങ്ങിക്കൊടുത്താല്‍ അനുഗ്രഹം ലഭിക്കുമെന്ന് അയാള്‍ പറഞ്ഞതായും നടി കൂട്ടിച്ചേര്‍ത്തു.

ആ സമയത്ത് തനിക്ക് ചലിക്കാനോ ശബ്ദമുയര്‍ത്താനോ സാധിച്ചില്ലെന്നും അതെന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു. ക്ഷേത്രത്തിനുള്ളില്‍വെച്ച് നടന്നതുകൊണ്ടായിരിക്കാം തനിക്ക് പ്രതികരിക്കാനാകാത്തതെന്നും ലിഷാല്ലിനി കൂട്ടിച്ചേര്‍ത്തു.തനിക്കുണ്ടായ ദുരനുഭവത്തിന്റെ ഞെട്ടലില്‍നിന്ന് പുറത്തു കടക്കാന്‍ ദിവസങ്ങളെടുത്തതായും ജൂലായ് നാലിന് പോലീസില്‍ പരാതി നല്‍കിയതായും അവര്‍ പോസ്റ്റില്‍ പറയുന്നു. ആരോ വിവരം പൂജാരിയെ അറിയിച്ചതായും അയാള്‍ നാടുവിട്ടതായും അവര്‍ പറഞ്ഞു.

ക്ഷേത്ര പൂജാരിയുടെ അഭാവത്തില്‍ താത്കാലികമായി പൂജാകര്‍മങ്ങള്‍ നിര്‍വഹിക്കാനായി എത്തിയ പൂജാരിക്കെതിരെയാണ് നടിയുടെ ആരോപണം എന്ന് സെപാങ് പോലീസ് മേധാവി നോര്‍ഹിസാം ബഹാമന്‍ പറഞ്ഞു. നടിയെ മുഖത്തും ശരീരത്തിലും ദിവ്യജലം തളിച്ച ശേഷം അതിക്രമം നടത്തുകയാണ് ആരോപണവിധേയന്‍ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം അന്വേഷണ ഉദ്യോഗസ്ഥനെതിരെയും നടി ആരോപണം ഉന്നയിച്ചു. തനിക്കെതിരെ നടന്ന അതിക്രമത്തെ കുറിച്ച് പരസ്യപ്പെടുത്തരുതെന്ന് ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടതായും അവര്‍ കൂട്ടിച്ചേര്‍ത്തു. പൂജാരിക്ക് വേണ്ടി മലേഷ്യന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു കഴിഞ്ഞതായാണ് വിവരം.

Content Highlights: Who Is Lishalliny Kanaran, Miss Grand Malaysia 2021 Who Has Accused Indian Priest Of Molestation?