വയറ്റിലെ കൊഴുപ്പ് ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കാം; രാവിലെ ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍ പങ്കുവെച്ച് വിദഗ്ധന്‍

#Lifestyle Desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

രീരഭാരവും വയറ്റിലെ കൊഴുപ്പും കുറച്ച് ഫിറ്റ്‌നസ് നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ഇന്നത്തെ തിരക്കുപിടിച്ച ലോകത്ത് ഇത് എങ്ങനെ സാധ്യമാക്കാമെന്നതിനെ കുറിച്ച് പലര്‍ക്കും ശരിയായ ധാരണ ഇല്ല. ഇവിടെയിതാ വയറ്റിലെ കൊഴുപ്പ് എരിച്ചുകളഞ്ഞ് ശരീരഭാരം കുറയ്ക്കാനുള്ള അഞ്ച് കാര്യങ്ങള്‍ പങ്കുവെക്കുകയാണ് ഒരു ഫിറ്റ്‌നെസ് കോച്ച്. രാവിലെ ചെയ്യേണ്ട അഞ്ച് കാര്യങ്ങളാണ് ഡോ. അക്കാന്നി സലാകോ എന്നയാള്‍ പങ്കുവെച്ചത്.

കുടലിന്റെ ആരോഗ്യത്തിനായുള്ള ടിപ്പാണ് ഇദ്ദേഹം ആദ്യം പറയുന്നത്. ഇതിനായി എല്ലാ ദിവസവും രാവിലെ എട്ട് ഔണ്‍സ് (ഏകദേശം കാല്‍ ലിറ്റര്‍) വെള്ളം കുടിക്കണം. ഒപ്പം സിലിയം ഹസ്‌കും ആപ്പിള്‍ സൈഡര്‍ വിനിഗറും വേണം. ഇത് ദഹനപ്രക്രിയയെ സുഗമമാക്കുമെന്നും സലാകോ പറയുന്നു.

പ്രഭാതഭക്ഷണമാണ് അടുത്തത്. ജിഎല്‍പി-1 എന്ന ഹോര്‍മോണിനെ ഉത്തേജിപ്പിക്കുന്ന ഭക്ഷണം വേണം രാവിലെ കഴിക്കാന്‍. ഇതിനായി അദ്ദേഹം നിര്‍ദേശിക്കുന്നത് മുട്ട, അവക്കാഡോ, ബെറികള്‍ എന്നിവയെല്ലാമാണ്. നിങ്ങളുടെ വിശപ്പിനേയും രക്തത്തിലെ പഞ്ചസാരയേയും നിയന്ത്രിക്കുന്ന ഹോര്‍മോണുകളെ ഇത് പിന്തുണയ്ക്കുമെന്നും അദ്ദേഹം പറയുന്നു.

ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കാരണമാകുന്ന ഭക്ഷണം ഒഴിവാക്കണമെന്നാണ് അടുത്ത കാര്യം. നമ്മള്‍ സാധാരണകഴിക്കുന്ന പ്രഭാതഭക്ഷണങ്ങള്‍ പൊതുവേ ഈ വിഭാഗത്തില്‍ പെട്ടതാണെന്ന് സലാകോ പറയുന്നു.

കാപ്പി കുടിക്കുന്നതിനെ കുറിച്ചാണ് അടുത്ത നിര്‍ദേശം. ബെഡ് കോഫിയോടെ ദിവസം തുടങ്ങുന്നവരാണ് ഭൂരിഭാഗം പേരും. രാവിലെ ഉണര്‍ന്ന ഉടന്‍ കാപ്പി കുടിക്കരുതെന്ന് ഇദ്ദേഹം പറയുന്നു. വൈകി കുടിക്കുന്നതാണ് നല്ലത്. വെള്ളമാണ് ആദ്യം കുടിക്കേണ്ടത്. പിന്നെ പ്രോട്ടീന്‍ അകത്താക്കണം. ഇതും കഴിഞ്ഞ് മാത്രം കോഫി കുടിക്കുക. എന്നാല്‍ മാത്രമേ കോര്‍ട്ടിസോള്‍ അളവ് സന്തുലിതമാകൂ.

എത്ര തിരക്കുണ്ടെങ്കിലും കുറഞ്ഞത് 10 മിനുറ്റ് നേരമെങ്കിലും രാവിലെ സൂര്യപ്രകാശമേല്‍ക്കണമെന്നതാണ് സലാകോ പറയുന്ന അഞ്ചാമത്തേയും അവസാനത്തേയും കാര്യം. ശരീരത്തിലെ 'ക്ലോക്കി'ന് ഇത് ഗുണം ചെയ്യുമത്രെ. ഉപാപചയപ്രവര്‍ത്തനങ്ങള്‍ക്കും മനസിനും ഇത് നല്ലതാണ്. ശരീരത്തിലെ ബയോ ക്ലോക്ക് എന്നറിയപ്പെടുന്ന സിര്‍ക്കാഡിയന്‍ റിഥത്തിന്റെ താളം നിലനിര്‍ത്തും. അതുവഴി രാത്രിയില്‍ നല്ല ഉറക്കം ലഭിക്കുമെന്നും സലാകോ പറയുന്നു.

(ശ്രദ്ധിക്കുക: ഭക്ഷണക്രമം ന്യൂട്രീഷ്യനിസ്റ്റിന്റെ ഉപദേശപ്രകാരം മാത്രം മാറ്റുക, ഫിറ്റ്‌നെസിനായി വിദഗ്ധ പരിശീലകരുടെ ഉപദേശം തേടുക)