തനിക്ക് ഇഷ്ടമുള്ള കായികതാരം ആരെന്ന് അറിയുമോയെന്ന് കാര്‍ത്തിക്ക്; 'നിങ്ങളുടെ ഭാര്യ'യെന്ന് കോലി

ദിനേശ് കാര്‍ത്തിക്കും വിരാട് കോലിയും ടീമംഗങ്ങള്‍ക്കൊപ്പം | Photo: twitter/ puma cricket
ദിനേശ് കാര്‍ത്തിക്കും വിരാട് കോലിയും ടീമംഗങ്ങള്‍ക്കൊപ്പം | Photo: twitter/ puma cricket

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരങ്ങളാണ് വിരാട് കോലിയും ദിനേശ് കാര്‍ത്തിക്കും. അടുത്തിടെ ഇരുവരും തമ്മിലുള്ള ഒരു ചോദ്യോത്തര പരിപാടിയുടെ വീഡിയോ ആര്‍സിബി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഓരോ ടീമംഗങ്ങളേയും കുറിച്ച് മറ്റു താരങ്ങള്‍ക്ക് എത്രത്തോളം അറിവുണ്ടെന്ന് മനസിലാക്കുന്നതാണ് ഈ പരിപാടി. ഇത്തവണ ദിനേശ് കാര്‍ത്തിക്കിനെ കുറിച്ച് മറ്റു താരങ്ങള്‍ക്ക് എന്തെല്ലാം അറിയാമെന്നാണ് അന്വേഷിച്ചത്. 

കോലിയെക്കൂടാതെ ഫാഫ് ഡുപ്ലെസിസ്, മുഹമ്മദ് സിറാജ്, രജത് പാട്ടിദാര്‍ എന്നിവരുമുണ്ടായിരുന്നു. ഇതിനിടയില്‍ വിരാട് കോലി നല്‍കിയ രസകരമായ ഒരു ഉത്തരമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ക്രിക്കറ്റ് താരമല്ലാത്ത, തന്‍റെ പ്രിയപ്പെട്ട കായികതാരം ആരാണെന്നായിരുന്നു കാര്‍ത്തിക്കിന്റെ ചോദ്യം. 'നിങ്ങളുടെ ഭാര്യ' എന്നാണ് കോലി ഇതിന് മറുപടി നല്‍കിയത്. 

ഇതുകേട്ട് ആദ്യം ഞെട്ടിപ്പോയ കാര്‍ത്തിക്കിന് പിന്നീട് ചിരി നിര്‍ത്താന്‍ കഴിഞ്ഞില്ല. കോലിയുടെ ഉത്തരത്തോട് യോജിക്കുന്നുവെന്നും എന്നാല്‍ തന്റെ മനസിലുള്ളത് മറ്റൊരു ഉത്തരമാണെന്നും കാര്‍ത്തിക് പറയുന്നുണ്ട്. യഥാര്‍ഥത്തില്‍ കാര്‍ത്തിക്കിന് ഇഷ്ടം ടെന്നീസ് താരം റോജര്‍ ഫെഡറെയായിരുന്നു. ഇതുകൂടാതെ അവധിക്കാലം ചെലവഴിക്കാന്‍ കാര്‍ത്തിക് ഇഷ്ടപ്പെടുന്ന സ്ഥലത്തെ കുറിച്ചും ഹോബിയെ കുറിച്ചും കാര്‍ത്തിക് ചോദിക്കുന്നുണ്ട്. 

ഇന്ത്യയുടെ സ്‌ക്വാഷ് താരമായ ദീപിക പള്ളിക്കലാണ് ദിനേശ് കാര്‍ത്തിക്കിന്റെ ഭാര്യ. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും ദീപിക സ്വര്‍ണം നേടിയിരുന്നു. 


 

Content Highlights: virat kohli catches dinesh karthik off guard with hilarious your wife remark