വധു ബീഡി കുമാരി, വരൻ കാൻസർ കുമാർ, മംഗല്യം ശ്മശാനത്തിൽ; വൈറലായി വിവാഹ ക്ഷണക്കത്ത്

വൈറൽ വിവാഹ ക്ഷണക്കത്ത് | Photo: Instagram / vimal_official_0001
വൈറൽ വിവാഹ ക്ഷണക്കത്ത് | Photo: Instagram / vimal_official_0001

സാമൂഹികമാധ്യമങ്ങളിൽ വൈറലായി ഒരു വിവാഹ ക്ഷണക്കത്ത്. വധുവിന്റെയും വരന്റെയും പേരും അഡ്രസും മാത്രമല്ല വിവാഹ സ്ഥലവും കുറച്ച് വെറൈറ്റിയാണിവിടെ. ബീഡി കുമാരിക്ക് വരൻ കാൻസർ കുമാറാണ്. മം​ഗല്യം നടക്കുന്നത് ശ്മശാനത്തിലും....

വിമൽ യാദവ് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് വിവാഹ ക്ഷണക്കത്ത് പങ്കുവച്ചിരിക്കുന്നത്. ആക്ഷേപഹാസ്യ രീതിയിലൊരുക്കിയിരിക്കുന്നതാണ് കത്ത്. 'അപകടകരമായ കല്യാണം - നിഷ്കളങ്കരായ അതിഥികൾ' എന്ന തലക്കെട്ടിലാണ് കത്ത്. 

ദുഖ് നഗറിൽ 420 യമലോക് ഹൗസിൽ താമസിക്കുന്ന തമ്പാക് ലാൽജിയുടെയും സുൽഫി ദേവിയുടെയും മകൾ നിർഭാഗ്യവതിയായ ബീഡി കുമാരി എന്ന സിഗരറ്റ് ദേവിയാണ് വധു. നഷാ പ്രദേശ് വ്യാസൻപുരിൽ നിന്നുള്ള ഗുട്ഖ ലാൽജിയുടെയും ഭഗൻ ദേവിയുടെയും പുത്രൻ കാൻസർ കുമാർ എന്ന ലൈലാജ് ബാബുവാണ് വരൻ.

ശ്മശാനസ്ഥലത്ത് നടക്കുന്ന വിവാഹത്തിന്റെ സമയം അനിശ്ചിതത്വത്തിലാണ്. സ്വയം നശീകരണത്തിൻ്റെ ഒരു വിവാഹബന്ധമെന്നും കത്തിൽ പറയുന്നു. നിരവധിപേരാണ് പോസ്റ്റിന് കമന്റുമായി എത്തിയത്. അപകടകരമായ കല്യാണം എന്നും പങ്കെടുക്കാൻ ഭയമാണെന്നുമുള്ള കമന്റുകളാൽ സജീവമാണ് കമന്റ് ബോക്സ്. നർമ്മത്തിലൂടെ ലഹരി വസ്തുക്കളോടുള്ള ആസക്തിയുടെ അപകടങ്ങളെക്കുറിച്ച് അവബോധം വളർത്താനുള്ള ഒരു സമർത്ഥമായ ശ്രമമായാണ് ഈ വിവാഹ ക്ഷണം വിലയിരുത്തുന്നത്.
 


 

Content Highlights: humorous viral wedding invitation features a bride named Bidi Kumari and groom Cancer Kumar