'എന്നില്‍ ഈശ്വരന്‍ പ്രവര്‍ത്തിക്കുന്നു'; മകളുടെ പേര് വെളിപ്പെടുത്തി വിജയ് മാധവ്

വിജയ് മാധവും ദേവിക നമ്പ്യാരും കുഞ്ഞിനൊപ്പം|photo:instagram.com/vijay_madhav/
വിജയ് മാധവും ദേവിക നമ്പ്യാരും കുഞ്ഞിനൊപ്പം|photo:instagram.com/vijay_madhav/

ഗായകന്‍ വിജയ് മാധവിനും നടി ദേവിക നമ്പ്യാര്‍ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത് ജനുവരി 30-നാണ്. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് മകന്‍ ആത്മജിന് സഹോദരിയെ കിട്ടിയ വിവരം ഇരുവരും അറിയിച്ചത്. ഇപ്പോഴിതാ മകളുടെ പേരും ആരാധകരോട് വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും. മകന് ആത്മജ എന്നു പേരിട്ടതില്‍ ഇരുവര്‍ക്കും നിരവധി വിമര്‍ശനങ്ങള്‍ വന്നിരുന്നു. പെണ്‍കുട്ടിയുടെ പേരാണോ എന്നൊക്കെയുള്ള തരത്തിലാണ് ആളുകള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്. രണ്ടാമത്തെ കുഞ്ഞിന്റെ പേരിനും പ്രത്യേകതയുണ്ട്.

'കുട്ടി ആണാണോ പെണ്ണാണോ എന്നതിലുപരി കുട്ടിയുടെ പേര് എന്താണ് എന്നായിരുന്നു എന്റെ പെങ്ങള്‍ വരെ എന്നോട് ചോദിച്ചു കൊണ്ടിരുന്നത്. നമ്മള്‍ പുറത്തിറങ്ങിയാല്‍ അപ്പോള്‍ തന്നെ ആളുകള്‍ ചോദിക്കുന്നത് കുഞ്ഞിന്റെ പേരാണ്. ചെക്കപ്പിന് പോകുമ്പോള്‍ പോലും അടുത്ത കുഞ്ഞിന്റെ പേര് ആയിരുന്നു ചോദിച്ചിരുന്നത്. ആത്മജയുടെ പേരില്‍ ഉള്ള കോലാഹലം ആയതുകൊണ്ടാകണം അടുത്ത കുഞ്ഞിന്റെ പേര് ഇത്രയും ആളുകള്‍ തിരക്കിയത്. ഞാന്‍ കഷ്ടപ്പെട്ട് പേര് കണ്ടു പിടിക്കുന്നതോ, അതിനായി പരിശ്രമിക്കുന്നതോ അല്ല. എനിക്ക് ഒരു വിഷന്‍ കിട്ടുന്നതാണെന്നും വിജയ് വീഡിയോയില്‍ പറയുന്നു. 

'ഇതെല്ലാം ദൈവം തോന്നിപ്പിക്കുന്നത് ആണെന്ന് ഞാന്‍ പറയും. ദൈവത്തിന്റെ തീരുമാനം അനുസരിച്ചു ഞാന്‍ പോകുന്നു. അതിലൂടെയാണ് നമ്മുടെ യാത്ര. കുഞ്ഞു ആണാണോ പെണ്ണാണോ എന്ന് ഇപ്പോളാണ് അറിയുന്നത്. അതുകൊണ്ടുതന്നെ എന്റെ മനസ്സില്‍ വന്ന പേര് തന്നെയാണ് ഞാന്‍ പറയുന്നത്. ആണായാലും പെണ്ണ് ആയാലും ഈ പേര് തന്നെ ഇടും എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. ഞാന്‍ അത് ദേവികയോട് പറയുകയും ചെയ്തിരുന്നു. അത് കേട്ടപ്പോള്‍ ഇത് ആത്മജയ്ക്ക് മുകളില്‍ പോകുമല്ലോയെന്നാണ് ദേവിക പറഞ്ഞതെന്നും  വിജയ് പറയുന്നു.

ഒരിക്കലും വിവാഹം കഴിക്കും എന്ന് ആഗ്രഹിച്ച ഒരാള്‍ അല്ല ഞാന്‍. അതുകൊണ്ടുതന്നെ പെങ്ങളുടെ കുട്ടിക്ക് ഇടാനുള്ള പേര് ആണ് ഞാന്‍ കണ്ടെത്തിയത്. അവള്‍ ഒരു സജഷന്‍ ചോദിച്ചിരുന്നു അപ്പോഴാണ് ആത്മജ എന്നപേര് പറയുന്നത് എനിക്ക് അന്നും ഈ പേര് മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. അവള്‍ ആ പേര് ഇട്ടില്ല,. അത് ഞങ്ങളുടെ കുഞ്ഞിന് ഇട്ടു.
ആത്മജ മഹാദേവ് എന്ന പേര് ഞങ്ങളുടെ മനസ്സില്‍ തനിയെ വന്നതാണ്. അത് സംഭവിച്ചത് ഗുരുവായൂര്‍ അമ്പലനടയില്‍ വച്ചാണ്. ചിലര്‍ക്ക് ഇത് മണ്ടത്തരം എന്ന് തോന്നിയേക്കാം. രണ്ടാമത് കുഞ്ഞു വരുന്നതിനു മുന്‍പേ തന്നെ ഈ പേരു ഞങ്ങള്‍ തീരുമാനിച്ചതാണ്, അത് ആത്മജയുടെ പേര് വലിയ പ്രശ്‌നം ആയപ്പോളും ഈ തീരുമാനം തന്നെ ആണ് എടുത്തത്. 

ഓം പരമാത്മാ! എന്നാണ് കുഞ്ഞിന്റെ പേര് കൊടുത്തിരിക്കുന്നത്. ഇത് എല്ലാര്‍ക്കും ഇഷ്ടപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സ്പിരിച്വല്‍ പവറുകള്‍ ഉണ്ടെന്ന്  വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഇത് വളരെ ഡിവൈന്‍ ആയ പേരാണ്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ഇത് പറഞ്ഞിരുന്നു. അപ്പോള്‍ ദേവികക്ക് ഒരു ചെറിയ കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ ദേവികക്ക് ഒരുപാട് അനുഭവങ്ങള്‍ പിന്നീട് ഉണ്ടായി. താജില്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി അന്നേ ദിവസം ഞങ്ങള്‍ പോയി. അന്ന് അവിടെ ആദിത്യവര്‍മ്മ തമ്പുരാന്‍ അവിടെ വന്നിരുന്നു. അവിടെ വച്ച് അദ്ദേഹം സംസാരിച്ചത്, ഓം പര്‍വതത്തെക്കുറിച്ചാണ് അതും ഈ പേരിലേക്ക് ഉറപ്പിക്കാന്‍ നിമിത്തമായി- ഇരുവരും പറയുന്നു.

വീഡിയോയ്ക്ക് താഴെ നിരവധിയാളുകളാണ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.  വിചിത്രമായ ചിന്ത, ഭയങ്കരമായ പേരിടല്‍ , കുട്ടികള്‍ വലുതാകുമ്പോള്‍ പേര് സ്വയം മാറ്റിക്കോളും,
ആണിന് ഇടേണ്ട പേര് പെണ്ണിനും പെണ്ണിന് ഇടേണ്ട പേര് ആണിനും വല്ലാത്ത പേരിടല്‍ തന്നെ എന്നിങ്ങനെയാണ് കമന്റുകള്‍ വന്നിരിക്കുന്നത്.

Content Highlights: Singer Vijay Madhav & Devika Nambyar`s Daughter`s Name