മാസം 10 ലക്ഷം രൂപ, നെയിൽ ആർട്ടിസ്റ്റിൽനിന്ന് സലൂൺ ഉടമയിലേക്ക്; പ്രവാസി യുവതിയുടെ വിജയഗാഥ

നഖങ്ങളിൽ വർണങ്ങളെഴുതി അവയെ സുന്ദരമാക്കുന്നവരാണ് നെയിൽ ആർട്ടിസ്റ്റുകൾ. മുടിയും മുഖവും മാത്രമല്ല, നഖങ്ങളെയും പ്രൊഫഷണലായി പരിപാലിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം ഇന്ന് കൂടിക്കൊണ്ടിരിക്കുകയാണ്. ആ മേഖലയിൽ വിജയം കൊയ്ത ഒരു യുവതിയുടെ കഥയാണ് ഇത്. വിയറ്റ്‌നാമിൽനിന്നുള്ള സംരഭകയായ നുയെങ് ഫുവോൻ ആൻ എന്ന യുവതിയാണ് തന്റെ പാഷൻ പിന്തുടർന്ന് വിജയം കൈവരിച്ചത്. ദുബായിൽ നെയിൽ ആർട്ടിസ്റ്റായ നുയെങ് ഇപ്പോൾ അവിടെ സ്വന്തമായി സലൂൺ നടത്തുകയാണ്.
ആറ് വർഷം മുമ്പാണ് നുയെങ് ദുബായിലെത്തുന്നതെന്ന് ദി നാഷണൽ റിപ്പോർട്ട് ചെയ്യുന്നു. ആദ്യം മാസശമ്പളത്തിന് ജോലി ചെയ്യുന്ന സാധാരണ നെയിൽ ആർട്ടിസ്റ്റായിരുന്നു അവർ. ഫുള്ള എന്നറിയപ്പെടുന്ന നുയെങ് ഇപ്പോൾ ജുമരിയ വില്ലേജ് സർക്കിളിലെ ബ്യൂട്ടി ബൈ ഫുള്ള എന്ന സലൂണിന്റെ ഉടമയാണ്. 12 വർഷം മുമ്പ് വിയറ്റ്‌നാമിൽവെച്ചാണ് നുയെങ് നെയിൽ ആർട്ടിസ്റ്റ് എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. നഖത്തിൽ പൂക്കൾ, മൃഗങ്ങൾ തുടങ്ങിയവയുടെയെല്ലാം 3ഡി ചിത്രങ്ങൾ വരയ്ക്കുന്നതിൽ വിദഗ്ധയായ ശേഷമാണ് അവർ ദുബായിലേക്ക് വിമാനം കയറുന്നത്.
ദുബായിലെത്തിയ ശേഷം അവർ രണ്ട് വർഷത്തെ കരാറിൽ ഒരു സലൂണിൽ ജോലി ചെയ്തു. അന്ന് 3500 ദിർഹമായിരുന്നു മാസശമ്പളം. കരാർ അവസാനിച്ചപ്പോൾ ഫ്രീലാൻസ് ആയി ജോലി ചെയ്യാൻ തുടങ്ങി. അവധിയില്ലാതെയാണ് അവർ ഫ്രീലാൻസറായത്. ആ കാലയളവിൽ മാസം 30,000 ദിർഹം മുതൽ 40,000 ദിർഹം വരെ സമ്പാദിച്ചിട്ടുണ്ട് (ഏകദേശം ഏഴ് മുതൽ 10 ലക്ഷം രൂപ വരെ).
ഇപ്പോൾ ഫ്രീലാൻസ് ജോലിയും അവസാനിപ്പിച്ചാണ് ഫുള്ള സ്വന്തമായി സലൂൺ തുടങ്ങിയത്. സലൂണിൽനിന്ന് സമ്പാദിക്കുന്ന പണം അവിടേക്ക് തന്നെ നിക്ഷേപിക്കുന്ന ഫുള്ള, മൂന്ന് മാസം കഴിഞ്ഞ് മാത്രമേ ശമ്പളമായി ഒരു തുക എടുക്കൂ എന്ന് പറയുന്നു.
വളരെ ചെലവ് ചുരുക്കിയാണ് ഫുള്ള ദുബായിൽ ജീവിക്കുന്നത്. മുമ്പ് മറ്റൊരു യുവതിക്കൊപ്പം സ്റ്റുഡിയോ അപ്പാർട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്. ഇപ്പോൾ സ്വന്തമായി ഒരു സ്റ്റുഡിയോ അപ്പാർട്ട്‌മെന്റുണ്ട്. ഭക്ഷണത്തിനായി ആയിരം ദിർഹവും വാടകയും ഭക്ഷണവുമെല്ലാം കൂടെ 5000 ദിർഹവുമാണ് ഫുള്ളയുടെ മാസച്ചെലവ്. 5000 ദിർഹം വിയറ്റ്‌നാമിലെ നിക്ഷേപത്തിനായി അയക്കുന്നുമുണ്ട്. അവിടെ രണ്ട് വീടുകൾ ഫുള്ള സ്വന്തമാക്കിക്കഴിഞ്ഞു. തന്റെ 50-ാം വയസിൽ വിരമിക്കാനുള്ള തരത്തിൽ 20 വർഷത്തേക്കുള്ള ആസൂത്രണം അവർ ഇതിനകം നടത്തിക്കഴിഞ്ഞു.
Content Highlights: Vietnamese nail artist Nguyen Phuong Anh, known as Fulla, built a massive career in Dubai. Starting with a monthly salary of 3,500 Dirhams, she earned up to 40,000 Dirhams monthly as a freelancer before opening her own salon, 'Beauty by Fulla', in Jumeirah Village Circle.