ഒരു ജീവനക്കാരനെ രക്ഷപ്പെടുത്താൻ എല്ലാ വിമാനങ്ങളിലും ടിക്കറ്റെടുത്ത് ടെക് കമ്പനി; വൈറലായി കുറിപ്പ്

#കരിയര്‍ ഡെസ്‌ക്
1. അക്രമികള്‍ അഗ്നിക്കിരയാക്കിയ ബസ് 2. വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാര്‍ | Photo - AP, AFP
1. അക്രമികള്‍ അഗ്നിക്കിരയാക്കിയ ബസ് 2. വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാര്‍ | Photo - AP, AFP

സംഘർഷ മേഖലയിൽ അപ്രതീക്ഷിതമായി കുടുങ്ങിപ്പോയാൽ എന്തായിരിക്കും സ്ഥിതി. ജീവൻപോലും അപകടത്തിലാകുന്ന ഘട്ടത്തിൽ ആരും പരിഭ്രാന്തരാകും. സാധ്യമായ ഏത് മാർഗത്തിലൂടെയും അവിടെനിന്ന് രക്ഷപ്പെടുന്നതിനെക്കുറിച്ചാകും പിന്നീടുള്ള ചിന്ത. സമാനമായ സാഹചര്യത്തിൽ തന്റെയും ഭാര്യയുടെയും ജീവൻ രക്ഷിക്കാൻ യു.എസ് ടെക് കമ്പനി നടത്തിയ നീക്കത്തെക്കുറിച്ച് ആൻഡ്രൂ ബാർബ എന്ന ജീവനക്കാരൻ പങ്കുവെച്ച കുറിപ്പ് വൈറലാകുകയാണ്.

മെക്‌സിക്കോയിൽ മയക്കുമരുന്ന് കടത്ത് സംഘത്തലവൻ എൽ മെൻചോയുടെ കൊലപാതകത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് ആൻഡ്രൂ ബാർബ മെക്‌സിക്കോയിൽ കുടുങ്ങിയത്. ഇയാളുടെ അനുയായികൾ അക്രമം അഴിച്ചുവിടുകയും ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തതിന് പിന്നാലെ മെക്‌സിക്കോയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ അധികൃതർ നിർത്തിവെച്ചു. ഇതോടെ രാജ്യത്തെ വിമാനത്താവളങ്ങളിൽ കുടുങ്ങിയവർ കടുത്ത ആശങ്കയിലായി. അതിനിടെയാണ് അമേരിക്കൻ ക്ലൗഡ് അപ്ലിക്കേഷൻ കമ്പനിയായ വെർസെലിലെ ജീവനക്കാരനായ ബാർബയും ഭാര്യയും മെക്‌സിക്കോയിലെ വിമാനത്താവളത്തിൽ കുടുങ്ങിയത്.

വെർസെലിലെ സോഫ്റ്റ്വെയർ എഞ്ചിനീയറായിരുന്നു ബാർബ. വിമാനത്താവളത്തിൽ സംഘർഷമുണ്ടായപ്പോൾ താനും ഭാര്യയും ഗ്വാഡലജാരയിൽ ആയിരുന്നുവെന്ന് അദ്ദേഹം പറയുന്നു. പ്രാണരക്ഷാർഥം അവർക്ക് ശുചിമുറിയിൽ ഒളിക്കേണ്ടിവന്നു. ഈ സമയത്ത് ഇന്റർനെറ്റ് ലഭ്യമായിരുന്നില്ല. നിരവധി വിമാനങ്ങൾ റദ്ദാക്കിയതിനാൽ സംഘർഷ മേഖലയിൽനിന്ന് രക്ഷപ്പെടുന്നതിനെക്കുറിച്ച് അവർ കടുത്ത ആശങ്കയിലായി.

ഇതോടെ വെർസെൽ നേതൃത്വം അവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു. കമ്പനി മെക്‌സിക്കോയിൽനിന്ന് യു.എസിലേക്കുള്ള എല്ലാ വിമാനങ്ങളിലും അവർക്കുവേണ്ടി ടിക്കറ്റുകൾ ബുക്ക് ചെയ്തു. ഒരെണ്ണമെങ്കിലും പുറപ്പെടുകയാണെങ്കിൽ അതിൽ കയറി അവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞേക്കും എന്നാണ് കമ്പനി വിലയിരുത്തിയത്. ആ നീക്കം ഫലംകണ്ടു. മെക്‌സിക്കോയിൽനിന്ന് പുറപ്പെട്ട വിമാനങ്ങളിൽ ഒന്നിൽ ബാർബയും ഭാര്യയും ടെക്‌സാസിലെ ഡാലസിൽ എത്തിച്ചേർന്നു.

'10 മണിക്കൂർ മുമ്പ് ഞാൻ മെക്‌സിക്കോയിലായിരുന്നു. വിമാനത്താവളത്തിലേക്ക് പോകുമ്പോൾതന്നെ കടുത്ത ആശങ്കയുണ്ടായി. സംഘർഷത്തെ തുടർന്ന് ശുചിമുറിയിൽ ഒളിക്കേണ്ടി വന്നു. എന്നാൽ വെർസെൽ നേതൃത്വം ഞാനും ഭാര്യയും സുരക്ഷിതരാകുന്നത് വരെ വിശ്രമിച്ചില്ല.' - ബാർബ എക്‌സ് പോസ്റ്റിൽ കുറിച്ചു. ' ഞങ്ങൾക്ക് ഇന്റർനെറ്റ് ലഭ്യമായിരുന്നില്ല. അതിനാൽ കമ്പനി നേതൃത്വം ഞങ്ങൾക്കായി യു.എസിലേക്ക് പോകുന്ന എല്ലാ വിമാനങ്ങളും ടിക്കറ്റ് ബുക്ക് ചെയ്തു. ഒരെണ്ണമെങ്കിലും പുറപ്പെടുമെന്ന് പ്രതീക്ഷിച്ചായിരുന്നു ഇത്. ഒടുവിൽ ഒരു വിമാനം പുറപ്പെട്ടു. സുരക്ഷിതരായി ഞങ്ങൾ ഡാലസിൽ എത്തി.' - അദ്ദേഹം പറഞ്ഞു.

മൂന്ന് വർഷമായി വെർസെലിൽ ജോലി ചെയ്യുന്ന ജീവനക്കാരൻ സാൻ ഫ്രാൻസിസ്‌കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയോട് ഇതിനെല്ലാം നന്ദി പറഞ്ഞു. 'യു.എസ് വിമാനത്തിൽ ടിക്കറ്റെടുക്കുക എന്നത് പ്ലാൻ എ ആയിരുന്നു. അത് ഫലംകണ്ടില്ലെങ്കിൽ പ്ലാൻ ബി, പ്ലാൻ സി എന്നിവ നടപ്പാക്കാൻ കമ്പനി തയ്യാറായിരുന്നു. ഞങ്ങൾ നന്ദിയുള്ളവരാണ്.' - അദ്ദേഹം എഴുതി.

സംഘർഷത്തെ തുടർന്ന് നിരവധി മെക്‌സിക്കൻ സംസ്ഥാനങ്ങളിൽ സ്‌കൂളുകൾ അടച്ചിട്ടുണ്ട്. പൗരന്മാർ വീടിനുള്ളിൽതന്നെ കഴിയാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്. എൽ മെൻചോ' എന്നറിയപ്പെടുന്ന നെമെസിയോ റൂബൻ ഒസെഗുറ സെർവാന്റസ് മെക്‌സിക്കോയിൽ അതിവേഗം വളർന്നുവരുന്ന ക്രിമിനൽ സംഘത്തിന്റെ നേതാവായിരുന്നു. ഫെന്റാനിൽ, മെത്താംഫെറ്റാമിൻ, കൊക്കെയ്ൻ എന്നിവ അമേരിക്കയിലേക്ക് കടത്തുന്നതിലും ഇവ തടയാൻ ശ്രമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ആക്രമണങ്ങൾ നടത്തുന്നതിലും കുപ്രസിദ്ധനായിരുന്നു. അയാളെ പിടികൂടാൻ മെക്‌സിക്കൻ സൈന്യം ശ്രമിക്കുന്നതിനിടെ ഉണ്ടായ വെടിവെപ്പിലാണ് അയാൾ കൊല്ലപ്പെട്ടത്. ഇതോടെ അയാളുടെ അനുയായികൾ രാജ്യത്തുടനീളം അക്രമങ്ങൾ നടത്തി. റോഡുകൾ തടയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തിരുന്നു.

Content Highlights: Discover how Vercel went above and beyond to rescue an employee stranded in Mexico amidst cartel violence following El Mencho`s death. Hear the employee`s story.