നടി ഊര്‍മിള മതോണ്ഡ്കറും ഭര്‍ത്താവ് മൊഹ്‌സിന്‍ അഖ്തര്‍ മിറും വിവാഹമോചനത്തിലേക്ക്?

Photo : Instagram /  Urmila Matondkar
Photo : Instagram / Urmila Matondkar

'രംഗീല ഗേള്‍' ഊര്‍മിള മതോണ്ഡ്കറും ഭര്‍ത്താവ് മൊഹ്‌സിന്‍ അഖ്തര്‍ മിറും വിവാഹമോചിതരാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിവാഹമോചനമാവശ്യപ്പെട്ട് ഊര്‍മിള മതോണ്ഡ്കര്‍ മുംബൈയിലെ കോടതിയില്‍  ഹര്‍ജി സമര്‍പ്പിച്ചതായാണ് സൂചന. എട്ട് വര്‍ഷം നീണ്ട ദാമ്പത്യമാണ് ഇരുവരും അവസാനിപ്പിക്കാനൊരുങ്ങുന്നത്. വിവാഹമോചനത്തിനുള്ള കാരണം വ്യക്തമല്ല. 

2016 ഫെബ്രുവരി നാലിനാണ് ഊര്‍മിളയും മൊഹ്‌സിനും വിവാഹിതരായത്. വ്യത്യസ്ത മതത്തില്‍പ്പെട്ടവരെന്നതുമാത്രമല്ല ഇരുവരും തമ്മിലുള്ള പത്തുവയസ്സിന്റെ പ്രായവ്യത്യാസവും ഇവരുടെ വിവാഹത്തില്‍ ചര്‍ച്ചയായിരുന്നു. 

കശ്മീര്‍ സ്വദേശിയായ മൊഹ്‌സിന്‍ സിനിമാമോഹങ്ങളുമായി തന്റെ ഇരുപത്തിയൊന്നാം വയസ്സിലാണ് മുംബൈയിലെത്തിയത്. എ മാന്‍സ് വേള്‍ഡ്, ലക്ക് ബൈ ചാന്‍സ്, മുംബൈ മസ്ത് കലന്ദര്‍, ബി.എ. പാസ്സ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പതിയെ സിനിമാമേഖല വിട്ട് മൊഹ്‌സിന്‍ ബിസിനസ്സിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രമുഖ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും ആരംഭിച്ചു. 

തങ്ങളുടെ ദാമ്പത്യജീവിതത്തിലെ ആനന്ദമുഹൂര്‍ത്തങ്ങള്‍ ഇരുവരും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. വിവാഹമോചനം സംബന്ധിക്കുന്നതൊന്നും ഇതുവരെ ഇരുവരും പൊതുവിടത്തില്‍ പങ്കുവെച്ചിട്ടില്ല. കുറച്ചുകാലമായി ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നാണ് സൂചന. പ്രശ്‌നപരിഹാരത്തിന് ഊര്‍മിളയും മൊഹ്‌സിനും ശ്രമിച്ചിരുന്നതായും സൂചനയുണ്ട്. 

രംഗീല, സത്യ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ നടിയാണ് ഊര്‍മിള. സിനിമയിലെ തിരക്കുകള്‍ കുറഞ്ഞതോടെ രാഷ്ട്രീയജീവിതത്തിലേക്ക് പ്രവേശിച്ച ഊര്‍മിള ആദ്യം കോണ്‍ഗ്രസ് പാര്‍ട്ടിയിലും പിന്നീട് ശിവസേനയിലും അംഗമായി. ഊര്‍മിളയുടെ ജീവിതം ഏറെക്കുറേ പരസ്യമാണെങ്കിലും മൊഹ്‌സിനെ കുറിച്ച് പരിമിതമായ വിവരം മാത്രമാണ് ലഭ്യമായിട്ടുള്ളത്. 


 

Content Highlights: Urmila Matondkar files for divorce from husband Mohsin Akhtar Mir