ഇന്ത്യയുടെ യുട്യൂബ് വില്ലേജ്; നാൽപ്പതോളം ചാനലുകൾ, ഗ്രാമവാസികൾ കണ്ടന്റ് ക്രിയേറ്റർമാർ, മികച്ച വരുമാനം

പ്രതീകാത്മക ചിത്രം | ഫോട്ടോ: Meta AI
പ്രതീകാത്മക ചിത്രം | ഫോട്ടോ: Meta AI

ഇന്ത്യയുടെ യുട്യൂബ് വില്ലേജ് എന്ന് അറിയപ്പെടുന്നൊരു ഗ്രാമമുണ്ട് അങ്ങ് ഛത്തീസ്ഗഢില്‍. തലസ്ഥാനമായ റായ്പുരില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന തുളസി എന്ന ഗ്രാമത്തിനാണ് ഇങ്ങനൊരു വിശേഷണമുള്ളത്. ഈ ഗ്രാമത്തിലെ നാലായിരത്തോളം താമസക്കാരില്‍ ആയിരത്തില്‍ അധികംപേരും യു ട്യൂബ് കണ്ടന്റ് ക്രിയേഷനുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് തുളസിക്ക് ഇത്തരത്തിലൊരു വിശേഷണം ലഭിച്ചത്. 

ഒന്‍പതു കൊല്ലം മുന്‍പ് 2016-ലാണ് കഥയുടെ ആരംഭം. തുളസിയിലെ താമസക്കാരായ ജയ്, ഗ്യാനേന്ദ്ര ശുക്ല എന്നിവര്‍ ചേര്‍ന്ന് ഒരു യു ട്യൂബ് ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചു. ജയ് അധ്യാപകനായിരുന്നു. ഗ്യാനേന്ദ്ര മുന്‍ നെറ്റ്‌വര്‍ക്ക് എന്‍ജിനീയറും. വീഡിയോ എഡിറ്റിങ്ങിലോ ഡിജിറ്റല്‍ പ്രൊഡക്ഷനിലോ മുന്‍പരിചയം ഒന്നുമുണ്ടായിരുന്നില്ല ഇരുവര്‍ക്കും. എന്നാലും അവര്‍ തുനിഞ്ഞിറങ്ങി.

പലപ്പോഴും പകര്‍പ്പവകാശ ലംഘനം ആരോപിച്ചും മറ്റും ഇവരുടെ വീഡിയോകള്‍ യു ട്യൂബില്‍നിന്ന് നീക്കം ചെയ്യപ്പെട്ടു. സാങ്കേതികവശങ്ങളെ കുറിച്ചുണ്ടായിരുന്ന അജ്ഞതയും പ്രതിബന്ധം സൃഷ്ടിച്ചു. എന്നിരുന്നാലും രണ്ടുകൊല്ലത്തിനിപ്പുറം അവരുടെ പരിശ്രമങ്ങള്‍ ഫലം കാണുകയും 'ബീയിങ് ഛത്തീസ്ഗഢിയ' എന്നൊരു ചാനല്‍ യു ട്യൂബില്‍ ഉദയം കൊള്ളുകയും ചെയ്തു. ക്രമേണ ചാനലിന് സബ്‌സ്‌ക്രൈബര്‍മാര്‍ കൂടി. ജയ്ക്കും ഗ്യാനേന്ദ്രയ്ക്കും വരുമാനവും ലഭിച്ചുതുടങ്ങി. ഇത് മറ്റ് ഗ്രാമവാസികളെയും ഈ മേഖലയിലേക്ക് ആകര്‍ഷിച്ചു. ഇതോടെ ഡിജിറ്റല്‍ ക്രിയേറ്റേഴ്‌സിന്റെ കേന്ദ്രമായി തുളസി എന്ന ഗ്രാമം മാറി. 

കുടുംബത്തോടൊപ്പം കാണാന്‍ കഴിയുന്ന ഫാമിലി ഫ്രണ്ട്‌ലി വീഡിയോകളാണ് തുളസിയില്‍നിന്ന് സൃഷ്ടിക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കെല്ലാം നിലപാട് ഒന്നാണ്. ഗ്രാമത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ വീഡിയോകളായി ലോകത്തിന് മുന്നിലേക്ക് എത്തുന്നു. പരസ്പരം സഹായിച്ചാണ് ഇവിടെനിന്ന് വീഡിയോകള്‍ ചിത്രീകരിക്കപ്പെടുന്നത്. ആശയത്തിനായി ചര്‍ച്ചകള്‍, പിന്നാലെ തിരക്കഥയെഴുത്ത്, അഭിനയം, കാമറ ജോലികള്‍ അങ്ങനെ എല്ലാത്തിലും അവര്‍ അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കും. തിരക്കഥ തയ്യാറാകുന്നതോടെ ഓരോ വേഷത്തിനും അനുയോജ്യരായവരെ കണ്ടെത്തും. 

നിലവില്‍ നാല്‍പ്പതോളം സജീവ യു ട്യൂബ് ചാനലുകളുണ്ട് തുളസിയില്‍. ഇതില്‍ പലതും യു ട്യൂബ് പരസ്യവരുമാനത്തിലൂടെ 20,000-40,000 രൂപ സമ്പാദിക്കുന്നുണ്ട്. ചെറിയ തോതിലുള്ള പരസ്യങ്ങള്‍, കൊളാബറേഷനുകള്‍ അങ്ങനെ വളര്‍ന്നുകൊണ്ടിരിക്കുകയാണ് തുളസിയിലെ ചാനലുകള്‍. 

തുളസിയുടെ ഡിജിറ്റല്‍ യാത്രയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും പിന്തുണ ഉറപ്പാക്കിയും റായ്പുര്‍ ജില്ലാ ഭരണകൂടവും രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി ഛത്തീസ്ഗഢിലെ ആദ്യ ഹൈടെക് സ്റ്റുഡിയോ ഹമ്മര്‍ ഫ്‌ലിക്‌സ് സജ്ജമായിട്ടുണ്ട്. ഡ്രോണ്‍ കാമറകള്‍, ജിംബലുകള്‍ ഒക്കെ ഇവിടെ സജ്ജമാണ്. പുതുതായി കണ്ടന്റ് ക്രിയേഷനിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രൊഫഷണല്‍ പരിശീലനം നല്‍കാന്‍ പരിശീലന കേന്ദ്രം ആരംഭിക്കാനും പദ്ധതിയുണ്ട്.

Content Highlights: tulsi indias youtube village