ആഴ്ചകള്‍നീണ്ട പരിശീലനം, കഠിനമായ വ്യായാമം; വിമാനത്തില്‍ തൂങ്ങി ടോം ക്രൂസിന്റെ സംഘട്ടനരംഗം പുനഃരാവിഷ്‌കരിച്ച് യുട്യൂബര്‍

ടോം ക്രൂസിന്റെ സംഘട്ടനരംഗം പുനഃരാവഷ്‌കരിക്കുന്ന മിഷേല്‍ ഖേര്‍.|Photo: Screengrab/Youtube
ടോം ക്രൂസിന്റെ സംഘട്ടനരംഗം പുനഃരാവഷ്‌കരിക്കുന്ന മിഷേല്‍ ഖേര്‍.|Photo: Screengrab/Youtube

അപകടം നിറഞ്ഞ സംഘട്ടന രംഗങ്ങള്‍ സ്വന്തമായി ചെയ്ത് ആരാധകരെ അത്ഭുതപ്പെടുത്തുന്ന ഹോളിവുഡ് താരമാണ് ടോം ക്രൂസ്. അദ്ദേഹം ചെയ്ത പല രംഗങ്ങളും ആരാധകരെ അമ്പരപ്പിക്കാറുങ്കിലും അതേ രംഗങ്ങള്‍ അനുകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ വളരെ ചുരുക്കമായിരിക്കും. താരത്തിന്റെ ഏറെ ശ്രദ്ധായകര്‍ഷിച്ച മിഷന്‍ ഇംപോസിബിള്‍; റൂഗ് നേഷന്‍ എന്ന സിനിമയിലെ ഏറ്റവും പ്രയാസമുള്ള ഒരു രംഗം പുനഃരാവിഷ്‌കരിച്ചിരിക്കുകയാണ് മിഷേല്‍ ഖേര്‍.

അമേരിക്കക്കാരിയായ മിഷേല്‍ ഇതിനുമുന്‍പും വിവിധതരത്തിലുള്ള സംഘട്ടനരംഗങ്ങള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിട്ടുണ്ട്. 2015-ല്‍ ഇറങ്ങിയ സിനിമയില്‍ പറന്നുയരുന്ന C-130 എന്ന യുദ്ധവിമാനത്തിന് മുകളില്‍ ടോം ക്രൂസ് തൂങ്ങി നില്‍ക്കുന്ന രംഗമാണ് മിഷേല്‍ വീണ്ടും ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള പരിശീലനങ്ങളുടെ വീഡിയോ യൂട്യൂബില്‍ പങ്കുവെച്ചു.

മണിക്കൂറില്‍ 241 കിലോമീറ്റര്‍ വേഗത്തില്‍ പറക്കുന്ന C-130 വിമാനത്തില്‍ തൂങ്ങിക്കിടക്കുന്നതിന്റെ വീഡിയോ ആണ് മിഷേല്‍ യൂട്യൂബില്‍ പങ്കുവെച്ചത്. സുരക്ഷക്കായി സേഫ്റ്റി ഗിയര്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഈ രംഗം ചിത്രീകരിക്കുന്നതിലുള്ള അപകടത്തിന്റെ വ്യാപ്തി വീഡിയോയില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ സിനിമയ്ക്ക് വേണ്ടി ടോം ക്രൂസ് ഈ രംഗം ചിത്രീകരിക്കുമ്പോള്‍ സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ചത്‌ കാണാന്‍ സാധിക്കില്ല.

തയ്യാറെടുപ്പിന്റെ ഭാഗമായി മിഷേല്‍ ആഴ്ചകളോളം പരീശീലനം നടത്തിയിരുന്നു. കാറ്റിന്റെ വേഗതയുമായി പൊരുത്തപ്പെടാന്‍ വേണ്ടി വിന്‍ഡ് ടണലുകളില്‍ നിന്ന് പരിശീലിക്കുകയും കഴുത്തും ശരീരവും ശക്തിപ്പെടുത്താന്‍ ആവശ്യമായ വ്യായാമങ്ങള്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിനായി പ്രൊഫഷണല്‍ സ്റ്റണ്ട് കോച്ചുകളില്‍ നിന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. സിനിമയില്‍ കാണുന്ന പല സംഘട്ടന രംഗങ്ങളും ചിത്രീകരിക്കാന്‍ വലിയ തയ്യാറെടുപ്പുകളും അച്ചടക്കവും ആവശ്യമാണ് എന്ന് പ്രേക്ഷകരെ മനസ്സിലാക്കുകയായിരുന്നു മിഷേലിന്റെ ലക്ഷ്യം.

ടോം ക്രൂസിന്റെ കൂടെ ഒരു സ്റ്റണ്ട് ചെയ്യണമെങ്കില്‍ അദ്ദേഹത്തിന്റെ ഏറ്റവും പ്രയാസമേറിയ ഒരു സ്റ്റണ്ട് ചെയ്ത് അദ്ദേഹത്തിന് കാണിച്ച് കൊടുക്കണം. അങ്ങനെ തന്റെ കഴിവിനെ തെളിയിച്ചാല്‍ മാത്രമേ ക്രൂസിനെ തന്റെ കൂടെ അഭിനയിക്കാന്‍ വേണ്ടി പ്രേരിപ്പിക്കാന്‍ കഴിയൂ എന്നും മിഷേല്‍ വീഡിയോയില്‍ പറയുന്നു. വിവിധ തരത്തിലുള്ള വെല്ലുവിളികളെ നേരിടുന്ന ‘ചാലഞ്ച് ആക്‌സപ്റ്റഡ്’ എന്ന യൂട്യൂബ് പരമ്പരയിലൂടെയാണ് മിഷേല്‍ അറിയപ്പെടുന്നത്. പല തരത്തിലുള്ള കഠിനമായ വ്യായാമങ്ങളുടേയും അനുഭവങ്ങളുടേയും വീഡിയോ മിഷേല്‍ ഇതിലൂടെ പങ്കുവെക്കാറുണ്ട്.

Content Highlights: Watch as Michelle Kher recreates Tom Cruise`s daring C-13 plane stunt from Mission: Impossible. Learn about the rigorous training involved in performing such dangerous stunts safely.