സംരംഭകസാധ്യതകള് തുറന്ന് തുണിമാലിന്യം; 90 ശതമാനം പുനരുപയോഗിക്കാം

പഴന്തുണി 90 ശതമാനത്തോളവും പുനരുപയോഗിക്കാമെന്നിരിക്കെ പ്രയോജനപ്പെടുത്തുന്നത് 20-30 ശതമാനം മാത്രം. ശരാശരി ആറ്- ഏഴ് മില്യണ് ടണ്ണിലേറെ ടെക്സ്റ്റൈല് മാലിന്യം ഇന്ത്യയില് ഒരു വര്ഷമുണ്ടാകുന്നുണ്ടെന്നാണ് കണക്ക്. ഇതില് 61 ശതമാനത്തിലേറെ കോട്ടണും 19 ശതമാനം പോളിസ്റ്ററുമാണ്. ആഗോളതലത്തില് 92 മില്യണ് ടണ്ണാണ് പ്രതിവര്ഷമുണ്ടാകുന്ന തുണിമാലിന്യമെന്ന് 'ഫാഷന് ഫോര് ഗുഡ്സ്' ഓര്ഗനൈസേഷന്റെ കണക്കുകള് വ്യക്തമാക്കുന്നുണ്ട്.
തുണി മാലിന്യത്തിന്റെ 70 ശതമാനത്തിലേറെയും കുഴിച്ചിടുകയോ കത്തിക്കുകയോ ചെയ്യുകയാണ്. മാലിന്യത്തോത് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടൊപ്പം പുതിയ സംരംഭക സാധ്യതകള് ഈ മേഖലയില് വന്നുതുടങ്ങിയിട്ടുണ്ട്. അതിവേഗം മാറുന്ന ഫാഷനാണ് തുണി മാലിന്യമായി മാറാനുള്ള പ്രധാനകാരണം. തയ്യല് കേന്ദ്രങ്ങളില് നിന്നുള്ള തുണിക്കഷ്ണങ്ങളും മാലിന്യമാകുന്നു. ഒരു ഷര്ട്ടോ കുര്ത്തയോ തയ്ക്കുമ്പോള് ഏതാണ്ട് 25-100 ഗ്രാം തുണി മാലിന്യമായി മാറും. എന്നാലിപ്പോള് അതിന്റെ സാധ്യതകള് കണ്ടെത്തി പരിസ്ഥിതി സൗഹൃദ ഉല്പന്നങ്ങളാക്കി മാറ്റുകയാണ് സംരംഭകര്.
പഴന്തുണിക്ക് 'ലൈഫു'ണ്ട്, വിലയും
പഴയ സാരി തയ്ച്ച് ചുരിദാറും പാവാടയും ബ്ലൗസുമെല്ലാമാക്കി മാറ്റുന്നവരുണ്ടെങ്കിലും അതിനപ്പുറം ഇത്തരം തുണിത്തരങ്ങളുടെ സാധ്യത കണ്ടെത്തിയവര് ചുരുക്കമാണ്. ബ്ലൂ മേഡ് ഗ്രീനും ഭൂമിയുമെല്ലാം പങ്കുവെക്കുന്നത് ഇത്തരം ആശയമാണ്. കോഴിക്കോട്ടെ ഗ്രീന് വേംസ് ഏതാനും മാസം കൊണ്ട് കോഴിക്കോട്- കൊച്ചി എന്നിവിടങ്ങളില് നിന്ന് ശേഖരിച്ചത് 100 ടണ്ണിലേറെ പഴന്തുണിയാണെന്ന് ടെക്സ്റ്റൈല് വേസ്റ്റ്മാനേജ്മെന്റ് വിഭാഗത്തിലെ ഗോപികാ സന്തോഷ് പറഞ്ഞു.
കാഞ്ഞങ്ങാട്ടെ ബ്ലൂ മേഡ് ഗ്രീന് രണ്ട് മാസം കൂടുമ്പോള് 15 കിലോ ടെയ്ലറിങ് വേസ്റ്റ് ശേഖരിക്കും. കോട്ടണ്, പോളിസ്റ്റര്, സിന്തറ്റിക് തുണി എന്നിവയെല്ലാം വെവ്വേറെ തരംതിരിക്കും. തുണിക്കഷ്ണങ്ങളുടെ വലുപ്പത്തിനനുസരിച്ച് അത് പലതരം ഉല്പന്നങ്ങളായി മാറും. ബാഗുകള്, പൗച്ചുകള് എന്നിവയുണ്ടാക്കിയ ശേഷം ബാക്കി വരുന്ന തുണി വെച്ച് ഹെയര്ബാന്ഡ്, ക്ലിപ്പുകള്, മുടിക്കിടുന്ന സ്ക്രഞ്ചീസ് എന്നിവയെല്ലാം നിര്മിക്കും. ചെറിയ കഷ്ണം തുണി തോരണങ്ങള്, കുഞ്ഞുപാവ, ചുമരില് തൂക്കുന്ന അലങ്കാരം എന്നിവയെല്ലാമായി മാറും.
പഴയ ജീന്സും കുപ്പായവുമൊക്കെ റീഡിസൈന് ചെയ്ത് പുത്തന് വസ്ത്രങ്ങളും സഞ്ചിയുമെല്ലാമാക്കുമെന്ന് ബ്ലൂ മെയ്ഡ് ഗ്രീനിനെ നയിക്കുന്ന രത്നപ്രഭ പറഞ്ഞു. കല്യാണത്തിന്റെയും മറ്റും ഭാഗമായുള്ള ആഘോഷങ്ങള്ക്ക് ഇത്തരം തുണി ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.
ഡോ. നിര്മല പത്മനാഭനും ഇസബെല്ല തോമസും ഉഷാ രമേഷും ശുഭ മാത്യുവുമാണ് 'ഭൂമി'യെ നയിക്കുന്നത്. കൊച്ചിയില് നിന്നുള്ള തയ്യല്യൂണിറ്റിലെ മാലിന്യമാണ് ശേഖരിക്കുന്നത്. ഒരു കളിപ്പാട്ടത്തിന് ശരാശരി 300 ഗ്രാം തുണിക്കഷ്ണമുപയോഗിക്കും. ലാപ്ടോപ് ബാഗുകളും അങ്കണവാടിയിലേക്കുള്ള കുട്ടിമെത്തകളും ഉണ്ടാക്കുന്നുണ്ട്. പലതരം നിറങ്ങളും അക്കങ്ങളുമെല്ലാം ഉള്ള മെത്ത പഠനോപകരണം കൂടിയാണ്. ആവശ്യത്തിന് മാത്രം തുണിത്തരങ്ങള് വാങ്ങുകയും അവ കൃത്യമായി ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ മാലിന്യം കുറയ്ക്കാനാകുമെന്ന് ഇസബെല്ല പറഞ്ഞു.
Content Highlights: textile recycling creates new clothes from old clothes