കോണ്ടം നിർമാണ കേന്ദ്രമുണ്ട്, പലരും പറയാൻ മടിക്കുന്ന മേഖലയിലാണ് പ്രവർത്തിക്കുന്നത് -തന്യ മിത്തൽ

തന്റെ ബിസിനസ്സ് സംരംഭങ്ങളെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടി നൽകി പോഡ്കാസ്റ്ററും സംരംഭകയുമായ തന്യ മിത്തൽ. ഗ്വാളിയോറിലെ തന്റെ കോണ്ടം നിർമാണ ശാലയിൽ സന്ദർശനം നടത്തിക്കൊണ്ട്, അത്യാധുനിക യന്ത്രസാമഗ്രികളും തൊഴിൽ സാഹചര്യങ്ങളും അവർ പൊതുജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ തന്യയുടെ പേരിൽ ഫാർമസ്യൂട്ടിക്കൽ, സോളാർ കമ്പനികൾ തുടങ്ങിയ ബിസിനസകളുണ്ടെന്ന് വ്യാജ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് അവർ നൽകിയത്.
കോണ്ടം നിർമാണം പോലുള്ള പലരും സംസാരിക്കാൻ മടിക്കുന്ന ഒരു മേഖലയിലാണ് താൻ പ്രവർത്തിക്കുന്നതെന്ന് തന്യ വ്യക്തമാക്കി. തന്റെ ഫാക്ടറിയിൽ ഉപയോഗിക്കുന്നത് ഇറക്കുമതി ചെയ്ത അത്യാധുനിക യന്ത്രങ്ങളാണെന്നും ഗുണനിലവാരം ഉറപ്പാക്കാൻ ഫാക്ടറിയിൽ തന്നെ പ്രത്യേക ലബോറട്ടറി സൗകര്യം ഉണ്ടെന്നും അവർ പറയുന്നു. നിരവധി പേർക്ക് തൊഴിൽ നൽകുന്ന ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് തന്യ വിശദീകരിച്ചു. ഫാക്ടറി ജീവനക്കാർ തന്യയ്ക്ക് ഒന്നിലധികം ഫാക്ടറികളുണ്ടെന്ന് സ്ഥിരീകരിച്ചു. അവരുടെ ബിസിനസ്സ് സംരംഭങ്ങളെ ചോദ്യം ചെയ്യുന്ന ഊഹാപോഹങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അവർ പറഞ്ഞു.
തന്നെ വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ആരാധകർക്ക് വേണ്ടിയാണ് താൻ ഈ വീഡിയോകൾ പങ്കുവെക്കുന്നതെന്ന് തന്യ പറഞ്ഞു. "എന്നെ പിന്തുണയ്ക്കുന്നവർ എനിക്ക് വേണ്ടി പോരാടുകയും നിലകൊള്ളുകയും ചെയ്തു. ഒന്നും ചോദ്യം ചെയ്യാതെ അവർ എന്നെ വിശ്വസിച്ചു. അതുകൊണ്ട്, അവരും പരിഹസിക്കപ്പെട്ടു. ഞാൻ എല്ലാ സമയത്തും ആക്രമിക്കപ്പെട്ടു."- അവർ വ്യക്തമാക്കി. തന്റെ ആരാധകർക്ക് മുന്നിൽ സത്യം തെളിയിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും 30-കാരിയായ തന്യ വ്യക്തമാക്കി.
ബിഗ് ബോസ് ഷോയുടെ ഭാഗമായിരുന്നപ്പോൾ നേരിട്ട കയ്പ്പേറിയ അനുഭവങ്ങളെക്കുറിച്ചും തന്യ തുറന്നുപറഞ്ഞു. ഷോയിലെ മറ്റ് മത്സരാർത്ഥികളിൽ നിന്നും അവതാരകനായ സൽമാൻ ഖാനിൽ നിന്നും തനിക്ക് വലിയ തോതിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നതായി അവർ ഓർമിച്ചു. സൽമാൻ ഖാൻ വാരാന്ത്യങ്ങളിൽ തന്നെ പരിഹസിക്കാറുണ്ടായിരുന്നുവെന്നും ഷോയിലെ മറ്റ് അംഗങ്ങൾ തന്നെ വേട്ടയാടുകയായിരുന്നുവെന്നും അവർ ആരോപിച്ചു.
തന്റെ ആഡംബരപൂർണമായ ജീവിതശൈലിയും തന്യ ഇതിനോടകം വീഡിയോയിലൂടെ പുറത്തുവിട്ടിരുന്നു. ബിഗ് ബോസ് 18 സീസണിൽ റണ്ണറപ്പായി മാറിയ തന്യ, ഇപ്പോൾ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.
Content Highlights: Bigg Boss 18 contestant Tanya Mittal gives a tour of her Gwalior factories, including a condom manufacturing unit, addressing business scrutiny and Salman Khan`s criticism. See inside her ventures!