'അമ്മ കരഞ്ഞപ്പോഴും ഞാന്‍ പിടിച്ചുനിന്നു'; 30000 കോടിയുടെ സ്വത്ത് തര്‍ക്കത്തിനിടെ സഞ്ജയ്യുടെ സഹോദരി

രണ്ട് മാസം മുമ്പാണ് വ്യവസായിയും ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവുമായ സഞ്ജയ് കപൂര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ 30,000 കോടി രൂപയുടെ സ്വത്തുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ക്കിടയില്‍ പ്രശ്നം ഉടലെടുത്തിരുന്നു. സഞ്ജയ്യുടെ കമ്പനിയായ കോംസ്റ്റാറിന്റെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി ഭാര്യ പ്രിയ സച്ച്ദേവിനെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് പ്രശ്നം രൂക്ഷമായത്. ഈ നീക്കത്തിനെതിരെ സഞ്ജയ്യുടെ അമ്മ റാണി കപൂര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ രക്ഷാബന്ധന് ദിനത്തില്‍ സഞ്ജയ് കപൂറിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സഹോദരി മന്ദിര കപൂര്‍. അദ്ദേഹത്തെ എത്രമാത്രം മിസ് ചെയ്യുന്നുവെന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച മന്ദിര ഇതിനോടൊപ്പം സോനാ കോംസ്റ്റാറിലെ നിലവിലെ പ്രശ്നങ്ങളെ കുറിച്ചും കുറിപ്പില്‍ സൂചന നല്‍കുന്നുണ്ട്. സഞ്ജയ്ക്കും അമ്മയ്ക്കുമൊപ്പമുള്ള ഒരു പഴയചിത്രവും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
'ഇത് എഴുതാന്‍ എനിക്ക് ഒരു ദിവസം മുഴുവന്‍ വേണ്ടിവന്നു. കാരണം ഇന്നത്തെ ദിവസം ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു. രക്ഷാബന്ധന് ചടങ്ങുകള്‍ക്കിടെ നിന്റെ ചിത്രത്തിന് സമീപം പൂക്കള്‍ വെയ്ക്കുമ്പോള്‍ അമ്മ കരഞ്ഞു. പക്ഷേ ഞാന്‍ പിടിച്ചുനിന്നു. നമ്മെ ബന്ധിപ്പിക്കുന്ന അദൃശമെങ്കിലും ശക്തമായ ഒരു നൂലിഴ നമ്മുടെ ഓര്മകളെപ്പോലെ ശാശ്വതമായും പൊട്ടാതെയും നിലനില്ക്കുന്നു. നിന്നോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ ഞാന്‍ ഓര്‍ത്തെടുത്തു. യഥാര്‍ഥത്തില്‍ തിരിച്ചാണ് സംഭവിക്കേണ്ടിയിരുന്നതെങ്കിലും നീ ആഗ്രഹിച്ചതും അച്ഛന് സ്വപ്നം കണ്ടതുമായ കാര്യങ്ങള്‍ സംരക്ഷിക്കേണ്ട അവസ്ഥയിലാണ് ഞാനിപ്പോഴുള്ളത്. നീ ഇപ്പോഴും ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. എല്ലാം മെച്ചപ്പെടുമായിരുന്നു.
ഇന്ന് നിന്റെ ചിത്രത്തിലാണ് ഞാന്‍ രാഖി കെട്ടിയത്. പുഞ്ചിരിയോടെയുള്ള നിന്റെ ചിത്രത്തിലേക്ക് കുറേ നേരം നോക്കിനിന്നു. അച്ഛന്റെ പാരമ്പര്യം നീ ശക്തമായിത്തന്നെ മുന്നോട്ടുകൊണ്ടുപോയി. നീ അത് തുടര്‍ന്നും കെട്ടിപ്പടുക്കുമെന്ന് എനിക്കറിയാമായിരുന്നു. നമ്മളെല്ലാവരും ധൈര്യശാലികളാണ്. നീ ഞങ്ങളെ തുടര്‍ന്നും സംരക്ഷിക്കുമെന്ന് എനിക്കറിയാം. സ്നേഹം കാലത്തെ അതിജീവിക്കുമെന്ന് രക്ഷാബന്ധന് ഓര്‍മിപ്പിക്കുന്നു. നമ്മുടെ ബന്ധം തകര്‍ക്കാനാവാത്തതും എന്നെന്നേക്കുമായി കെട്ടിപ്പടുത്തതുമാണ്.'-മന്ദിര കുറിച്ചു.
Content Highlights: sunjay kapurs sister posts cryptic raksha bandhan note amid chaos at sona comstar