20 വര്‍ഷംമുമ്പ് വാടകവീട്ടില്‍ ഉപേക്ഷിച്ചുപോയി; അമ്മയെത്തിരഞ്ഞ് സ്‌നേഹ, എത്തിയത് സ്‌പെയിനില്‍നിന്ന്

ഭുവനേശ്വർ: 20 വർഷം മുൻപ് തന്നെയും സഹോദരനെയും ഉപേക്ഷിച്ചുപോയ അമ്മയെത്തേടി സ്പാനിഷ് സ്വദേശിനി സ്നേഹ. 2005-ലാണ് ഒരുവയസ്സുള്ള സ്നേഹയെയും മാസങ്ങൾപ്രായമുള്ള സഹോദരൻ സോമുവിനെയും നയപ്പള്ളിയിലെ വാടകവീട്ടിൽ ഉപേക്ഷിച്ച് മറ്റുരണ്ടുകുട്ടികളുമായി അമ്മ പോയത്. ഇവരുടെ അച്ഛൻ സന്തോഷ് നേരത്തേ ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ചുപോയിരുന്നു. തനിച്ചായ ഇവരെ വീട്ടുടമ ഭുവനേശ്വറിലെ അനാഥാലയത്തിലാക്കി. അവിടെനിന്നാണ് സ്പാനിഷ് സ്വദേശികളായ ഗെമ വിഡാലും ജുവാൻ ജോഷും സ്നേഹയെയും സോമുവിനെയും 2010-ൽ ദത്തെടുക്കുന്നത്.
‘സ്പെയിനിൽനിന്ന് ഭുവനേശ്വറിലേക്കുള്ള എന്റെ യാത്രയുടെ ഉദ്ദേശ്യം അമ്മയെ കണ്ടെത്തുകയെന്നതാണ്. ബുദ്ധിമുട്ടാണെങ്കിലും അതിന് ഞാൻ തയ്യാറാണ്’’- സ്നേഹ പറഞ്ഞു. ഇപ്പോൾ വിദ്യാഭ്യാസകാര്യങ്ങളുമായി ബന്ധപ്പെട്ട് തിരിച്ചു സ്പെയിനിലേക്കുപോകുകയാണെന്നും മാർച്ചിൽ തിരിച്ചെത്തുമെന്നും അവർ വ്യക്തമാക്കി.
ജോലിത്തിരക്കുള്ളതിനാൽ സോമുവിന് വരാൻകഴിഞ്ഞില്ല. വീട്ടുടമസ്ഥൻ നൽകിയ വിവരങ്ങളനുസരിച്ച് മാതാപിതാക്കൾ കട്ടക്ക് ജില്ലയിലെ ബദാംബ-നർസിങ്പുർ പ്രദേശത്തുനിന്നുള്ളവരാണെന്ന് കണ്ടെത്തി. അവരെ കണ്ടെത്താനുള്ള ചുമതല പോലീസിനെയും പഞ്ചായത്ത് അധികാരികളെയും ഏൽപ്പിച്ചിട്ടാണ് സ്നേഹയും ഗെമ വിഡാലും മടങ്ങിയത്.
Content Highlights: spanish woman to find mother