സ്വന്തം ശരീരഭാഗം പാകം ചെയ്ത് കഴിച്ചുവെന്ന് ഇന്‍ഫ്‌ളുവന്‍സര്‍; അമ്പരന്ന് ഫോളോവേഴ്‌സ്

മനുഷ്യമാംസം ഭക്ഷിക്കുന്നവരെന്ന് കരുതപ്പെടുന്ന മനുഷ്യവിഭാഗത്തെ നമ്മള്‍ നരഭോജികള്‍ എന്നാണ് വിളിക്കാറുള്ളത്. നോവലുകളിലും സിനിമകളിലുമെല്ലാം നമ്മള്‍ ഇത്തരത്തിലുള്ള നരഭോജികളെ കണ്ടിട്ടുണ്ട്. അല്‍പം ഭയത്തോടെയായിരിക്കും ആ സിനിമാരംഗങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകുക. നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമായതുകൊണ്ടാണ് ആ ഭയം.
എന്നാല്‍ ഇപ്പോള്‍ മനുഷ്യമാംസം ഭക്ഷിച്ചുവെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു സ്പാനിഷ് യുവതി. ഇന്‍സ്റ്റഗ്രാമില്‍ 20 ലക്ഷം ഫോളോവേഴ്‌സുള്ള പൗള ഗോനു എന്ന യുവതിയാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ ശരീരത്തിലെ ഒരു ഭാഗം വേവിച്ചു കഴിച്ചു എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. യുട്യൂബ് ചാനലായ ക്ലബ്ബ് 113-യുടെ പോഡ്കാസ്റ്റ് ഷോയിലാണ് 30-കാരിയായ പൗള ഇക്കാര്യം പറയുന്നത്.
പൗള കാല്‍മുട്ടിലെ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. തുടര്‍ന്ന് നീക്കം ചെയ്ത തരുണാസ്ഥി ഡോക്ടര്‍ ഇവര്‍ക്ക് സൂക്ഷിക്കാന്‍ നല്‍കി. ഒരു കന്റെയ്‌നറില്‍ ആല്‍ക്കഹോളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇത്. തന്റെ ശരീരത്തിന്റെ ഒരു ഭാഗമാണ് ഇതെന്നും അത് തിരിച്ച് ശരീരത്തില്‍ എത്തണമെന്നും തന്റെ കാമുകനോട് പൗള പറഞ്ഞു. തുടര്‍ന്ന് സ്പഗെറ്റി ബൊളൊനൈസ് പാസ്തയുണ്ടാക്കിയെന്നും അതില്‍ ഇത് കൂട്ടിക്കലര്‍ത്തിയാണ് കഴിച്ചതെന്നും പൗള പോഡ്കാസ്റ്റില്‍ പറയുന്നു. കാമുകനും തന്നോടൊപ്പം ഇത് രുചിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഈ വെളിപ്പെടുത്തലിന് പിന്നാലെ പൗളയ്‌ക്കെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. മിക്ക ആശുപത്രികളും ഇത്തരത്തില്‍ ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്ത ഭാഗം രോഗിക്ക് തിരിച്ചുനല്‍കില്ലെന്നും പൗള സമീപിച്ച ആശുപത്രി അധികൃതര്‍ എന്തിന് അത് തിരിച്ചുനല്‍കിയെന്നും ആളുകള്‍ ചോദിക്കുന്നു. ഇത് അവിശ്വസനീയമാണെന്നും പബ്ലിസിറ്റിക്ക് വേണ്ടി കള്ളം പറയുകയാണെന്നും ചില ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: spanish influencer paula gonu revealed cooked ate knee cartilage