അബുദാബിയിലെ പള്ളിക്കുള്ളില്‍ ചെരുപ്പ് ധരിച്ച് കയറിയിട്ടില്ല-വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് സോനാക്ഷി

ബോളിവുഡ് നടി സോനാക്ഷി സിന്‍ഹയും ഭര്‍ത്താവും നടനുമായ സഹീര്‍ ഇഖ്ബാലും അടുത്തിടെ അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിച്ചിരുന്നു. ഇവിടെ നിന്നെടുത്ത ചിത്രങ്ങള്‍ സോനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെ നടിയെ വിമര്‍ശിച്ച് ഒട്ടേറെപ്പേര്‍ രംഗത്തെത്തി.
ചിത്രങ്ങളില്‍ ഇരുവരും ചെരുപ്പ് ധരിച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ആളുകള്‍ രംഗത്തെത്തിയത്. ചെരുപ്പ് ധരിച്ച് പള്ളിക്കുള്ളില്‍ പ്രവേശിക്കാന്‍ പാടില്ലായിരുന്നുവെന്ന് പലരും കുറിച്ചു. ഇതിന് പിന്നാലെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സോനാക്ഷി. ചെരുപ്പ് ധരിച്ച് അകത്തേക്ക് പോയിട്ടില്ലെന്നും പള്ളിക്ക് പുറത്തുനിന്നെടുത്ത ചിത്രങ്ങളാണ് ഇതെന്ന് ശ്രദ്ധിച്ചാല്‍ മനസിലാകുമെന്നും സോനാക്ഷി മറുപടി നല്‍കി.
'അകത്തേക്ക് പോകുന്നതിന് മുമ്പ് ചെരുപ്പ് അഴിച്ചുവെയ്ക്കാനുള്ള സ്ഥലം അവര്‍ ഞങ്ങള്‍ക്ക് കാണിച്ചുതന്നു. അവിടെ അഴിച്ചുവെച്ചശേഷമാണ് അകത്തേക്ക് പ്രവേശിച്ചത്. ഇക്കാര്യങ്ങളെ കുറിച്ച് ഞങ്ങള്‍ക്ക് ധാരണയുണ്ട്. നിങ്ങള്‍ പുതിയ വിഷയമുണ്ടോ എന്ന് അന്വേഷിക്കൂ' എന്നാണ് നടി കുറിച്ചത്.
2024 ജൂണിലാണ് സോനാക്ഷിയും സഹീറും വിവാഹിതരായത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം നടന്ന വിവാഹം ലളിതമായിരുന്നു. അതിനുശേഷം ഇരുവരും അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിവാഹ വിരുന്നും ഒരുക്കിയിരുന്നു. തങ്ങള്‍ പരസ്പരം സ്‌നേഹമുള്ളതിനാലാണ് വിവാഹം കഴിച്ചതെന്നും അവിടെ മതം ഒരു പ്രശ്‌നമായി വന്നിട്ടില്ലെന്നും അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സൊനാക്ഷി പറഞ്ഞിരുന്നു.
'ഞങ്ങള്‍ മതം നോക്കിയല്ല ഒന്നിച്ചത്. പരസ്പരം സ്‌നേഹിക്കുന്ന രണ്ടുപേര്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു, ഞങ്ങള്‍ വിവാഹിതരായി. അദ്ദേഹം തന്റെ മതം എന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നില്ല. ഞാനും എന്റെ മതം അദ്ദേഹത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുന്നില്ല. ഞങ്ങള്‍ മതത്തെക്കുറിച്ച് ഒന്നും ചര്‍ച്ച ചെയ്തിട്ടില്ല.' ഹോട്ടര്‍ഫ്‌ലൈയുമായുള്ള പ്രത്യേക അഭിമുഖത്തില്‍ നടി വ്യക്തമാക്കിയിരുന്നു.
Content Highlights: sonakshi sinha claps back at trolls accusing her of wearing shoes inside abu dhabi mosque