വര്‍ഷം പത്ത് മില്യണ്‍ ജാപ്പനീസ് യെന്‍ ശമ്പളം; ജപ്പാനിലെ ജോലിയെക്കുറിച്ച് പങ്കുവെച്ച് ഇന്ത്യന്‍ സോഫ്‌റ്റെവെയര്‍ എന്‍ജിനീയര്‍- വീഡിയോ വൈറല്‍

സുമിത് ചിൻചൻസുരെ.|Photo: Screengrab/ tech_minds_japan
സുമിത് ചിൻചൻസുരെ.|Photo: Screengrab/ tech_minds_japan

മറ്റ് രാജ്യങ്ങളില്‍ പോയി ജോലി ചെയ്ത് മികച്ച ജീവിതനിലവാരവും ശമ്പളവും സ്വപ്‌നം കാണുന്നവരാണ് പലരും. ഇങ്ങനെ മഹാരാഷ്ട്രയില്‍ നിന്നും ജപ്പാനിലെത്തി സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായി ജോലി ചെയ്യുന്ന സുമിത് ചിന്‍ചന്‍സുരെയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ജപ്പാനിലെ തൊഴില്‍, തൊഴില്‍ സംസ്‌കാരം, ശമ്പളം എന്നിവയെക്കുറിച്ചെല്ലാം ഇദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്.

സാമൂഹികമാധ്യമമായ ഇന്‍സ്റ്റാഗ്രാമിലാണ് സുമിതിന്റെ വീഡിയോ പങ്കുവെച്ചത്. ജപ്പാനിലെത്തി തുടക്കത്തില്‍ ഒരു ബാക്കെന്‍ഡ് എഞ്ചിനീയറായാണ് ജോലി ചെയ്തിരുന്നതെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലാണ് ഡെവ് ഓപ്സിലേക്കും റിലയബിലിറ്റി എന്‍ജിനീയറിംഗിലേക്കും മാറിയതെന്നും സുമിത് വിശദീകരിക്കുന്നു. ജപ്പാനില്‍ ജോലി അന്വേഷിച്ചെത്തുന്നവര്‍ക്ക് ഉപകാരപ്പെടുന്ന ചില ഉപദേശങ്ങളും സുമിത് വീഡിയോയില്‍ നല്‍കുന്നുണ്ട്.

വിദേശത്ത് ജോലിക്ക്‌ അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ക്ക് സ്വന്തം നാട്ടില്‍ 3-4 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കുന്നത് നല്ലതാണ്. ജപ്പാനില്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ ജാപ്പനീസ് ഭാഷ പഠിക്കുന്നതും ഉപകാരപ്പെടും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള തൊഴില്‍ സംസ്‌കാരത്തിലെ വ്യത്യാസങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും സുമിത് മറുപടി പറഞ്ഞു.

ജപ്പാനിലെ തന്റെ ആദ്യ രണ്ട് കമ്പനികളും പരമ്പരാഗത ജാപ്പനീസ് സ്ഥാപനങ്ങളായിരുന്നു. അവിടെ താന്‍ മാത്രമായിരുന്നു വിദേശി. അവിടെ രണ്ടിടത്തും സമയത്തിന്റെ കാര്യത്തില്‍ കര്‍ശനമായ നിയമങ്ങളായിരുന്നു. അത് കുറച്ച് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നെന്നും അദ്ദേഹം പങ്കുവെച്ചു. എന്നാല്‍ ഇപ്പോള്‍ പല കമ്പനികളും ജോലി സമയത്തിന്റെ കാര്യത്തില്‍ കര്‍ശനമായ നിലപാട് സ്വീകരിക്കുന്നില്ല. അവര്‍ ഫ്രീ-സ്‌റ്റൈല്‍ രീതിയിലേക്ക് മാറിയെന്നും ഇത് കൂടുതല്‍ സൗകര്യപ്രദമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശമ്പളത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, താന്‍ പ്രതിവര്‍ഷം 'ഏകദേശം 10 ദശലക്ഷം ജാപ്പനീസ് യെന്‍' (ഏകദേശം 59 ലക്ഷം രൂപ) സമ്പാദിക്കുന്നുണ്ടെന്ന് അദ്ദേഹം മറുപടി നല്‍കി. ശമ്പളത്തെക്കുറിച്ചുള്ള സുമിതിന്റെ പ്രതികരണം ഉപയോക്താക്കളുടെ ശ്രദ്ധയാകര്‍ഷിച്ചു.

'ഒരുപക്ഷേ ലോകത്തിലെ ഏറ്റവും മികച്ച രാജ്യത്താണ് സഹോദരന്‍ ജീവിക്കുന്നത്' എന്നാണ് വീഡിയോ കണ്ട ഒരു ഉപയോക്താവ് പ്രതികരിച്ചത്. 'അദ്ദേഹം ജപ്പാനിലെ ശരാശരി ശമ്പളത്തിന്റെ 3 ഇരട്ടി സമ്പാദിക്കുന്നു. 10 ദശലക്ഷം ജാപ്പനീസ് യെന്‍ എന്നത് വളരെ ഉയര്‍ന്ന ശമ്പളമാണെന്നും അഭിപ്രായമുണ്ട്. പരമ്പരാഗതമായ രീതികളെക്കാള്‍ കഴിവിനെയാണ് ഇദ്ദേഹത്തിന്റെ കമ്പനി പ്രോത്സാഹിപ്പിക്കുന്നതെന്ന് തോന്നുന്നു എന്നാണ് വീഡിയോ കണ്ട മറ്റൊരാളുടെ പ്രതികരണം.

Content Highlights: A software engineer from Maharashtra shares his experience working in Japan, discussing job culture, salary (approx. 10 million JPY/year), and advice for aspiring professionals.