ഓപ്പറേഷൻ സിന്ദൂർ വിശദീകരിച്ച വനിതാ ഉദ്യോഗസ്ഥർ യൂണിഫോം ധരിച്ച് 'കോൻ ബനേഗാ കരോര്‍പതി'യില്‍; വിമർശനം

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സേനകള്‍ പാകിസ്താനെതിരെ നടത്തിയ തിരിച്ചടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍. ഒട്ടേറെ സ്ത്രീകളുടെ കണ്ണീര് വീഴ്ത്തിയ ഭീകരാക്രമണത്തിന് പകരംവീട്ടിയ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ ഇന്ത്യ നിയോഗിച്ചത് രണ്ട് വനിതാ സൈനികോദ്യോഗസ്ഥരെ തന്നെയായിരുന്നു. കരസേനയിലെ കേണല്‍ സോഫിയാ ഖുറേഷിയും വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ വ്യോമികാ സിങ്ങുമായിരുന്നു ആ ഉദ്യോഗസ്ഥര്‍. രാജ്യം മുഴുവന്‍ സല്യൂട്ട് ചെയ്ത ഈ വനിതാ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ വലിയ വിവാദത്തില്‍ പെട്ടിരിക്കുകയാണ്.
ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന, സോണി എന്റര്‍ടെയ്ന്‍മെന്റ് ചാനലിലെ കോന്‍ ബനേഗാ കരോര്‍പതി എന്ന പരിപാടിയില്‍ ഇരുവരും പങ്കെടുക്കുന്നതാണ് വിവാദത്തിന് തിരികൊളുത്തിയത്. സോഫിയാ ഖുറേഷിക്കും വ്യോമികാ സിങ്ങിനും പുറമെ നാവികസേനയിലെ കമാന്‍ഡര്‍ പ്രേരണാ ദേവസ്തലിയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. നാവികസേനയുടെ ചരിത്രത്തില്‍ ആദ്യമായി യുദ്ധക്കപ്പലിന്റെ കമാന്‍ഡറാകുന്ന വനിതയാണ് പ്രേരണാ ദേവസ്തലി. ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള കോന്‍ ബനേഗാ കരോര്‍പതിയുടെ പ്രത്യേക എപ്പിസോഡിലാണ് മൂവരും പങ്കെടുക്കുന്നത്.
Also Read: നെറുകയിൽ സിന്ദൂരവുമായി ഐശ്വര്യ റായ്; ഓപ്പറേഷൻ സിന്ദൂറിന്റെ സന്ദേശമെന്ന് സോഷ്യൽ മീഡിയ
പ്രത്യേക എപ്പിസോഡിന്റെ പ്രൊമോ വീഡിയോ പുറത്തുവന്നതോടെയാണ് വിഷയം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായതും വിവാദമായതും. സായുധസേനകളെ പിആര്‍ പരിപാടികള്‍ക്കും രാഷ്ട്രീയനേട്ടമുണ്ടാക്കാനുമായി ഉപയോഗിക്കുന്നതിനെതിരെയാണ് സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നത്. സേനയുടെ യൂണിഫോം ധരിച്ചാണ് മൂന്ന് ഉദ്യോഗസ്ഥകളും ഷോയില്‍ പങ്കെടുക്കുന്നത് എന്നതും വിമര്‍ശനത്തിനിടയാക്കി.
'സൈനിക ഓപ്പറേഷന് ശേഷം ഇതുപോലെയൊന്ന് ഏതെങ്കിലും രാജ്യത്ത് നിങ്ങള്‍ ഇതിന് മുമ്പ് കണ്ടിട്ടുണ്ടോ? സര്‍വീസിലുള്ള ഒരാള്‍ക്ക് ഇതിന് എങ്ങനെ അനുമതി ലഭിച്ചു? ഇപ്പോഴത്തെ ഭരണകൂടം നമ്മുടെ സേനകളെ വിലകുറഞ്ഞ രാഷ്ട്രീയത്തിനും അതിദേശീയതയ്ക്കുമായി നാണംകെട്ടരീതിയില്‍ ഉപയോഗിക്കുകയാണ്.' -ഒരാള്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത് ഇങ്ങനെയാണ്. ഇത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നാണ് മറ്റൊരാള്‍ കുറിച്ചത്.
സൈനിക യൂണിഫോം ഉപയോഗിക്കുന്നത് സംബന്ധിച്ച പ്രോട്ടോക്കോളിന്റെ ലംഘനം ഉണ്ടായെന്ന് ദേശീയമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ശനമായ നിയന്ത്രണങ്ങളാണ് യൂണിഫോം ഉപയോഗിക്കുന്നതിന് ഉള്ളത്. പ്രോട്ടോക്കോള്‍ പ്രകാരം സാമൂഹിക കൂട്ടായ്മകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയില്‍ യൂണിഫോം ധരിച്ച് സൈനികോദ്യോഗസ്ഥര്‍ പങ്കെടുക്കാന്‍ പാടില്ല. കൂടാതെ പൊതുഗതാഗതസംവിധാനങ്ങളിലും സിവിലിയന്‍ വിമാനങ്ങളിലും യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും റെസ്റ്ററന്റുകളില്‍ പോകുമ്പോഴും യൂണിഫോം ധരിക്കാന്‍ പാടില്ല.
ഔദ്യോഗികമല്ലാത്ത പരിപാടികളില്‍ യൂണിഫോം ധരിച്ച് പങ്കെടുക്കണമെങ്കില്‍ കമാന്‍ഡിങ് ഓഫീസറുടെ രേഖാമൂലമുള്ള അനുമതി ആവശ്യമാണ്.
Content Highlights: Kaun Banega Crorepati hosts officers Sofiya Qureshi, Vyomika Singh after Op Sindoor, stirs row