ഉണ്ണിയേട്ടനെ പോലീസ് പിടിച്ചോ എന്ന് ആരാധകന്‍; ഇപ്പോള്‍ ജയിലിലാണെന്ന് നടന്റെ മറുപടി

നടന്‍ ഉണ്ണി മുകുന്ദന്റെ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് റീല്‍സ് വീഡിയോ ചെയ്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായ യുവാവിനെ പീഡനക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ യുവാവ് പണ്ട് പോസ്റ്റ് ചെയ്തിരുന്ന വീഡിയോകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതില്‍ അധികവും ഇയാളുടെ മീശ കാണുന്ന തരത്തിലുള്ള ക്ലോസപ്പ് ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.
ഇതോടെ ചിലര്‍ നടന്‍ ഉണ്ണി മുകുന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴേയും കമന്റുകളുമായെത്തി.. 'ഉണ്ണിയേട്ടനെ പോലീസ് പിടിച്ചോ? പോസ്റ്റ് കണ്ടു' എന്നായിരുന്നു ഒരു ആരാധകന്റെ തമാശ കലര്‍ന്ന കമന്റ്. ഇതിന് നടന്‍ മറുപടിയും നല്‍കി. 'ഞാന്‍ ഇപ്പോള്‍ ജയിലിലാണ്. ഇവിടെ സൗജന്യ വൈഫൈ ആണ്. നീയും പോരൂ' എന്നായിരുന്നു താരത്തിന്റെ മറുപടി. ഈ കമന്റിന് കൈയടിച്ച് നിരവധി ആരാധകരും രംഗത്തെത്തി.
ഇതുമായി ബന്ധപ്പെട്ട ട്രോളുകളും കമന്റുകളായി ആരാധകര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫാന്റസിയും റിയാലിറ്റിയും തമ്മിലുള്ള വ്യത്യാസമാണ് ഈ കമന്റുകളില്‍ കാണുന്നത്. ഒപ്പം 'ഒരു നാറിയേയും വിശ്വസിക്കരുത്' എന്ന ഡയലോഗും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
ടിക്ടോക്, റീല്‍സ് താരം തിരുവനന്തപുരം വെള്ളല്ലൂര്‍ കീഴ്പേരൂര്‍ ക്ഷേത്രത്തിനു സമീപം കീട്ടുവാര്യത്ത് വീട്ടില്‍ വിനീതിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ഇയാള്‍ പോലീസിലായിരുന്നവെന്നും ഇപ്പോള്‍ ഒരു സ്വകാര്യ ചാനലില്‍ ജോലി ചെയ്തു വരികയായിരുന്നുവെന്നുമാണ് ഇയാള്‍ പെണ്‍കുട്ടികളോടും യുവതികളോടും പറഞ്ഞിരുന്നത്. എന്നാല്‍ ഇയാള്‍ക്ക് ജോലിയൊന്നും ഇല്ലെന്ന് പോലീസ് വ്യക്തമാക്കി.
പല സ്ത്രീകളുമായുള്ള സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ വിനീതിന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പെണ്‍കുട്ടികളുമായി നടത്തുന്ന സോഷ്യല്‍ മീഡിയ ചാറ്റുകളും സ്വകാര്യ ദൃശ്യങ്ങളും സ്‌ക്രീന്‍ റെക്കോര്‍ഡായും സ്‌ക്രീന്‍ ചാറ്റുകളായും അയാൾ സൂക്ഷിച്ചിരുന്നു.
നിലവില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ മാത്രം ചെയ്തിരുന്ന ഇയാള്‍ തനിക്ക് സ്വകാര്യ ചാനലില്‍ ജോലിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്തിരുന്നത്. നേരത്തെ താന്‍ പോലീസിലായിരുന്നുവെന്നും എന്നാല്‍ പിന്നീട് അസ്വസ്ഥതകള്‍ കാരണം അതില്‍ നിന്ന് രാജിവെക്കുകയായിരുന്നുവെന്നും പരിചയപ്പെടുന്നവരോട് ഇയാള്‍ പറഞ്ഞിരുന്നതായാണ് വിവരം. ആരാധകരെ തൃപ്തിപ്പെടുത്താന്‍ നിരന്തരം വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ ഇയാള്‍ പങ്കുവെച്ചിരുന്നു.
'മീശ ഫാന്‍ ഗേള്‍' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും ഇയാളുടെ വീഡിയോകള്‍ അപ്ലോഡ് ചെയ്തിരുന്നു. മീശ ഫാന്‍ ഗേള്‍ എന്ന അക്കൗണ്ട് വിനീത് തന്റെ ഔദ്യോഗിക അക്കൗണ്ടിലെ സ്റ്റാറ്റസില്‍ മെന്‍ഷന്‍ ചെയ്തിരുന്നു. ക്ലോസപ്പ് ദൃശ്യങ്ങളായിരുന്നു ഇയാള്‍ കൂടുതലായും ചിത്രീകരിച്ചിരുന്നത്. ആയിരക്കണക്കിലേറെ പേരാണ് ഇയാളെ ഫോളോ ചെയ്തിരുന്നത്. നിരവധി പേര്‍ ഇയാളുടെ വീഡിയോ ആരാധകരായിട്ടുണ്ടായിരുന്നു. ഇതു മുതലെടുത്തു കൊണ്ടായിരുന്നു ഇദ്ദേഹം പെണ്‍കുട്ടികളുമായും വിവാഹിതരായ സ്ത്രീകളുമായും ബന്ധം ഉണ്ടാക്കിയിരുന്നത്. കൂടുതലും വിവാഹിതരായ സ്ത്രീകളുമായിട്ടായിരുന്നു വിനീത് ബന്ധം സൂക്ഷിച്ചിരുന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ വൈറലാകാന്‍ വേണ്ടിയുള്ള ടിപ്‌സ് നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ ഇവരെ സമീപിക്കുന്നത്.
Content Highlights: social media fame vineeth arrested and actor unni mukundans reply