മണ്ണിന്റെ മണമുള്ള അത്തര്‍ വികസിപ്പിച്ച് ദേശീയ സസ്യോദ്യാനം; സെന്റ് ഉടന്‍ വിപണിയിലെത്തും

പാലോട്: ഉണങ്ങിവരണ്ട മണ്ണിലേക്ക് പുതുമഴയുടെ കണികകള്‍ ആദ്യമായി വീഴുമ്പോള്‍ ഉണ്ടാകുന്ന ഗന്ധം അത്തറില്‍ ഒളിപ്പിച്ച് പാലോട്ടെ ദേശീയ സസ്യോദ്യാനകേന്ദ്രം. ഉത്തര്‍പ്രദേശില്‍ വികസിപ്പിച്ച 'മിട്ടി കാ അത്തര്‍' എന്ന വിലകൂടിയ അത്തറിനോടു കിടപിടിക്കുന്ന തരത്തിലാണ് താരതമ്യേന ചെലവുകുറഞ്ഞ രീതിയില്‍ ജവാഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ (ജെഎന്‍ടിബിജിആര്‍ഐ) ട്രോപ്പിക്കല്‍ സോയില്‍ അത്തര്‍ വികസിപ്പിച്ചെടുത്തത്.
മിട്ടി കാ അത്തറിനു വിപണിയില്‍ 100 എംഎല്ലിന് 20000 രൂപയാണ് വില. എന്നാല്‍, ട്രോപ്പിക്കല്‍ സോയില്‍ സെന്റിന് 2000 രൂപ മാത്രമേ വിലയുള്ളൂ. ഡോ.കെ.വി.രമേഷ്‌കുമാറാണ് സുഗന്ധപ്രേമികള്‍ക്ക് താത്പര്യമുണര്‍ത്തുന്ന പുതിയ സെന്റ് വികസിപ്പിച്ചെടുത്തത്.
മണ്ണിലെ സൂക്ഷ്മജീവികളില്‍ കാണുന്ന ബാഷ്പശീലമുള്ള രാസസംയുക്തമാണ് പുതുമഴയുടെ മനംമയക്കുന്ന സുഗന്ധത്തിന് ആധാരം. ഉത്തര്‍പ്രദേശിലെ കനൗജിലാണ് മിട്ടി കാ അത്തര്‍ പുരാതനകാലം മുതലേ പ്രശസ്തമായിരുന്നത്. ഓഗസ്റ്റ് ഏഴിന് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ട്രോപ്പിക്കല്‍ സോയില്‍ സെന്റ് വിപണിയിലിറക്കും.
സൂര്യപ്രകാശത്തില്‍ ഉണക്കിയ ചൂടുള്ള മണ്ണ് വാറ്റിയെടുത്താണ് 'മിട്ടി കാ അത്തര്‍' നിര്‍മിക്കുന്നത്. അതേസമയം പുതുമഴയുടെ ഗന്ധം സസ്യസ്രോതസ്സുകളില്‍നിന്നു പുനര്‍നിര്‍മിക്കാന്‍ കഴിയുമെന്നതാണ് ജെഎന്‍ടിബിജിആര്‍ഐ കണ്ടെത്തിയിട്ടുള്ളത്. പ്രാഥമികാരോഗ്യ സംരക്ഷണഹത്തിന് ഫലപ്രദവും പരിസ്ഥിതിസൗഹൃദവുമായ ഹെര്‍ബല്‍ ഹെല്‍ത്ത് കെയര്‍ കിറ്റ്, പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത എട്ട് ഹെര്‍ബല്‍ ഉത്പന്നങ്ങള്‍ എന്നിവയും അധികം താമസിക്കാതെ വിപണിയിലെത്തുമെന്ന് ടിബിജിആര്‍ഐ ഡയറക്ടര്‍ ഡോ. അരുണാചലം പറഞ്ഞു.
Content Highlights: smell of earth after fresh rain unique perfume to hit market