മഹാകുംഭമേളയില്‍ പുണ്യസ്‌നാനംനടത്തി അമൃതസുരേഷും; ശിവരാത്രി ആശംസകൾ നേർന്ന് കുറിപ്പ്

Photo: instagram.com/amruthasuresh
Photo: instagram.com/amruthasuresh

മഹാകുംഭമേളയില്‍ പങ്കെടുത്ത് സ്‌നാനംചെയ്ത് ഗായിക അമൃതസുരേഷും. സ്‌നാനം നടത്തുന്നതിന്റെ ചിത്രവും അമൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. മഹാകുംഭില്‍നിന്ന് മഹാശിവരാത്രി ആശംസകള്‍ എന്ന കുറിപ്പോടെയാണ് അമൃത സ്‌നാനം നടത്തുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 

വന്‍ ഭക്തജനസാന്നിധ്യംകൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ച മഹാകുംഭമേള മഹാശിവരാത്രി ദിനത്തിലാണ് സമാപിക്കുന്നത്. ചടങ്ങിലെ അവസാന പ്രധാന സ്നാനചടങ്ങുകള്‍ ബുധനാഴ്ചയാണ്. ഇതുവരെ 64 കോടിയിലേറെപ്പേര്‍ പുണ്യസ്നാനം ചെയ്തെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കണക്ക്. ശിവരാത്രിക്ക് മുന്നോടിയായി ത്രിവേണീസംഗമത്തിലേക്ക് ഭക്തരുടെ ഒഴുക്കാണ്.

മഹാകുംഭമേളയുടെ അവസാനദിവസം വന്‍തിരക്ക് കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി. ചൊവ്വാഴ്ച വൈകീട്ട് നാലുമുതല്‍ സംഗമം നടക്കുന്നയിടത്തേക്ക് വാഹനങ്ങള്‍ പൂര്‍ണമായി നിരോധിച്ചു. പ്രയാഗ് രാജിലടക്കം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വന്നിറങ്ങുന്ന പ്രവേശനകവാടങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള ഘട്ടുകള്‍ ഉപയോഗിക്കാന്‍ തീര്‍ഥാടകരോട് നിര്‍ദേശിച്ചിട്ടുണ്ട്.

ശുചിത്വപ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കി. 15000 തൊഴിലാളികളുടെ പങ്കാളിത്തത്തോടെ നടത്തിയ ശുചീകരണ ജോലികള്‍ ഗിന്നസ് റെക്കോഡിലും ഇടംനേടി. ഇതിന്റെ പ്രഖ്യാപനം 27-നുണ്ടാകുമെന്നാണ് പ്രതീക്ഷ. മഹാകുംഭമേളയെ നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ ഉത്സവമെന്നും സംസ്ഥാനത്തെ ലോകഭൂപടത്തില്‍ പ്രതിഷ്ഠിച്ചെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിശേഷിപ്പിച്ചിരുന്നു. 

Content Highlights: singer amrutha suresh visits mahakumbh prayagraj