'ആന്റി റോളുകള്‍ ഡബ്ബാറോളിനേക്കാൾ നല്ലത്';ചര്‍ച്ചയായി സിമ്രാന്റെ പരാമർശം,ലക്ഷ്യമിട്ടത് ജ്യോതികയെ?

സിമ്രാൻ, ജ്യോതിക | Photos: Facebook, AFP
സിമ്രാൻ, ജ്യോതിക | Photos: Facebook, AFP

ഒരുകാലത്ത് ദക്ഷിണേന്ത്യയിലെ താരറാണിയായിരുന്ന സിമ്രാന് ഇപ്പോഴും ആരാധകരേറെയാണ്. മലയാളത്തില്‍ ഉള്‍പ്പെടെ ഒട്ടേറെ മികച്ച സിനിമകളില്‍ അഭിനയിച്ച സിമ്രാന്‍ അടുത്തിടെ ഇറങ്ങിയ അജിത്ത് ചിത്രം ഗുഡ് ബാഡ് അഗ്ലിയിലെ അതിഥി വേഷത്തിലൂടെ ആരാധകര്‍ക്ക് നൊസ്റ്റാള്‍ജിയ സമ്മാനിച്ചിരുന്നു. ഇപ്പോഴിതാ, വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് സിമ്രാന്‍. ഒരു അവാര്‍ഡ് പരിപാടിക്കിടെ താരം വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. 

തന്നെ വേദനിപ്പിച്ച ഒരു സംഭവമാണ് സിമ്രാന്‍ പൊതുവേദിയില്‍ പറഞ്ഞത്. അടുത്തിടെ ഒരു സഹപ്രവര്‍ത്തകയ്ക്ക് മെസേജ് അയച്ചപ്പോള്‍ ലഭിച്ച മറുപടിയാണ് സിമ്രാനെ വേദനിപ്പിച്ചത്. ആ വേഷത്തില്‍ കണ്ട് അത്ഭുതപ്പെട്ടു എന്നാണ് സിമ്രാന്‍ മെസേജ് അയച്ചത്. ഇതിന് മറുപടിയായി 'ആന്റി റോളുകൾ ചെയ്യുന്നതിനേക്കാൾ നല്ലതല്ലേ...?' എന്നാണ് നടി മറുപടി അയച്ചത്. 

'അടുത്തിടെ എന്റെ ഒരു സഹപ്രവര്‍ത്തകയ്ക്ക് ഞാന്‍ മെസേജയച്ചു. 'നിന്നെ ആ വേഷത്തില്‍ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു' എന്നാണ് ഞാന്‍ അയച്ചത്. പെട്ടെന്ന് എനിക്ക് അവളുടെ മറുപടി ലഭിച്ചു. 'ആന്റിറോളുകൾ ചെയ്യുന്നതിനേക്കാൾ നല്ലതല്ലേ...?' എന്നായിരുന്നു മറുപടി. ഇന്‍സെന്‍സിറ്റീവായ മറുപടിയായിരുന്നു അത്. അപ്രതീക്ഷിതമായ ഒന്ന്. അത് അവളുടെ അഭിപ്രായമാണ്. പക്ഷേ അതിന് ഞാന്‍ നല്ലൊരു മറുപടി നല്‍കണമായിരുന്നു.' -ഇതാണ് സിമ്രാന്‍ പറഞ്ഞത്.

ആന്റി റോളുകൾ ഡബ്ബാ റോളുകളേക്കാള്‍ നല്ലതാണെന്നും സിമ്രാന്‍ തുടര്‍ന്ന് പറഞ്ഞു. ഈ പരാമര്‍ശമാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നത്. ആരാണ് സിമ്രാന് മെസേജ് അയച്ച നടി എന്നതാണ് ചര്‍ച്ചാ വിഷയം. ഗുഡ് ബാഡ് അഗ്ലിയില്‍ ഒപ്പം അഭിനയിച്ച തൃഷയാണോ അതെന്നാണ് ചിലര്‍ ചോദിച്ചത്. എന്നാല്‍ ജ്യോതികയുടെ പേരാണ് ഒട്ടേറെ പേര്‍ പറഞ്ഞത്. അതിന് തെളിവായി സിമ്രാന്റെ പ്രസംഗത്തില്‍ നിന്നുള്ള സൂചനകളും അവര്‍ ചൂണ്ടിക്കാട്ടുന്നു. 

'ഡബ്ബാ വേഷങ്ങള്‍' എന്നാണ് സിമ്രാന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞത്. അടുത്തിടെ പുറത്തിറങ്ങിയ ഡബ്ബാ കാര്‍ട്ടല്‍ എന്ന ഹിന്ദി വെബ് സീരീസിനെയാണ് സിമ്രാന്‍ ഉദ്ദേശിച്ചതെന്നാണ് പലരും പറയുന്നത്. ഡബ്ബാ കാര്‍ട്ടലില്‍ ഒരു പ്രധാന വേഷത്തിലെത്തിയത് ജ്യോതികയാണ്. ഇതാണ് സിമ്രാന്‍ ഉദ്ദേശിച്ചത് ജ്യോതികയെയാണ് എന്ന സംശയത്തെ ബലപ്പെടുത്തുന്നത്. 

Content Highlights: Simran's 'Dabba' comment at an award show leads to speculation of a dig at Jyotika