കരച്ചിലടക്കിപ്പിടിച്ച് കുഞ്ഞിനെ ലാളിച്ച് അച്ഛനും അമ്മയും;എല്ലാത്തിനും സാക്ഷിയായി സിദ്ദുവിന്റെ ചിത്രം

കുഞ്ഞിനൊപ്പം സിദ്ദു മൂസേവാലയുടെ മാതാപിതാക്കള്‍ | Photo: instagram/ sardarbalkaursidhu
കുഞ്ഞിനൊപ്പം സിദ്ദു മൂസേവാലയുടെ മാതാപിതാക്കള്‍ | Photo: instagram/ sardarbalkaursidhu

അക്രമികളുടെ വെടിയേറ്റ് മരിച്ച പഞ്ചാബി ഗായകന്‍ സിദ്ദു മൂസേവാലയുടെ അമ്മ ചരണ്‍ കൗര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ മാറോട് ചേര്‍ത്തുപിടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം ഈ സന്തോഷവാര്‍ത്ത സിദ്ദുവിന്റെ അച്ഛന്‍ ബല്‍ക്കൗര്‍ സിങ്ങ്‌ സോഷ്യല്‍ മീഡിയിയലൂടെ പങ്കുവെച്ചു. 58-കാരിയായ ചരണ്‍ ഐ.വി.എഫ് സാങ്കേതിക വിദ്യയിലൂടെയാണ് ഗര്‍ഭം ധരിച്ചത്.

ഇപ്പോഴിതാ കുഞ്ഞിനെ സ്വീകരിക്കുന്ന ചരണ്‍ കൗറിന്റേയും ബല്‍ക്കൗര്‍ സിങ്ങിന്റേയും വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കരച്ചിലടക്കിപ്പിടിച്ച് ബല്‍ക്കൗര്‍ കുഞ്ഞിനെ ചേര്‍ത്തുപിടിക്കുന്നതും നഷ്ടപ്പെട്ട മകനെയോര്‍ത്ത് കരഞ്ഞ് കണ്ണുപൊത്തുന്ന ചരണിനേയുമെല്ലാം വീഡിയോയില്‍ കാണാം. ബല്‍ക്കൗറിന്റെ തൊട്ടടുത്ത് മൂസേവാലയുടെ ഫ്രെയിം ചെയ്ത ചിത്രവുമുണ്ട്. 'ഇതിഹാസങ്ങള്‍ക്ക് മരണമില്ല' എന്നാണ് ഈ ചിത്രത്തിന് താഴെ എഴുതിയിരിക്കുന്നത്.

ഡോ.രജനിയുടെ നേതൃത്വത്തിലാണ് കരണിന് ഐ.വി.എഫ് ചികിത്സ നടത്തിയത്. ഈ ഡോക്ടര്‍ക്കൊപ്പം കേക്ക് മുറിച്ച് ബല്‍ക്കൗര്‍ സന്തോഷം പങ്കുവെച്ചു. ആശുപത്രിയിലെ മറ്റു ജീവനക്കാരും മധുരം കഴിച്ച് കുടുംബത്തിന്റെ സന്തോഷത്തിനൊപ്പം ചേര്‍ന്നു. 

മൂസേവാലയുടെ മരണത്തിന് ഏകദേശം രണ്ടുവര്‍ഷത്തിനു ശേഷമാണ് ബല്‍ക്കൗറിനും ചരണിനും വീണ്ടും കുഞ്ഞു ജനിക്കുന്നത്. 2022 മേയ് 29-ന് മാന്‍സ ജില്ലയിലെ ജവഹര്‍കെ ഗ്രാമത്തില്‍വെച്ച് കാറിലെത്തിയ അക്രമികളാണ് മൂസേവാലയെ വെടിവെച്ചുകൊന്നത്.  29 വയസ് മാത്രമായിരുന്നു അന്ന് മൂസേവാലയുടെ പ്രായം.

Content Highlights: sidhu Moosewalas family welcoming their newborn son