'നൃത്തച്ചുവടുകൾ ശ്വാസമാക്കിയ പ്രതിഭ'-വൈജയന്തിമാലയുടെ പ്രകടനം ആരാധനയോടെ നോക്കിനിന്ന് ശോഭന

നടിയും നർത്തകിയുമായ വൈജയന്തിമാലയുടെ പ്രകടനം ആസ്വദിച്ച് ശോഭന. ചെന്നൈയിൽ നടക്കുന്ന മാർഗഴി ഉത്സവത്തിന്റെ ഭാഗമായി വേദിയിലെത്തിയതായിരുന്നു വൈജയന്തിമാല. ബാക്ക് സ്‌റ്റേജിൽ നിന്ന് പ്രിയതാരത്തിന്റെ പ്രകടനം ആസ്വദിക്കുന്ന വീഡിയോ ശോഭന ആരാധകർക്കായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
'തന്റെ അമ്മായിക്കൊപ്പം അഭിനയിച്ച മഹാനടിയെ കാണുന്നു' എന്ന ക്യാപ്ഷനും അവർ നൽകിയിട്ടുണ്ട്. വേദിയിൽ മുദ്രകൾ കാണിക്കുന്ന വൈജയന്തിമാലയെ ചെറുപുഞ്ചിരിയോടെ ശോഭന നോക്കിനിൽക്കുന്നത് വീഡിയോയിൽ കാണാം. വേദിയിലുള്ളത് ആരാണെന്ന് ഊഹിച്ച് കണ്ടെത്താമോ എന്ന് ചോദിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്.
ചരിത്രമാണ് താൻ കാണുന്നതെന്നും ചുവടുകൾ ശ്വാസമാക്കിയ പ്രതിഭയാണ് വൈജയന്തിമാലയെന്നും ശോഭന കുറിച്ചു. നടിയും നർത്തകിയുമായ പിതൃസഹോദരി പദ്മിനിയുടെ ഫോട്ടോയും ശോഭന വീഡിയോയിൽ ചേർത്തിട്ടുണ്ട്. വൈജയന്തിമാലയുമായി സംസാരിക്കുന്ന ശോഭനയേയും വീഡിയോയിൽ കാണാം.
സെലിബ്രിറ്റികൾ ഉൾപ്പെടെ ഒട്ടേറെപ്പേരാണ് ഇതിന് താഴെ കമന്റ് ചെയ്തത്. 'നിങ്ങളുടെ മുഖം എല്ലാം പറയുന്നുണ്ട് ചേച്ചീ...' എന്നാണ് ശ്വേതാ മേനോൻ കമന്റ് ചെയ്തത്. ലളിത രാഗിണി പത്മിനിമാരുടെ സഹോദര പുത്രിയാണ് ശോഭന. 1950-60കളിൽ തമിഴ്, ഹിന്ദി സിനിമകളിലെ മുൻനിര നായികയായിരുന്ന വൈജയന്തിമാലയ്‌ക്കൊപ്പം പത്മിനി അഭിനയിച്ചിട്ടുണ്ട്.
Content Highlights: shobana shares video of vyjayanthimalas live dance