‘നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം തെറ്റായിരുന്നു’; കുറ്റസമ്മതം നടത്തി നടി ശിൽപ ഷിൻഡെ

നിർമാതാവിനെതിരെ താൻ മുമ്പ് ഉന്നയിച്ച ലൈംഗികാരോപണം തെറ്റായിരുന്നുവെന്ന് ഹിന്ദി നടി ശിൽപ ഷിൻഡെ. ആരോപണമുന്നയിച്ച് പത്ത് വർഷത്തിനിപ്പുറമാണ് അത് തെറ്റാണെന്ന് നടി സമ്മതിക്കുന്നത്. ശിൽപ ഷിൻഡെ അഭിനയിച്ച ഭാഭിജി ഘർ പർ ഹേ എന്ന ടെലിവിഷൻ സിറ്റ്‌കോമിന്റെ നിർമാതാവ് സഞ്ജയ് കോലിക്കെതിരെയാണ് താരം ലൈംഗികാരോപണം ഉന്നയിച്ചത്.
ഏറെ ജനകീയമായ ഷോയിൽ നിന്ന് 2016-ലാണ് ശിൽപ ഷിൻഡെ പുറത്തുപോകുന്നത്. പിന്നാലെയാണ് അവർ നിർമാതാവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. അഭിനയിച്ചതിന്റെ പ്രതിഫലം തന്നില്ല എന്ന ആരോപണവും അവർ അന്ന് ഉന്നയിച്ചിരുന്നു. വിഷയം പെട്ടെന്ന് തന്നെ ഒത്തുതീർന്നെങ്കിലും വിവാദവും ചർച്ചകളും പിന്നീടിങ്ങോട്ട് വർഷങ്ങളോളം നീണ്ടു.
കൊമേഡിയനായ ഭാരതി സിങ്ങിന്റേയും എഴുത്തുകാരൻ ഹാർഷ് ലിംബാച്ചിയയുടേയും പോഡ്കാസ്റ്റിലാണ് താൻ എന്തുകൊണ്ടാണ് തെറ്റായ പരാതി ഉന്നയിച്ചത് എന്ന് വിശദീകരിച്ചത്. മറ്റ് വഴികളില്ലാതിരുന്നതിനാലാണ് താൻ ലൈംഗികാതിക്രമ പരാതി നൽകിയതെന്ന് ശിൽപ ഷിൻഡെ പറയുന്നു.
'കേസ് അവസാനിച്ചു. അക്കാര്യം അറിയില്ല. സത്യം തുറന്നുപറയാൻ എനിക്ക് ഭയമില്ല. ഇന്ന് പോലും ഞാൻ ഇത് പറയും. കാരണം ഇത് വലിയൊരു കാര്യമാണ്. നിർമാതാവിനെതിരെ ഞാൻ ലൈംഗികാതിക്രമ പരാതി നൽകിയത് മറ്റ് വഴികളില്ലാതിരുന്നതിനാലാണ്. ഒടുവിൽ കേസ് ഒത്തുതീർന്നതോടെ ആ സാഹചര്യത്തിൽ നിന്ന് ഞാൻ രക്ഷപ്പെട്ടു.' -ശിൽപ ഷിൻഡെ പറഞ്ഞു.
'എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെങ്കിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കണമെന്ന് പോലീസ് എന്റെ മുഖത്ത് നോക്കി പറഞ്ഞു. അതുകൊണ്ടാണ് ഞാൻ അത്തരമൊരു ആരോപണം ഉന്നയിച്ചത്. നിയമം അറിയാവുന്നതിനാൽ ആ നടപടിക്രമങ്ങൾ എനിക്ക് മനസിലായി. ഞാൻ എന്താണ് ചെയ്യുന്നതെന്ന ബോധ്യമുണ്ടോ എന്ന് എന്റെ സുഹൃത്തുക്കൾ പോലും അന്ന് എന്നോട് ചോദിച്ചിരുന്നു.' -ശിൽപ ഷിൻഡെ പറഞ്ഞു.
'ഇന്ന് ഈ പ്ലാറ്റ്‌ഫോമിലൂടെ ഞാൻ പറയുന്നു, ആ ആരോപണങ്ങളെല്ലാം തെറ്റായിരുന്നു. ഞാൻ ഇതാദ്യമായി കുറ്റസമ്മതം നടത്തുകയാണ്. ആ സംഭവത്തിനുശേഷം ഞങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങൾ ഒത്തുതീർന്നു. എനിക്ക് തരാനുള്ള പ്രതിഫലത്തുക അവർ തന്നുതീർത്തു.' -ശിൽപ ഷിൻഡെ പറഞ്ഞു.
Content Highlights: Actress Shilpa Shinde confessed on a podcast that the sexual harassment allegation she leveled against Bhabhiji Ghar Par Hai producer Sanjay Kohli in 2016 was false, stating she did it on police advice just to register an FIR and recover her unpaid dues.