സുഹാനയ്ക്കും ഗൗരിക്കുമൊപ്പം പിറന്നാളാഘോഷിച്ച് അബ്റാം; ചടങ്ങിനെത്താതെ ഷാരൂഖ് ഖാനും ആര്യനും | വീഡിയോ

അബ്രാമിന്റെ പിറന്നാളാഘോഷം, ഷാരൂഖ് ഖാൻ, ആര്യൻ ഖാൻ | Photos: instagram, AFP
അബ്രാമിന്റെ പിറന്നാളാഘോഷം, ഷാരൂഖ് ഖാൻ, ആര്യൻ ഖാൻ | Photos: instagram, AFP

ബോളിവുഡ് താരം ഷാരൂഖ് ഖാന്റേയും ജീവിതപങ്കാളി ഗൗരി ഖാന്റേയും ഇളയമകനായ അബ്റാമിന്റെ പിറന്നാളായിരുന്നു ചൊവ്വാഴ്ച. 2013 മേയ് 27-ന് ജനിച്ച അബ്റാം തന്റെ 12-ാം ജന്മദിനമാണ് കഴിഞ്ഞ ദിവസം ആഘോഷിച്ചത്. അമ്മ ഗൗരി ഖാന്‍, ചേച്ചി സുഹാന ഖാന്‍, മുത്തശ്ശി സവിത ഛിബ്ബര്‍ എന്നിവര്‍ക്കൊപ്പം നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ (എന്‍എംഎസിസി) ആർട്സ് കഫേയിൽ വെച്ചാണ് അബ്റാം പിറന്നാള്‍ കേക്ക് മുറിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ എന്‍എംഎസിസി തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചു. 

അബ്റാമിന്റെ പിറന്നാള്‍ പാര്‍ട്ടിക്ക് മനോഹരമായ സമ്മര്‍ ഡ്രസാണ് സുഹാന ധരിച്ചത്. അബ്റാം നീല നിറത്തിലുള്ള ടി-ഷര്‍ട്ട് ധരിച്ചെത്തിയപ്പോള്‍ അമ്മ ഗൗരി ഖാന്റെ വേഷം വെള്ള നിറത്തിലുള്ള ബ്ലേസറും ലൂസ് പാന്റുമായിരുന്നു. മധുരപലഹാരങ്ങള്‍, പിസ എന്നിവയായിരുന്നു പാര്‍ട്ടിയിലെ പ്രധാന വിഭവങ്ങള്‍. ചോക്കലേറ്റ് കേക്കാണ് അബ്റാം മുറിച്ചത്. 

അബ്റാമിന്റെ പിറന്നാളാഘോഷിക്കാനായി എത്തിയ എന്‍എംഎസിസി ആര്‍ട്‌സ് കഫേയുടെ ഡിസൈനര്‍ ഗൗരി ഖാനേയും സുഹാനയേയും കുടുംബത്തേയും ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന കുറിപ്പോടെയാണ് എന്‍എംഎസിസി വീഡിയോ പങ്കുവെച്ചത്. മധുരമൂറുന്ന നിമിഷങ്ങളും വലിയ പുഞ്ചിരികളും നിറഞ്ഞ മറ്റൊരു സായാഹ്നം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

അബ്റാമിന്റെ പിറന്നാളാഘോഷത്തിന് കുടുംബക്കാര്‍ക്ക് പുറമെ ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദദ്‌ലാനിയും മകളും ഷാരൂഖിന്റെ കുടുംബസുഹൃത്ത് കാജല്‍ ആനന്ദും ഉണ്ടായിരുന്നു. എന്നാല്‍ മകന്റെ പിറന്നാളാഘോഷത്തിന് ഷാരൂഖ് ഖാന്‍ ഉണ്ടായിരുന്നില്ല. കിങ് ഖാന്‍ മാത്രമല്ല, അബ്റാമിന്റെ സഹോദരന്‍ ആര്യന്‍ ഖാനും ജന്മദിനാഘോഷത്തിന് എത്തിയിരുന്നില്ല. ആഘോഷത്തിന് ഇരുവരും എത്താതിരുന്നത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. 

തന്റെ പുതിയ ചിത്രമായ കിങ്ങിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ഷാരൂഖ് ഖാനെന്നും അതിനാലാണ് അബ്റാമിന്റെ ജന്മദിനാഘോഷത്തിന് എത്താതിരുന്നതെന്നുമാണ് റിപ്പോര്‍ട്ട്. തന്റെ ആദ്യ സംവിധാന സംരംഭവുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലാണ് ആര്യന്‍ പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ആര്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം അവസാനത്തോടെ റിലീസ് ചെയ്യുമെന്നാണ് വിവരം.

Content Highlights: AbRam's 12th Birthday Celebrations with Gauri Khan and Suhana. Shah Rukh Khan & Aryan Missing