‘ആ പാഠം പഠിച്ചത് ഒരു കോൺസ്റ്റബിളിൽ നിന്ന്’- ജയിൽ ജീവിതത്തെ കുറിച്ച് സഞ്ജയ് ദത്ത്

അഞ്ചുവർഷത്തെ ജയിൽവാസത്തിനിടയിൽ താൻ പഠിച്ച ജീവിതപാഠം വെളിപ്പെടുത്തി സഞ്ജയ് ദത്ത്. ഒരു പോലീസ് കോൺസ്റ്റബിളിൽ (ഹവിൽദാർ) നിന്നാണ് താനത് പഠിച്ചതെന്നാണ് അദ്ദേഹം തുറന്നുപറഞ്ഞത്. അടുത്തയിടെ നൽകിയ ഒരു കൂടികാഴ്ചയിലാണ് അദ്ദേഹം ഈ കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത്. താൻ ക്ഷമയുടെ മൂല്യത്തെക്കുറിച്ചു പഠിച്ചതിനെപ്പറ്റിയാണ് അദ്ദേഹം തുറന്നുപറഞ്ഞത്.
1993 മാർച്ചിൽ മുംബൈയിൽ നടന്ന സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അറസ്റ്റിലായത്. നിയമവിരുദ്ധമായി ആയുധങ്ങൾ കൈവശം വെച്ചതിനായിരുന്നു കേസ്. പല ഘട്ടങ്ങളിലായാണ് ദത്ത് തന്റെ ജയിൽ ശിക്ഷ അനുഭവിച്ചു തീർത്തത്. മറ്റുള്ളവരോട് ക്ഷമിക്കാൻ പഠിക്കൂ എന്ന് ഒരു ഹവിൽദാർ തന്നോട് പറഞ്ഞുവെന്നാണ് സഞ്ജയ് ദത്ത് പറഞ്ഞത്.
സഞ്ജയ് ദത്തിന്റെ പ്രശസ്തമായ 'ജാദൂ കി ഝപ്പി'യെക്കുറിച്ചും 'സോറി' , 'താങ്ക് യു' എന്നീ വാക്കുകളുടെ മൂല്യത്തെക്കുറിച്ചും സംസാരിക്കുന്നതിനിടയിലാണ് ഈ വിഷയം കടന്നുവന്നത്. ഈ രണ്ട് ലളിതമായ വാക്കുകൾ ഒരു മനുഷ്യനെ എപ്പോഴും വിനയമുള്ളവനാക്കി നിർത്തുമെന്നും മനുഷ്യരെ ക്ഷമിപ്പിക്കാൻ പഠിപ്പിക്കുമെന്നും സഞ്ജയ് ദത്ത് പറഞ്ഞു.
കേൾക്കുമ്പോൾ എളുപ്പമായി തോന്നുമെങ്കിലും, ഇത് പ്രായോഗികമാക്കുക അത്ര എളുപ്പമല്ലെന്നും നടൻ കൂട്ടിച്ചേർത്തു. അത് ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം പറഞ്ഞു. മുൻപും ജയിൽജീവിത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. ജയിലിലെ ദിവസങ്ങൾ ഒരു റോളർ കോസ്റ്റർ റൈഡ് പോലെയായിരുന്നുവെന്നും എന്നാൽ അതിന്റെ നല്ല വശം നോക്കിയാൽ, അത് ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുകയും ഒരു നല്ല മനുഷ്യനാക്കി മാറ്റുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ അഹങ്കാരത്തെ അതില്ലാതാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബമാണ് ഏറ്റവും വലിയ കരുത്തെന്നും അതിനെ ഒരിക്കലും വിലകുറച്ചു കാണരുതെന്നുമുള്ള സന്ദേശവും സഞ്ജയ് ദത്ത് ഊന്നിപ്പറഞ്ഞു.
1981-ൽ 'റോക്കി' എന്ന ചിത്രത്തിലൂടെയാണ് സഞ്ജയ് ദത്ത് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അക്കാലത്ത് ഏറ്റവും കൂടുതൽ ഡിമാൻഡുള്ള നടന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. ഇന്നും അദ്ദേഹത്തിന്റെ ജനപ്രീതിക്ക് ഒട്ടും കുറവ് വന്നിട്ടില്ല.
Content Highlights: Sanjay Dutt reflects on the importance of patience and forgiveness learned from a police constable., The actor emphasizes the value of humility and simple words like 'sorry' and 'thank you'., Details his transformation from a controversial past to a more grounded individual., Highlights the importance of family as a core pillar of strength.