മകന്റെ പിറന്നാളാഘോഷത്തിനെത്തി ഷുഐബ്; ഒപ്പം പോസ് ചെയ്യാതെ സാനിയ

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും വിവാഹ മോചിതരാകുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ട് കുറച്ച് കാലമായി. ഇരുവരും ഇപ്പോള്‍ താമസം ഒരുമിച്ചല്ലെന്നും മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്കിന് വേണ്ടിയാണ് കൂടിക്കാഴ്ച്ചകളെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.
ഇപ്പോഴിതാ മകന്റെ അഞ്ചാം പിറന്നാള്‍ ആഘോഷിക്കാന്‍ ഇരുവരും ഒന്നിച്ചിരിക്കുകയാണ്. ദുബായില്‍ നടന്ന ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഷുഐബ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. പിറന്നാള്‍ കേക്കിനൊപ്പം ഷുഐബും ഇസ്ഹാനും നില്‍ക്കുന്നതാണ് ചിത്രങ്ങളിലുള്ളത്. പശ്ചാത്തലത്തില്‍ സഹോദരി അനം മിര്‍സയുടെ മകള്‍ ദുഅയെ എടുത്തുനില്‍ക്കുന്ന സാനിയയേയും കാണാം. ഇരുവരും വീണ്ടും ഒന്നിക്കുന്നതിന്റെ ശുഭസൂചനയാണോ ഇതെന്ന് ആരാധകര്‍ ചോദിക്കുന്നു. എന്നാല്‍ സാനിയയും ഷുഐബും ഒരുമിച്ച് പോസ് ചെയ്തിട്ടില്ലെന്നും ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നതാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടതെന്നും ചില ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
മകന് പിറന്നാള്‍ ആശംസ നേര്‍ന്ന് സാനിയയും ഇന്‍സ്റ്റഗ്രാമില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. മകന്റെ ചിരി തന്റെ ചുറ്റുമുള്ള ഇരുട്ടിനെ മായ്ച്ചുകളയുമെന്നും ഉപാധികളില്ലാത്ത സ്‌നേഹം എന്താണെന്ന് കാണിച്ചുതന്നതിന് ഒരുപാട് നന്ദിയെന്നും സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒപ്പം പിറന്നാളാഘോഷത്തിനിടെ എടുത്ത കുടുംബ ചിത്രങ്ങളും സാനിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളില്‍ ഷുഐബിന്റെ അഭാവവും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.
2010 ഏപ്രിലിലാണ് സാനിയയും ഷുഐബും വിവാഹിതരായത്. 2018 ഒക്ടോബര്‍ 30-ന് ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്കിന്റെ നാലാം പിറന്നാള്‍ ആഘോഷത്തില്‍ സാനിയയും ഷുഐബും ഒരുമിച്ചുണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ ചിത്രങ്ങള്‍ ഷുഐബ് മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
ഇതിന് പിന്നാലെ സാനിയക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ഷുഐബ് പോസ്റ്റ് പങ്കുവെച്ചിരുന്നു. സാനിയ ടെന്നീസില്‍ നിന്ന് വിരമിച്ചപ്പോഴും പാക് താരം ആശംസ നേര്‍ന്നിരുന്നു. എന്നാല്‍ ഇതിനോടൊന്നും സാനിയ പ്രതികരിച്ചിരുന്നില്ല. വിരമിച്ചതിനു ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ കുടുംബാംഗങ്ങളെ പരമാര്‍ശിച്ചപ്പോഴും ഷുഐബിന്റെ പേര് സാനിയ പറഞ്ഞിരുന്നില്ല.
Content Highlights: sania mirza shares pictures of son izhaan mirza maliks birthday bash avoid posing with shoaib malik