പരമ്പരാഗത സൗന്ദര്യ സങ്കൽപ്പങ്ങളെ വെല്ലുവിളിച്ച 26-കാരി; ആരാണ് പുതുച്ചേരിയിൽ മരിച്ച മോഡൽ സാൻ റേച്ചൽ?

സാൻ റേച്ചൽ | Photos: instagram.com/san_rechal_official
സാൻ റേച്ചൽ | Photos: instagram.com/san_rechal_official

ഞായറാഴ്ചയാണ് മോഡലായ സാന്‍ റേച്ചലിനെ പുതുച്ചേരിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അമിതമായി ഗുളികകള്‍ കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു സാന്‍. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല എന്ന് പറയുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെങ്കിലും എന്തിനാണ് സാന്‍ ജീവനൊടുക്കിയത് എന്ന് ഇനിയും വ്യക്തമല്ല. ഇക്കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുമ്പോള്‍ ആരായിരുന്നു സാന്‍ റേച്ചലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചയാകുന്നത്. 

ഗാന്ധി എന്നും ശങ്കരപ്രിയ എന്നും സാന്‍ റേച്ചല്‍ അറിയപ്പെട്ടിരുന്നു. വെള്ളനിറമുള്ളവരോട് അഭിനിവേശമുള്ള ഇന്ത്യക്കാരുടെ പരമ്പരാഗത സൗന്ദര്യ സങ്കല്‍പ്പങ്ങളെ വെല്ലുവിളിച്ചതിലൂടെയാണ് സാന്‍ ശ്രദ്ധേയയാകുന്നത്. 

2020-2021 വര്‍ഷത്തെ മിസ് പോണ്ടിച്ചേരി, 2019-ലെ മിസ് ഡാര്‍ക്ക് ക്വീന്‍ തമിഴ്‌നാട് എന്നീ സൗന്ദര്യമത്സരങ്ങളിലെ വിജയിയാണ് സാന്‍ റേച്ചല്‍. ഒട്ടേറെ ഫാഷന്‍ ഷോകളിലെ റാംപ് മോഡലായിരുന്ന സാന്‍ ചില പരസ്യചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. മോഡലിങ്ങിന് പുറമെ സ്ത്രീകള്‍ക്കായുള്ള പ്ലാറ്റ്‌ഫോമായ  coto-യിലെ പോണ്ടിച്ചേരി ക്വീന്‍സ് എന്ന കമ്യൂണിറ്റിയില്‍ സജീവമായിരുന്നു അവര്‍. 

കുട്ടിക്കാലം മുതലേ നിറത്തിന്റെ പേരില്‍ വിവേചനം അനുഭവിച്ചിരുന്ന സാന്‍ റേച്ചല്‍, പിന്നീട് മോഡലിങ് രംഗത്ത് വിവേചനങ്ങളില്ലാതെ എല്ലാവരേയും ഉള്‍പ്പെടുത്താനായി അവിശ്രമം പ്രവര്‍ത്തിച്ചു. വര്‍ഷങ്ങളോളം വര്‍ണവിവേചനത്തിന് ഇരയായ സാന്‍ സമാനമായ അനുഭവമുള്ളവരുടെ ശബ്ദമായി മാറി.  

A post shared by San rechal Gandhi / Pageant Coach (@san_rechal_official)

പരമ്പരാഗത സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ നിന്ന് മുക്തമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഭാവിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടെന്ന് സാന്‍ റേച്ചല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. മോഡലിങ് മേഖലയെ കുറിച്ച് നിലവിലുള്ള കാഴ്ചപ്പാട് മാറ്റാന്‍ കഴിയുന്നൊരാളാകുകയാണ് തന്റെ ലക്ഷ്യം. ഏതൊരാള്‍ക്കും തന്റെ സ്വപ്‌നവും ലക്ഷ്യവും നേടാന്‍ കഴിയണമെന്നും അന്ന് സാന്‍ പറഞ്ഞിരുന്നു. 

പലതവണ പിന്തള്ളപ്പെട്ടശേഷമാണ് സാന്‍ റേച്ചല്‍ സൗന്ദര്യമത്സരങ്ങളില്‍ വിജയം പിടിച്ചടക്കുന്നത്. പ്രധാനപ്പെട്ട നാല് സൗന്ദര്യമത്സരങ്ങളില്‍ വിജയിച്ച സാന്‍ ഒട്ടേറെ പുരസ്‌കാരങ്ങളും വാരിക്കൂട്ടിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 1,80,000-ത്തിലേറെ ഫോളോവേഴ്‌സുള്ള സാന്‍ റോസ് നോയിര്‍ ഫാഷന്‍ ആന്‍ഡ് ഗ്രൂമിങ് ലിമിറ്റഡ്, നായകളെ സംരക്ഷിക്കാനായുള്ള നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ റാഡോസ് ഗിഫ്റ്റ് എന്നിവയുടെ സഹസ്ഥാപകയാണ്. അടുത്തിടെയാണ് സാന്‍ റേചലിന്റെ വിവാഹം കഴിഞ്ഞത്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: Who Was Model San Rechal, Who Died By Suicide In Puducherry?