ദയവ് ചെയ്ത് ഭാരം കൂട്ടൂവെന്ന് കമന്റ്, കടുത്ത ഭാഷയിൽ മറുപടി നൽകി സാമന്ത

സാമന്ത റുത്ത് പ്രഭു, Photo:Instagram/samantharuthprabhuoffl
സാമന്ത റുത്ത് പ്രഭു, Photo:Instagram/samantharuthprabhuoffl

ശരീരഭാരവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്നുവന്ന ട്രോളുകള്‍ക്ക് മറുപടിയുമായി നടി സാമന്ത റുത്ത് പ്രഭു. രോഗാവസ്ഥയുമായി ബന്ധപ്പെട്ടുള്ള ഡയറ്റിലാണ് താനെന്നും ആളുകളെ മുന്‍വിധിയോടെ സമീപിക്കുന്നത് നിര്‍ത്തണമെന്നും നടി പറഞ്ഞു. ഇത് 2024 ആണെന്നും താരം മറുപടി നല്‍കി. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര സെഷനിലാണ് ഒരാൾ നടിയോട് കുറച്ച് ഭാരം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. ഇതിനോട് കടുത്ത ഭാഷയിലാണ് സാമന്ത പ്രതികരിച്ചത്. 

വീണ്ടും ഭാരവുമായി ബന്ധപ്പെട്ട ഒരു പ്രതികരണം എത്തിയിരിക്കുന്നുവെന്ന് പറഞ്ഞാണ് നടി മറുപടി നല്‍കിത്തുടങ്ങിയത്. എന്റെ രോഗാവസ്ഥയുമായി ബന്ധപ്പെട്ട് ഞാന്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഡയറ്റിലാണ്. അത് ഭാരം കൂടുന്നതിനെ തടയും. ആളുകളെ മുന്‍വിധിയോടെ സമീപിക്കുന്നത് നിര്‍ത്തണം. ഇത് 2024 ആണ്.- സാമന്ത പറഞ്ഞു.

2022-ലാണ് സാമന്ത തന്റെ രോ​ഗവിവരത്തെക്കുറിച്ച് ആരാധകരുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ മസിലുകളെ ദുര്‍ബലപ്പെടുത്തുന്ന മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ രോ​ഗമാണ് തന്നെ ബാധിച്ചതെന്ന് ഇൻസ്റ്റ​ഗ്രാമിലൂടെയാണ് സാമന്ത അറിയിച്ചത്. 

സാമന്ത പ്രധാന വേഷം ചെയ്യുന്ന 'സിറ്റാഡല്‍: ഹണി ബണ്ണി' എന്ന ആക്ഷന്‍ ടിവി സീരീസ് പുറത്തിറങ്ങാനിരിക്കുകയാണ്.  കെ കെ മേനോന്‍, സാഖിബ് സലീം, സിക്കന്ദര്‍ ഖേര്‍, തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന സിറ്റാഡെല്‍: ഹണി ബണ്ണി നവംബര്‍ ഏഴിന് പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യും. യെ മായാ ചേസാവേ, ഈഗ, നീതാനെ എന്‍ പൊന്‍വസന്തം, മഹാനടി, സൂപ്പര്‍ ഡീലക്‌സ് പോലുള്ള തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് സാമന്ത. രാജ് നിദിമോരുവും കൃഷ്ണ ഡികെയും തന്നെ സംവിധാനം ചെയ്ത 'ഫാമിലി മാന്‍ 2' എന്ന ഹിന്ദി സീരീസിലൂടെയാണ് സാമന്ത ബോളിവുഡിലേക്ക് രംഗപ്രവേശം ചെയ്യുന്നത്.

എന്താണ് മയോസൈറ്റിസ് ?

എല്ലുകള്‍ക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ് . ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖമാണിത്. കഴുത്തിലും തോളിലും തുടകളിലും ശരീരത്തിന്റെ പിന്‍ഭാഗങ്ങളിലുമുള്ള മസിലുകളെയെല്ലാം ഇത് ബാധിക്കും. 

നിരന്തരമായി വേദനയും ക്ഷീണവും അനുഭവപ്പെടുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്. ഇരിക്കാനും നില്‍ക്കാനുമുള്ള പ്രയാസം, തല ഉയര്‍ത്തിപ്പിടിക്കാനാവാത്ത അവസ്ഥ തുടങ്ങിയവയെല്ലാം മയോസൈറ്റിസ് രോഗത്തിന്റെ ലക്ഷണങ്ങളായി കണ്ടുവരാറുണ്ട്.  

Content Highlights: Samantha Ruth Prabhu reply Asking Her To Gain Weight