'അമ്മയ്ക്ക് തന്നേക്കാള്‍ ഇഷ്ടം സഹീറിനോടാണ്, ഡേറ്റിങ്ങിലാണെന്ന് ആദ്യം പറഞ്ഞത് അച്ഛനോട്'

സഹീര്‍ ഖാനും സാഗരിക ഘാട്‌കെയും } Photo:Instagram.com/sagarikaghatge
സഹീര്‍ ഖാനും സാഗരിക ഘാട്‌കെയും } Photo:Instagram.com/sagarikaghatge

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഇടങ്കൈയ്യൻ പേസ് ബൗളർമാരിൽ ഒരാളായ സഹീർ ഖാനും ബോളിവുഡ് നടി സാ​ഗരിക ഘാട്കെയും 2017-ലാണ് വിവാഹം കഴിക്കുന്നത്. നടിയും മോഡലുമായ ഇഷ ഷെര്‍വാണിയുമായുള്ള പ്രണയത്തകര്‍ച്ചയുടെ നിരാശ മറികടന്നാണ് താരം സാ​ഗരികയുമൊത്തുള്ള ജീവിതം ആരംഭിക്കുന്നത്. ഇപ്പോഴിതാ ദാമ്പത്യജീവിതം അഞ്ചുവർഷം പിന്നിടുമ്പോൾ സഹീർ ഖാനുമായുള്ള പഴയ നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് സാ​ഗരിക. അടുത്തിടെ ഇരുവരും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. 

ഹൗട്ടര്‍ഫ്‌ളൈയ്ക്ക് നല്‍കിയ അഭിമുഖത്തില്ലാണ് സഹീര്‍ ഖാന്‍ ഐ.പി.എല്ലിനിടെ നടത്തിയ വിവാഹാഭ്യാര്‍ഥനയെക്കുറിച്ചും പഴയ സംഭവങ്ങളെക്കുറിച്ചുമൊക്കെ നടി തുറന്നുപറഞ്ഞത്. തങ്ങളുടെ മതങ്ങള്‍ സംബന്ധിച്ച് കുടുംബങ്ങള്‍ക്കിടയില്‍ കാര്യമായ ചര്‍ച്ചകള്‍ നടന്നിട്ടില്ല.  മറ്റുള്ളവരാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നത്. തന്റെ മാതാപിതാക്കള്‍ പുരോഗമന ചിന്താഗതിയുള്ളവരാണ്.-അഭിമുഖത്തിലെ ചോദ്യത്തിന് മറുപടിയെന്നോണം സാഗരിക പറഞ്ഞു.

സഹീര്‍ ഖാന്‍ ആദ്യമായി പിതാവിനെ കണ്ട നിമിഷവും സാഗരിക ഓര്‍ത്തെടുത്തു.ജീവിതം പങ്കുവെക്കാന്‍ ഏറ്റവും ഉചിതമായ മനുഷ്യനെ കണ്ടെത്തുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. അച്ഛനുമായും അമ്മയുമായും മനോഹരമായ ബന്ധത്തിലായിരുന്നു സഹീറെന്നും അമ്മയ്ക്ക് തന്നേക്കാള്‍ ഇഷ്ടം സഹീറിനോടാണെന്നാണ് തോന്നുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു. സുഹൃത്തുക്കളായ യുവരാജ് സിങ്ങിന്റേയും ഹെയ്സല്‍ കീച്ചിന്റേയും വിവാഹസമയത്താണ്  ഇരുവരും ആദ്യമായി ഒരുമിച്ച് പൊതുവേദിയിലെത്തുന്നത്. ഇതിന് മുമ്പ് സഹീറുമായി ഡേറ്റിങ്ങിലാണെന്നുള്ള കാര്യം അച്ഛനെ അറിയിച്ചിരുന്നതായും നടി പറഞ്ഞു.

ഒരു പൊതുസുഹൃത്ത് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സഹീറും ബോളിവുഡ് നടി സാഗരിക ഘാട്കെയും ആദ്യമായി കണ്ടുമുട്ടുന്നത്. നടിയും മോഡലുമായ ഇഷ ഷെര്‍വാണിയുമായുള്ള പ്രണയത്തകര്‍ച്ചയുടെ നിരാശയിലായിരുന്നു അന്ന് സഹീര്‍.  യുവരാജ് സിങ്ങിന്റെ വിവാഹത്തിന്  ഒരുമിച്ച് പൊതുവേദിയിലെത്തിയതിന് പിന്നാലെ സാഗരികയുമായുള്ള ബന്ധം സഹീര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരസ്യമാക്കുകയായിരുന്നു. 2017 നവംബര്‍ 23-നാണ് സഹീറും സാഗരികയും ഒരുമിച്ചുള്ള ജീവിതം തുടങ്ങിയത്.
 

Content Highlights: Sagarika Ghatge On Her Relationship With Husband Zaheer Khan