ആഗ്രഹിച്ചു വാങ്ങിയ ബിഎംഡബ്ല്യു ബൈക്കില്‍ അവസാന യാത്ര; റഷ്യയിലെ ഏറ്റവും സുന്ദരിയായ റൈഡര്‍ ഇനി ഓര്‍മ

താത്യാന ഒസോലിന | Photo: Instagram/ Tatyana Ozolina
താത്യാന ഒസോലിന | Photo: Instagram/ Tatyana Ozolina

ഷ്യയിലെ പ്രശസ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും മോട്ടോതാന്യ എന്നറിയപ്പെടുന്ന ബൈക്ക് റൈഡറുമായ താത്യാന ഒസോലിനയ്ക്ക് ദാരുണാന്ത്യം. തുര്‍ക്കിയില്‍ നടന്ന ബൈക്ക് അപകടത്തിലായിരുന്നു 38കാരിയുടെ അന്ത്യം. താത്യാന ഓടിച്ചിരുന്ന ബിഎംഡബ്ല്യു ബൈക്ക്, ട്രക്കില്‍ ഇടിച്ചാണ് അപകടം.

മിലാസ്-സോക്ക് ഹൈവേയിലാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. താത്യാന സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന തുര്‍ക്കി ബൈക്ക് റൈഡര്‍ ഒനുര്‍ ഒബുട്ട് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. 

റഷ്യയിലെ ഏറ്റവും സുന്ദരിയായ ബൈക്ക് റൈഡര്‍ എന്നാണ് താത്യാന അറിയപ്പെടുന്നത്. 10 ലക്ഷം ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ അവരെ ഫോളോ ചെയ്യുന്നത്. ടിക് ടോക്കില്‍ 50 ലക്ഷം ഫോളോവേഴ്‌സുണ്ട്. യുട്യൂബില്‍ 20 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണുള്ളത്. 

നിരവധി ബൈക്ക് റൈഡുകളുടെ വീഡിയോകളും യാത്രക്കിടയിലുള്ള വീഡിയോകളും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. മിക്ക ചിത്രങ്ങളും വീഡിയോയും ഹെല്‍മെറ്റ് ധരിച്ചുള്ളതാണ്. 13 വയസുള്ള മകനൊപ്പമെടുത്ത റീലും താത്യാന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഏഴ് ദിവസം മുമ്പാണ് താത്യാന അവസാന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. തുര്‍ക്കിയില്‍ നിന്നെടുത്ത ഈ വീഡിയോയില്‍ തനിക്ക് ബൈക്കുകളോടുള്ള സ്‌നേഹത്തെ കുറിച്ചാണ് അവര്‍ പറയുന്നത്. ബൈക്കിനെ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. ബൈക്കുമായി ഗ്രീസില്‍ പ്രവേശിക്കാന്‍ സാധിക്കാത്തതിന്റെ സങ്കടവും ഈ വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ താത്യാന വിശദീകരിക്കുന്നുണ്ട്. 

റഷ്യയിലെ ഓംസ്‌കിലാണ് താത്യാന ജനിച്ചത്. 15-ാം വയസ് മുതല്‍ മാതാപിതാക്കളില്‍ നിന്ന് അകന്ന് സ്വതന്ത്ര്യ ജീവിതം നയിക്കുന്ന അവര്‍ 2012-ല്‍ മോസ്‌ക്കോയിലേക്ക് മാറി. റൈഡിങ്ങിനോടുള്ള അതിയായ ആഗ്രഹത്താല്‍ ആദ്യ സമ്പാദ്യംകൊണ്ട് ബൈക്ക് വാങ്ങുകയാണ് ചെയ്തത്. അതിനുശേഷം സോഷ്യല്‍ മീഡിയയില്‍ റൈഡിങ്ങിനിടയില്‍ നിന്നെടുത്ത വീഡിയോകള്‍ പങ്കുവെയ്ക്കാന്‍ തുടങ്ങി. 

ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയതോടെ റഷ്യന്‍ മ്യൂസിക് വീഡിയോയിലും താത്യാന അഭിനയിച്ചു. പ്രശസ്ത റഷ്യന്‍ മാസികകളുടെ കവര്‍ ഗേളുമായി. കുറച്ച് കാലം മുമ്പാണ്‌ 20 ലക്ഷം രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍ സ്വന്തമാക്കിയത്. ഏറെ ആഗ്രഹിച്ചുവാങ്ങിയ ആ ബൈക്കില്‍ തന്നെയായി താത്യാനയുടെ അവസാന യാത്രയും. 

Content Highlights: russian biker and influencer tatyana ozolina killed in motorbike crash in turkey