'നിങ്ങളുടെ കാമുകിയെപ്പോലെ എന്റെ ഭാര്യയും അവിടെയിരിക്കുന്നുണ്ട്';ബൗളര്‍മാരോട് രോഹിത് പറയും

Photo: instagram/ rohit sharma
Photo: instagram/ rohit sharma

ക്രിക്കറ്റ് താരങ്ങളുടെ മത്സരങ്ങള്‍ കാണാന്‍ അവരുടെ ഭാര്യമാരും കാമുകിമാരുമെല്ലാം ഗാലറിയിലെത്തുന്നത് പതിവാണ്. വിരാട് കോലിയുടെ ഭാര്യ അനുഷ്‌ക ശര്‍മയേയും രോഹിത് ശര്‍മയുടെ ഭാര്യ റിതിക സജ്‌ദേഹിനേയുമെല്ലാം വിഐപി ഗാലറിയില്‍ കാണാം.

അടുത്തിടെ കപില്‍ ശര്‍മയുടെ ഷോയില്‍ അതിഥിയായെത്തിയപ്പോള്‍ ഇതുമായി ബന്ധപ്പെട്ടൊരു ചോദ്യം രോഹിത് നേരിട്ടു. കാമുകി ഗാലറിയിലിരിക്കുന്നതിനാല്‍ സിക്‌സ് അടിക്കരുതെന്ന് ഏതെങ്കിലും ബൗളര്‍ രോഹിതിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ എന്നതായിരുന്നു ചോദ്യം. ചില ബൗളര്‍മാര്‍ അങ്ങനെ തന്നോട് പറയാറുണ്ടെന്നും താന്‍ അതിന് ചെവി കൊടുക്കാറില്ലെന്നും രോഹിത് മറുപടി നല്‍കി. അതിന് കാരണം ഭാര്യ റിതിക സജ്‌ദേഹാണെന്നും രോഹിത് പറയുന്നു.

'ഇതുപോലുള്ള സംഭാഷണങ്ങള്‍ നടക്കാറുണ്ട്. ഇത്തരം ആവശ്യങ്ങളുമായി വരുന്ന ബൗളര്‍മാരോട് ഞാന്‍ പറയാറുള്ളത് നിങ്ങളുടെ കാമുകി ഗാലറിയില്‍ ഇരിക്കുന്നതുപോലെ എന്റെ ഭാര്യയും അവിടെ ഇരിക്കുന്നുണ്ടാകും. തന്റെ വിരലുകള്‍ കോര്‍ത്തുപിടിച്ച് ടെന്‍ഷനോടെയാണ് എന്റെ ഭാര്യ ഇരിക്കുന്നുണ്ടാകുക. അതുകൊണ്ട് ഞാന്‍ അവള്‍ക്കാണ് ഞാന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് എന്നാണ്.' രോഹിത് വ്യക്തമാക്കുന്നു. 

രോഹിതിനൊപ്പം ഷോയ്‌ക്കെത്തിയ റിതികയോടായിരുന്നു കപിലിന്റെ അടുത്ത ചോദ്യം. ക്രിക്കറ്റ് താരമായിട്ടാണോ ഭര്‍ത്താവായിട്ടാണോ രോഹിതിനെ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ പ്രയാസം എന്നതായിരുന്നു കപില്‍ ചോദിച്ചത്്. ക്യാപ്റ്റനായിട്ട് കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് ഒരു ടീമുണ്ടെന്നും ഭര്‍ത്താവ് എന്ന നിലയില്‍ കൈകാര്യം ചെയ്യാനാണ് തനിക്ക് പ്രയാസമെന്നും റിതിക മറുപടി നല്‍കി. 

ഇതിന് പിന്നാലെ രോഹിതും ഈ ചോദ്യത്തോട് പ്രതികരിച്ചു. റിതികയ്ക്ക് ഗ്രൗണ്ടിലോ ഡ്രസ്സിങ് റൂമിലോ വരാനുള്ള അനുവാദമില്ലെന്നും അതേസമയം തനിക്ക് വീട്ടിലേക്ക് കയറാനുള്ള അനുവാദമുണ്ടെന്നും രോഹിത് വ്യക്തമാക്കി. എന്നാല്‍ വീട്ടില്‍ റിതികയായിരിക്കും ക്യാപ്റ്റനെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. 


 

Content Highlights: rohit sharma and n kapil sharma show