മകന് ഒന്നാം പിറന്നാൾ, നിറവയറിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് റിഹാന

പോപ് താരം റിഹാനയ്ക്ക് ലോകമെമ്പാടും നിരവധി ആരാധകർ ആണുള്ളത്. ഇൻസ്റ്റഗ്രാം പേജിലൂടെ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ വൈറലാകാറുണ്ട്. ഇപ്പോഴിതാ ആദ്യ ഗർഭകാലത്ത് പകർത്തിയ ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് റിഹാന പോസ്റ്റ് ചെയ്തിരിക്കുന്നത്.
മകൻ RZA അതെൽസ്റ്റൺ മേയേഴ്സിന്റെ ഒന്നാം പിറന്നാളിനോട് അനുബന്ധിച്ചാണ് റിഹാന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ഈ ആഴ്ച്ചയാണ് റിഹാന-അസാപ് റോക്കി ദമ്പതികളുടെ കുഞ്ഞിന് ഒരുവയസ്സ് പൂർത്തിയായത്. മകന്റെ പിറന്നാൾ കൂടുതൽ സ്പെഷലാക്കാൻ ആണ് താരം നിറവയറിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. താരത്തിന്റെ ടോപ്ലെസ് ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.
ബിക്കിനി സ്റ്റൈലിൽ അണിഞ്ഞ ജ്വല്ലറി താരത്തിന്റെ മാറ്റുകൂട്ടി.മുടി അഴിച്ച്, നിറവയറിൽ ചിത്രങ്ങൾക്ക് പോസ്ചെയ്യുന്ന റിഹാനയാണ് ചിത്രങ്ങളിലുള്ളത്.
നിലവിൽ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് റിഹാന. വെള്ളനിറത്തിലുള്ള ഗൗണിൽ നിറവയറോടെയുള്ള മെറ്റ് ഗാലയിൽ പങ്കെടുക്കുന്ന റിഹാനയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. 2020ലാണ് റിഹാനയും അസാപ് റോക്കിയും പ്രണയത്തിലാണെന്ന് സ്ഥിരീകരിക്കുന്നത്.
ബാർബഡോസിലെ സെയ്ന്റ് മൈക്കിളിൽ ജനിച്ച റിഹാന തലസ്ഥാനമായ ബ്രിഡ്ജ്ടൗണിലാണ് വളർന്നത്. ദരിദ്രമായ ചുറ്റുപാടിൽ വളർന്ന അവരെ അമേരിക്കൻ പ്രൊഡ്യൂസറായ ഇവാൻ റോഗേഴ്സാണ് സംഗീതമേഖലയിൽ ഉയർത്തിക്കൊണ്ടുവന്നത്.
സംഗീതമേഖലയിൽ ഗ്രാമി പുരസ്‌കാരങ്ങൾപോലെ വലിയ അംഗീകാരങ്ങൾ സ്വന്തമാക്കിയ റിഹാന മേയ്ക്ക് അപ്, ഫാഷൻ രംഗത്തും വിജയക്കൊടി പാറിച്ചു. ഫെന്റി ബ്യൂട്ടി എന്ന പേരിൽ സൗന്ദര്യവർധക ഉത്പന്നങ്ങളുടെ കമ്പനി ആരംഭിച്ചു. ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കലാകാരികളിൽ ഒരാളാണ് റിഹാന.
സംഗീത ജീവിതത്തിനിടയിൽ ഒമ്പത് ഗ്രാമി അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഫോബ്സ് മാഗസിനും ടൈം മാഗസിനും ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിലും റിഹാനയെ ഉൾപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Rihanna bares it all in bold photoshoot from first pregnancy