ജീവിക്കുന്നത് ഇന്ത്യയിലാണ്, പെൺകുഞ്ഞിനെ വളർത്താൻ തോക്ക് വാങ്ങണമെന്ന് തോന്നി -റിച്ച ഛദ്ദ

ബോളിവുഡ് താരങ്ങളായ റിച്ച ഛദ്ദയ്ക്കും അലി ഫസലിനും കഴിഞ്ഞ വര്‍ഷമാണ് പെണ്‍കുഞ്ഞ് പിറന്നത്. കഴിഞ്ഞ ജൂലായിലാണ് റിച്ചയുടെ കുടുംബം പൊന്നോമനയെ വരവേറ്റത്. ഇപ്പോഴിതാ കുഞ്ഞുണ്ടാകാന്‍ പോകുന്ന സമയത്ത് താന്‍ അനുഭവിച്ച വൈകാരിക വിക്ഷോഭങ്ങള്‍ പങ്കുവെക്കുകയാണ് റിച്ച. ലില്ലി സിങ്ങിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
പെണ്‍കുഞ്ഞുണ്ടാകുകയെന്നത് തന്നെ പേടിപ്പിച്ചിരുന്ന ഒന്നാണെന്ന് റിച്ച പറയുന്നു. സമകാലിക യാഥാര്‍ഥ്യങ്ങളും മാതൃത്വം നല്‍കുന്ന വ്യക്തിപരമായ മാറ്റങ്ങളും ആദ്യഘട്ടത്തില്‍ തന്നെ ഉത്കണ്ഠാകുലയാക്കിയെന്നും റിച്ച ഛദ്ദ പറയുന്നു.
'ആ സമയത്ത് ഞാന്‍ കുറച്ച് പേടിച്ചിരുന്നു. ലോകത്ത് ഇപ്പോള്‍ കാലാവസ്ഥാ വ്യതിയാനവും വംശഹത്യയും ഒപ്പം കുറേ അസംബന്ധങ്ങളുമെല്ലാമുണ്ട്. അതിനാല്‍ കുഞ്ഞുണ്ടാകുക എന്നത് നല്ലൊരാശയമാണോ എന്ന് തോന്നി. സര്‍വ്വസ്വതന്ത്രയായിരിക്കുന്ന നിങ്ങള്‍, മറ്റൊരു മനുഷ്യജീവന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതിനാല്‍ ഒറ്റയടിക്ക് മാറുന്നു. ആദ്യ ആറ് മാസം കുഞ്ഞിന്റെ ഭക്ഷണത്തിനായുള്ള ഏക സ്രോതസ്സായിരിക്കുകയെന്നത് വലിയ പ്രതിബദ്ധതയാണ്. അന്ന് എനിക്ക് ആദ്യം തോന്നിയത് ഭയമായിരുന്നു. എന്റെ ജീവിതം അവസാനിച്ചോ എന്ന് തോന്നി എനിക്ക്.' -റിച്ച പറഞ്ഞു.
'നമ്മള്‍ ഇന്ത്യയിലാണ് ജീവിക്കുന്നത്. അതുകൊണ്ട് ഒരു തോക്ക് വാങ്ങണം എന്നെനിക്ക് തോന്നി. എന്നാല്‍ പിന്നീട് വരുന്നിടത്ത് വെച്ച് കാണാം എന്ന തോന്നലിലേക്ക് ഞാനെത്തി. ഞങ്ങള്‍ അവളെ എന്നെ പോലെ കരുത്തയാക്കി വളര്‍ത്തും.' -റിച്ച ഛദ്ദ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂലായ് 16-നാണ് റിച്ചയ്ക്കും അലി ഫസലിനും കുഞ്ഞ് പിറന്നത്. രണ്ടുപേരും ഒന്നിച്ചാണ് ഇക്കാര്യം അന്ന് ലോകത്തെ അറിയിച്ചത്. സുനെയ്‌റ ഇദ ഫസല്‍ എന്ന പേരാണ് കുഞ്ഞിന് ഇരുവരും ചേര്‍ന്ന് നല്‍കിയത്. അതേസമയം കുഞ്ഞിന്റെ മുഖം ഇതുവരെ റിച്ചയും അലിയും പുറത്തുവിട്ടിട്ടില്ല.
Content Highlights: Richa Chadha said she was scared about having a baby girl: 'I felt like I had to buy a gun'