'മകളുടെ ചെണ്ട അരങ്ങേറ്റം'- വീഡിയോ പങ്കുവെച്ച് നടി മേനക

മകൾ രേവതി സുരേഷിന്റെ ചെണ്ട അരങ്ങേറ്റത്തിന്റെ വീഡിയോ പങ്കുവെച്ച് നടി മേനക. തിരുവനന്തപുരം ആറ്റുകാൽ ദേവീക്ഷേത്രത്തിൽ നടന്ന ചടങ്ങിലായിരുന്നു അരങ്ങേറ്റമെന്നും വീഡിയോയ്‌ക്കൊപ്പം മേനക കുറിച്ചു. മേനകയുടേയും നിർമാതാവായ സുരേഷ് കുമാറിന്റേയും മൂത്ത മകളാണ് രേവതി.
'എന്റെ മകൾ രേവതി സുരേഷിന്റെ ചെണ്ട അരങ്ങേറ്റം ആറ്റുകാൽ ദേവീക്ഷേത്രത്തിൽ' എന്ന കുറിപ്പോടെയാണ് മേനക വീഡിയോ പങ്കുവെച്ചത്. നടി ലിസി ഉൾപ്പെടെയുള്ള ഒട്ടേറെപ്പേർ രേവതിക്ക് അഭിനന്ദനം അറിയിച്ച് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു.
ഭരതനാട്യം നർത്തകി കൂടിയായ രേവതി സിനിമാ നിർമാതാവ്, വിഷ്വൽ എഫക്റ്റ്‌സ് ആർട്ടിസ്റ്റ് എന്നീ നിലകളിലും തിളങ്ങിയിട്ടുണ്ട്. സംവിധായകൻ പ്രിയദർശന്റെ സംവിധാന സഹായിയായി വർഷങ്ങളോളം പ്രവർത്തിച്ച രേവതി 'താങ്ക് യു' എന്ന ഹ്രസ്വചിത്രത്തിലൂടെ സംവിധാനത്തിലും അരങ്ങേറ്റം കുറിച്ചു. നിലവിൽ രേവതി കലാമന്ദിറിന്റെ ക്രിയേറ്റീവ് ഡയറക്ടറാണ്.
Content Highlights: suresh kumar and menaka daughter revathi suresh chendamelam debut