'ഞാന്‍ മദ്യപാനിയും ആഭാസനുമാണെന്ന് മഹേഷ് ഭട്ട് കള്ളം പറഞ്ഞു,പൂജയുടെ സഹോദരന്‍ എന്നെ ഉപദ്രവിച്ചു'

രണ്‍വീര്‍ ഷൂരി/ മഹേഷ് ഭട്ടും പൂജ ഭട്ടും | Photo: AFP/ Instagram/ Pooja Bhatt
രണ്‍വീര്‍ ഷൂരി/ മഹേഷ് ഭട്ടും പൂജ ഭട്ടും | Photo: AFP/ Instagram/ Pooja Bhatt

സംവിധായകന്‍ മഹേഷ് ഭട്ടിനും മകള്‍ പൂജ ഭട്ടിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി നടന്‍ രണ്‍വീര്‍ ഷൂരി. പൂജ ഭട്ടുമായി പ്രണയത്തകര്‍ച്ചയായിരുന്നു ജീവിതത്തിലെ ഏറ്റവും മോശം കാര്യമെന്നും ആ സമയത്ത് തന്നെ കുറിച്ച് നിറം പിടിപ്പച്ച കഥകള്‍ മഹേഷ് ഭട്ട് മെനഞ്ഞുവെന്നും രണ്‍വീര്‍ ഷൂരി അഭിമുഖത്തില്‍ പറയുന്നു. 

തന്റെ അച്ഛനോട് എല്ലാം സംസാരിച്ച് ശരിയാക്കിയെന്ന് പറഞ്ഞ മഹേഷ് ഭട്ട് പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പുതിയ കഥകള്‍ അവതരിപ്പിച്ചുവെന്നും തന്നെ മദ്യപാനിയായ ആഭാസനായി ചിത്രീകരിച്ചുവെന്നും രണ്‍വീര്‍ ഷൂരി ആരോപിക്കുന്നു. 'ഞാനും പൂജയും തമ്മില്‍ വഴക്കുകളുണ്ടായപ്പോള്‍ അദ്ദേഹത്തോടുള്ള എന്റെ ബഹുമാനം അദ്ദേഹം ഉപയോഗിക്കുകയാണ് ചെയ്തത്. ആ സമയത്ത് അദ്ദേഹം എന്റെ പിതാവിനോട് പറഞ്ഞത് 'ഈ വിഷയം നമുക്ക് ഇവിടെ അവസാനിപ്പിക്കാം. വഴക്കിനെ കുറിച്ച് ഇനി നമ്മള്‍ സംസാരിക്കേണ്ട' എന്നാണ്. എന്നാല്‍ തൊട്ടടുത്ത ദിവസം അദ്ദേഹം എന്നെ കുറിച്ച് പല കള്ളക്കഥകളും പ്രചരിപ്പിച്ചു. എന്നെ ഒരു മദ്യപാനിയും ആഭാസനുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചിത്രീകരിച്ചു. അതെല്ലാം നുണകളായിരുന്നു'- രണ്‍വീര്‍ ഷൂരി വ്യക്തമാക്കുന്നു. 

പൂജയുടെ സഹോദരന്‍ രാഹുല്‍ ഭട്ട് തന്നെ ആക്രമിച്ചെന്നും അത് പൂജയുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയെന്നും രണ്‍വീര്‍ ഷൂരി പറയുന്നു. 'എന്നെ ഉപദ്രവിച്ചവരില്‍ ഒരാള്‍ പൂജയുടെ സഹോദരനാണ്. എന്നോട് അങ്ങനെ പെരുമാറരുതെന്ന് മഹേഷ് ഭട്ടിന് അവരോട് പറയാമായിരുന്നു. എന്നാല്‍ അതൊന്നുമുണ്ടായില്ല. എന്നോട് സ്‌നേഹം കാണിക്കുന്നതെല്ലാം അഭിനയമാണെന്ന് മനസിലായി. ഇതെല്ലാം 25 വര്‍ഷങ്ങള്‍ പഴക്കമുള്ള കാര്യങ്ങളാണ്. അത് ഇനിയും വലിച്ചിഴക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.' രണ്‍വീര്‍ ഷൂരി വ്യക്തമാക്കുന്നു.

2000-ത്തിന്റെ തുടക്കത്തിലായിരുന്നു രണ്‍വീറും പൂജയും തമ്മിലുള്ള പ്രണയം. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുകയായിരുന്നു. ആ ബന്ധം അവസാനിച്ച ശേഷം രണ്‍വീര്‍ തന്നെ ഉപദ്രവിച്ചുവെന്ന് പൂജ ആരോപിച്ചിരുന്നു. 

പിന്നീട് രണ്‍വീര്‍ നടി കൊങ്കണ സെന്‍ ശര്‍മയെ വിവാഹം ചെയ്തു. 2015-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഹാറൂണ്‍ എന്നൊരു മകനുണ്ട്. വീഡിയോ ജോക്കിയായ മനീഷ് മഖീജയെയാണ് പൂജ വിവാഹം ചെയ്തത്. 2014-ല്‍ ഇരുവരും വിവാഹമോചിതരായി.
 

Content Highlights: ranvir shorey on ugly breakup with pooja bhatt