'ഞാൻ മണ്ടത്തരം ചെയ്തു'; ഭാരമുയര്‍ത്തുമ്പോൾ ശ്രദ്ധ വേണം, ആരോഗ്യസ്ഥിതി പങ്കുവെച്ച് രാകുല്‍ പ്രീത്

രാകുല്‍ പ്രീത് സിങ് |ഫോട്ടോ:AFP
രാകുല്‍ പ്രീത് സിങ് |ഫോട്ടോ:AFP

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപാട് ആരാധകരുള്ള നടിയാണ് രാകുല്‍ പ്രീത് സിങ്. 2009-ല്‍ ഗില്ലി എന്ന കന്നഡ ചിത്രത്തിലൂടെ അരങ്ങേറിയ താരം 2011-ല്‍ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തു. പിന്നീട് നിരവധി തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളുടെ ഭാഗമായി. വര്‍ക്കൗട്ടിനിടെ 80 കിലോഗ്രാം  ഭാരം ഉയർത്തുന്നതിനിടെ നടുവിന് ഗുരുതര പരിക്കേറ്റ് വിശ്രമത്തിലാണ് ബോളിവുഡ് നടി രാകുല്‍ പ്രീത് സിങ്. തന്റെ നിലവിലെ ആരോഗ്യ സ്ഥതി ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. സ്വന്തം ശരീരം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതിന്റെ പ്രധാന്യവും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.

'പ്രിയപ്പെട്ടവരെ ഇതാ ഒരു ചെറിയ ഹെല്‍ത്ത് അപ്‌ഡേറ്റ്. ഞാന്‍ മണ്ടത്തരമാണ് ചെയ്തത്. ഞാന്‍ എന്റെ ശരീരത്തെ ശ്രദ്ധിച്ചില്ല. എനിക്ക് ഞെരമ്പിന് വലിവ് ഉണ്ടായിരുന്നു. അത് മുഖവിലയ്‌ക്കെടുക്കാതിരുന്നത് ഇപ്പോള്‍ വലിയൊരു പരിക്കായി മാറി. കഴിഞ്ഞ ആറ് ദിവസമായി ഞാന്‍ കിടക്കയിലാണ്. പൂര്‍ണ്ണമായി സുഖം പ്രാപിക്കാന്‍ ഒരാഴ്ച കൂടി എടുക്കുമെന്ന് കരുതുന്നു. വേഗത്തില്‍ ഞാന്‍ സുഖം പ്രാപിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. വിശ്രമിക്കുന്നത് എളുപ്പമുള്ള ഒന്നല്ല. പക്ഷേ, നിങ്ങളുടെ ശരീരം നിങ്ങള്‍ക്ക് സിഗ്‌നലുകള്‍ നല്‍കുമ്പോള്‍ ദയവായി ശ്രദ്ധിക്കുക എന്നത് ഒരു പാഠമാണ്. തള്ളികളയാന്‍ ശ്രമിക്കരുത്. ശരീരത്തേക്കാള്‍ ശക്തമാണ് എന്റെ മനസ്സെന്ന് ഞാന്‍ കരുതിയിരുന്നത്. ഇത് എല്ലായ്‌പ്പോഴും അങ്ങനെ പ്രവര്‍ത്തിക്കില്ല. നിങ്ങളുടെ എല്ലാ ആശംസകള്‍ക്കും വളരെ നന്ദി. പ്രത്യേകിച്ച് എന്നെ മിസ് ചെയ്യുന്ന ആളുകള്‍ക്ക്. ഞാന്‍ കൂടുതല്‍ ശക്തമായി തിരിച്ചുവരും' -രാകുല്‍ പ്രീത് സിങ് പറഞ്ഞു.

വര്‍ക്കൗട്ടുമായി ബന്ധപ്പെട്ട പരിക്കുകളുടെ പ്രധാന കാരണം കാര്യമായ വാംഅപ്പ് ഇല്ലാത്തതാണെന്ന് വിദഗ്ധര്‍ പറയുന്നു. ഡെഡ് ലിഫ്റ്റ് പോലുള്ള വ്യായാമ വേളയില്‍ ബെല്‍റ്റ് പോലുള്ളവ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlights: Rakul Preet shares health update after suffering a major injury