രാജസ്ഥാൻ റോയൽസിന്റെ ഓഹരികൾ ശില്പയ്ക്കുള്ള വാലന്റൈൻസ് ഡേ സമ്മാനമായിരുന്നെന്ന് രാജ് കുന്ദ്ര

2009ൽ രാജസ്ഥാൻ റോയൽസിന്റെ ഓഹരികൾ വാങ്ങിയത് ഭാര്യയും നടിയുമായ ശില്പ ഷെട്ടിക്കുള്ള വാലന്റൈൻസ് ഡേ സമ്മാനമായിട്ടാണെന്ന് വെളിപ്പെടുത്തി രാജ് കുന്ദ്ര. യുട്യൂബ് ചാനലായ എസ്എംടിവിക്ക് നൽകിയ അഭിമുഖത്തിലാണ് രാജിന്റെ വെളിപ്പെടുത്തൽ.
'ഞാനതൊരു വാലന്റൈൻസ് ഡേ സമ്മാനമായാണ് വാങ്ങിയത്. ശിൽപയ്ക്ക് ബ്രാൻഡ് മൂല്യമുണ്ടെന്നും പണം മുടക്കുന്നത് ഞാനാണെന്നും ഞാൻ കരുതി. അന്ന് ഞാൻ ഓഹരി വാങ്ങി, പക്ഷെ കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു,' അദ്ദേഹം പറഞ്ഞു. ഐപിഎൽ ടീമിൽ നിക്ഷേപം നടത്തിയ സമയത്ത് അതിന്റെ മൂല്യം ഏകദേശം 700 കോടി രൂപയായിരുന്നുവെന്നും രാജ് പറഞ്ഞു. ഇപ്പോൾ ഏകദേശം 16,000 കോടി രൂപയാണ് അതിന്റെ മൂല്യം. രാജസ്ഥാൻ റോയൽസിൽ ഓഹരി നേടാൻ 81.9 കോടി രൂപയാണ് രാജ് അന്ന് ചെലവഴിച്ചത്.
2013ൽ രാജസ്ഥാൻ റോയൽസിന്റെ സഹ ഉടമയായ രാജ് കുന്ദ്രയെ വാതുവെപ്പ് കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിരുന്നു. സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ അന്വേഷണത്തെത്തുടർന്ന്, പിന്നീട് ക്രിക്കറ്റ് സംബന്ധമായ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും അദ്ദേഹത്തെ ആജീവനാന്തം വിലക്കി. രാജസ്ഥാൻ റോയൽസിനെ ഐപിഎല്ലിലെ രണ്ട് സീസണുകളിൽനിന്നും വിലക്കിയിരുന്നു.
'വാതുവെപ്പ് കേസിൽ ഞങ്ങൾ പ്രതിചേർക്കപ്പെട്ടു, വാതുവെപ്പ് അനുവദനീയമായിരുന്നില്ല. രണ്ടുവർഷത്തെ വിലക്കാണ് ടീമിന് നേരിടേണ്ടി വന്നത്. ചില കളിക്കാർക്ക് ഒത്തുകളി നടത്തിയെന്ന് ആരോപിച്ചും വിലക്ക് ലഭിച്ചു. എന്തായിരുന്നു ആ വാതുവെപ്പ് എന്ന് ചോദിച്ചാൽ നിങ്ങളും ഞാനും ഇങ്ങനെ ഇരുന്ന് വാതുവയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിക്കും. ഉദാഹരണത്തിന് അഞ്ഞൂറിന് വാതുവയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എന്നെല്ലാം. പക്ഷെ അത് അനുവദനീയമല്ലെന്ന് അവർ പറഞ്ഞു. കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.' രാജസ്ഥാൻ റോയൽസ് ഉടമകളിൽ താൻ മാത്രമാണ് കേസിൽ ഉത്തരവാദിയായി കണക്കാക്കപ്പെട്ടതെന്നും രാജ് അഭിമുഖത്തിൽ തുറന്നുപറയുന്നുണ്ട്.
ഐപിഎല്ലിന്റെ ബിസിനസ് വശത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു, ടൂർണമെന്റിന്റെ ആദ്യ അഞ്ച് - ആറ് വർഷത്തിനിടയിൽ ഉടമകൾക്ക് കാര്യമായ ലാഭം ലഭിച്ചിരുന്നില്ല. ടീമുകൾ ലാഭനഷ്ടമില്ലാതെ മുന്നോട്ടുപോയി. എന്നാൽ ഇന്ന് ഗണ്യമായി ഉയർന്ന വരുമാനം നേടുന്നതായി രാജ് പറഞ്ഞു. വരുമാനത്തിന്റെ 70 ശതമാനവും സംപ്രേക്ഷണ കരാറിൽ നിന്നാണ്.10-15 ശതമാനം ജഴ്‌സി സ്‌പോൺസർഷിപ്പുകളിൽ നിന്നും മറ്റൊന്ന് 10-15 ശതമാനം ടിക്കറ്റ് വിൽപ്പനയിൽ നിന്നുമാണെന്നും രാജ് പറയുന്നു.
Content Highlights: Raj Kundra purchased Rajasthan Royals shares as a Valentine's Day gift for Shilpa Shetty in 2009. The initial investment of 81.9 crore has grown to a current valuation of approximately 16,000 crore. Kundra discusses the 2013 betting scandal and the subsequent lifetime ban from cricket activities. Insight into the IPL business model, highlighting the role of broadcasting rights in team profitability.