സ്റ്റാർ വാർസ്: ലയ രാജകുമാരിയുടെ സ്വർണ ബിക്കിനി ലേലത്തിൽ പോയത് ഒന്നര കോടി രൂപയ്ക്ക്

സിനിമാ ചരിത്രത്തിൽ പ്രശസ്തി നേടിയ കോസ്റ്റ്യൂമുകളിലൊന്നാണ് സ്റ്റാര്‍ വാര്‍സിലെ ഗോൾഡൻ ബിക്കിനി. സ്റ്റാര്‍ വാര്‍സ് സീരിസിലെ 'റിട്ടേണ്‍ ഓഫ് ദ ജെഡിയില്‍' കാരി ഫിഷര്‍ ധരിച്ച് ട്രെന്‍ഡായ സ്വര്‍ണ ബിക്കിനി ഒന്നര കോടി രൂപയ്ക്കാണ് (1,46,53,310 രൂപ ) ലേലത്തില്‍ പോയത്.
1983-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ സീനില്‍ കാരി ധരിച്ച ബിക്കിനി വെള്ളിയാഴ്ച അമേരിക്കയിലെ ഹെറിറ്റേജ് ഓക്ഷനിലാണ് വിറ്റുപോയത്.
ബിക്കിനി ടോപ്പ്, അരപ്പട്ട, കൈത്തള, ബ്രേസ്ലേറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് വസ്ത്രം. അന്തരിച്ച ഡിസൈനര്‍ റിച്ചാര്‍ഡ് മില്ലറാണ് വസ്ത്രം രൂപകല്‍പ്പന ചെയ്തത്. ചിത്രത്തില്‍ ലിയാ രാജകുമാരിയുടെ വേഷം ചെയ്ത കാരി ഫിഷര്‍ 2016-ല്‍ അന്തരിച്ചു.
സ്റ്റാര്‍ വാര്‍സ് സ്രഷ്ടാവ് ജോര്‍ജ്ജ് ലൂക്കാസ് ആദ്യമായി തന്നെ ബിക്കിനി കാണിച്ചപ്പോള്‍ അദ്ദേഹം തമാശ പറയുകയാണെന്ന് കരുതിയെന്ന് ചിത്രത്തില്‍ ലിയ രാജകുമാരിയായി വേഷമിട്ട കാരി ഫിഷര്‍ പറഞ്ഞിട്ടുണ്ട്. സ്വര്‍ണ ബിക്കിനി തന്നെ വളരെ പരിഭ്രാന്തിയിലാക്കിയെന്നും ചിത്രീകരണ വേളയില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകാതിരിക്കാന്‍ അനങ്ങാതെ ഇരിക്കേണ്ടി വന്നതായും കാരി 2016-ല്‍ മരിക്കുന്നതിന് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
സ്റ്റാർ വാർസ് സീരിസിലെ 'ദ് എംപയര്‍ സ്ട്രൈക്ക്‌സ് ബാക്ക്' ശേഷം 1983-ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ഇതിഹാസ സ്‌പേസ് ഓപ്പറ ചിത്രമാണ് 'റിട്ടേണ്‍ ഓഫ് ദി ജെഡി' .
കാരി ഫിഷര്‍ ധരിച്ച സ്വര്‍ണ ബിക്കിനി കൂടാതെ, 'ഹാരി പോട്ടര്‍ ആന്‍ഡ് ദ പ്രിസണര്‍ ഓഫ് അസ്‌കബാനില്‍' ഡാനിയല്‍ റാഡ്ക്ലിഫ് ഉപയോഗിച്ച മാന്ത്രിക വടി ലേലത്തിൽ $52,000 ( 43,53,806.60 രൂപ ) നേടി.
Content Highlights: Princess Leia bikini costume from set of 'Star Wars' movie sells at auction for $175K