ആദ്യം ഉപയോഗിച്ചത് 13-ാം വയസ്സില്‍; സിനിമയല്ല, ലഹരിക്കടിമയാക്കിയത് കുടുംബം- തുറന്നുപറഞ്ഞ് നടന്‍

പ്രതീക് ബബ്ബറും പ്രിയങ്ക ബാനര്‍ജിയും | Photo: Instagram/ Priya Banerjee
പ്രതീക് ബബ്ബറും പ്രിയങ്ക ബാനര്‍ജിയും | Photo: Instagram/ Priya Banerjee

കൗമാരകാലത്ത് ലഹരിക്കടിമയായിരുന്നതിനാല്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് താരം പ്രതീക് ബബ്ബര്‍. കുടുംബത്തിലെ സങ്കീര്‍ണമായ സാഹചര്യങ്ങള്‍ മൂലം 13 വയസ്സില്‍തന്നെ ലഹരിക്കടിമയായെന്നാണ് പ്രതീക് പറയുന്നത്. കൗമാരകാലത്തെ ലഹരി ഉപയോഗം ബന്ധങ്ങളെ മോശമായി ബാധിച്ചുവന്നും പ്രതീക് ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

വര്‍ഷങ്ങളായി താന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ആ അധ്യായം അവസാനിച്ചതാണെന്നും പ്രതീക് പറഞ്ഞു. ബോളിവുഡില്‍ അഭിനയിക്കാന്‍ തുടങ്ങിയതിന് പിന്നാലെ ലഹരിക്കടിമയായി എന്ന അഭ്യൂഹങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രതീക്. 'സിനിമയില്‍ കയറി, പണവും പ്രശസ്തിയും ലഭിച്ചു, ലഹരി ഉപയോഗിക്കാന്‍ തുടങ്ങി- പല ആളുകളും ധരിച്ചുവച്ചിരിക്കുന്നത് ഇങ്ങനെയാണ്. എന്നാല്‍ അതല്ല സത്യം. പന്ത്രണ്ടര- പതിമൂന്ന് വയസ്സായപ്പോഴാണ് ഞാന്‍ ലഹരി ഉപയോഗിക്കാന്‍ തുടങ്ങിയത്. അത് സിനിമ കാരണമായിരുന്നില്ല. നിര്‍ഭാഗ്യവശാല്‍, ഞാന്‍ വളര്‍ന്ന സാഹചര്യം വ്യത്യസ്തമായിരുന്നു, കുടുംബത്തിലെ സാഹചര്യങ്ങള്‍ സങ്കീര്‍ണമായിരുന്നു. അതിനാലാണ് ഞാന്‍ ലഹരി ഉപയോഗിക്കാന്‍ തുടങ്ങിയത്. സിനിമയിലെ പ്രശസ്തിയും പണവുമാണ് ഇതിലേക്ക് നയിച്ചതെന്നത് സത്യമല്ല. അതിനുമുൻപേ ഞാന്‍ ലഹരി ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു', പ്രതീക് പറഞ്ഞു.

'അതെന്നെ ഒരുപാട് ബാധിച്ചു. ഇപ്പോഴും ബാധിച്ചുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് റിലേഷന്‍ഷിപ്പുകളില്‍. ലഹരി ട്രോമയുമായി ബന്ധപ്പെട്ടുകിടക്കുന്നു. ട്രോമ അവസാനിക്കാത്ത കാലത്തോളം ഇത് ബന്ധങ്ങളെ ബാധിക്കും. എന്നാല്‍, ഒരു ഘട്ടത്തില്‍ നിങ്ങള്‍ക്ക് ഇത് മറികടക്കേണ്ടതായി വരും. എന്റെ ഭാവി വധു എന്നെ ഇക്കാര്യത്തില്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. വളരാന്‍ ഞങ്ങള്‍ പരസ്പരം സഹായിക്കുന്നു. അതാണ് ജീവിതം', പ്രതീക് കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് എം.പിയായിരുന്ന രാജ് ബബ്ബറിന്റേയും അന്തരിച്ച നടി സ്മിത പാട്ടീലിന്റേയും മകനാണ് പ്രതീക് ബബ്ബര്‍. സന്യ സാഗറാണ് പ്രതീകിന്റെ ആദ്യ ഭാര്യ. വിവാഹബന്ധം വേര്‍പ്പെടുത്തിയ പ്രതീക് പ്രിയങ്ക ബാനര്‍ജിയുമായി ഇഷ്ടത്തിലായിരുന്നു.

Content Highlights: Prateik Babbar, Bollywood actor, reveals his struggles with drug addiction during his teenage years