ഗൃഹാതുരതയുടെ കെട്ടഴിക്കുന്ന രുചിക്കൂട്ടിന്റെ സ്‌നേഹപ്പൊതി

മാങ്ങയിട്ട ചെമ്മീന്‍കറിയില്‍നിന്നാണ് ആ കഥയുടെ തുടക്കം. അമ്മയുണ്ടാക്കിയ രുചിയൂറും ചെമ്മീന്‍കറി കൂട്ടി ഉണ്ടുകൊണ്ടിരിക്കെ മകന്‍ ചോദിച്ച ഒരു ചോദ്യത്തില്‍നിന്ന്. 'അമ്മേ, ഈ രുചി നാലാളറിയണ്ടേ?' എന്നായിരുന്നു ആ ചോദ്യം. കണക്ക് അധ്യാപികയായിരുന്ന സതിടീച്ചര്‍ മറുപടി ആലോചിക്കുംമുന്‍പേ മകന്റെ അടുത്ത ചോദ്യം, 'അതിനുള്ള ഒരു പദ്ധതി ആലോചിച്ചാലോ?' 'നീ ആലോചിക്ക്' ഒട്ടും ചിന്തിക്കാതെ ടീച്ചര്‍ ഉത്തരം പറഞ്ഞു.
മകന്‍ അതേപ്പറ്റിയൊന്നും ആലോചിക്കാന്‍പോകുന്നില്ലെന്ന ഉറപ്പിലായിരുന്നു ടീച്ചറുടെ മറുപടി. പക്ഷേ, കണക്കുകൂട്ടലുകള്‍ ഒരിക്കലും തെറ്റാത്ത സതിടീച്ചര്‍ക്കായി മകനൊരു പദ്ധതിയിട്ടു. അമ്മയുടെ കൈപ്പുണ്യം നാലാളെ അറിയിക്കണമെന്ന ആ തീരുമാനത്തില്‍നിന്നുണ്ടായത് ഗൃഹാതുരതയുടെ നാട്ടുരുചി നിറഞ്ഞ പൊതിച്ചോറുകള്‍. വിവിധതരം പൊതിച്ചോറുകള്‍മാത്രം തയ്യാറാക്കിനല്‍കുന്ന 'പൊതി' എന്ന സംരംഭത്തിന്റെ സ്ഥാപകയാണ് ഇന്ന് സതി പുനത്തില്‍ എന്ന റിട്ട. അധ്യാപിക.
കെട്ടഴിക്കൂ,ഗൃഹാതുരതയുടെ
ടീച്ചറുടെ മകന്‍ വിഷ്ണുമോഹന്‍ നന്നായി ഭക്ഷണമുണ്ടാക്കുകയും കഴിക്കുകയും ചെയ്യുന്നയാളാണ്. അതുകൊണ്ടുതന്നെ ഭാവിയില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹവുമുണ്ടായിരുന്നു. ടീച്ചറാകട്ടെ നന്നായി ഭക്ഷണമുണ്ടാക്കുകയും അത് വൃത്തിയായും തൃപ്തികരമായും ചെയ്യണമെന്ന് നിര്‍ബന്ധവുമുള്ളയാളുമാണ്.
അങ്ങനെയാണ് വിഷ്ണുവിന് അമ്മയുടെ രുചിക്കൂട്ടുകള്‍ എന്തുകൊണ്ട് മറ്റുള്ളവര്‍ക്കുകൂടി വിളമ്പിക്കൂടായെന്ന ചിന്തയുണ്ടായത്. ചോറും നാടന്‍കറികളും വിളമ്പുന്ന ഒരു സാധാരണ കട പോരെന്ന് ഇവര്‍ ആദ്യമേ തീരുമാനിച്ചു.
കോഴിക്കോട് ടൗണില്‍ ഒരു റസ്റ്ററന്റ് തുടങ്ങിയാല്‍ ടീച്ചര്‍ക്ക് അവിടെ പോകാനും അതൊക്കെ നോക്കിനടത്താനും ബുദ്ധിമുട്ടായിരുന്നു. ഇതൊന്നുമല്ലാതെ എന്ത് എന്ന ആലോചനയാണ് പൊതിച്ചോറിലേക്ക് എത്തിച്ചത്. പൊതിച്ചോറിന്റെ വാണിജ്യസാധ്യതയറിഞ്ഞ്, അത് നല്‍കുന്ന ധാരാളം റസ്റ്ററന്റുകള്‍ നിലവിലുണ്ട്. എന്നാല്‍, വാട്ടിയ ഇല തുറക്കുമ്പോള്‍ നാടന്‍രുചികളുടെ പൊതിച്ചോറ് എവിടെയും കണ്ടിട്ടില്ല. അത് മിതമായനിരക്കില്‍ ലഭ്യമാക്കുകയും ചെയ്യണം. ഇങ്ങനെയുള്ള നാടന്‍ഭക്ഷണം തയ്യാറാക്കിനല്‍കിയാല്‍ ആളുകള്‍ തേടിവരുമെന്ന ഉറപ്പിലാണ് പൊതിച്ചോറുകള്‍ തയ്യാറാക്കുന്ന 'പൊതി' എന്ന സംരംഭം തുടങ്ങാന്‍തന്നെ തീരുമാനിച്ചത്. അങ്ങനെ 'അണ്‍ ടൈ നൊസ്റ്റാള്‍ജിയ' എന്ന ടാഗ്‌ലൈനോടെ തിക്കോടി ചിങ്ങപുരം കോഴിപ്പുറം കിഴക്കാനത്ത് വീട്ടില്‍ 'പൊതി' പിറന്നു.
വിറകുപുര മാറി, അടുക്കളയായി
വീട്ടിലെ വിറകുപുര മാറ്റിയെടുത്താണ് അടുക്കളയൊരുക്കിയത്. 2024-ല്‍ ഇവിടെ 'പൊതി' പ്രവര്‍ത്തനം തുടങ്ങി. ഫിഷ് പൊതി, എഗ് പൊതി, വെജ് പൊതി, മീന്‍കറിയോടെയുള്ള മീല്‍സ് പൊതി എന്നീ നാലുതരം പൊതിച്ചോറുകളുമായിട്ടായിരുന്നു തുടക്കം. വീടിനടുത്തുള്ള രണ്ട് ചേച്ചിമാര്‍ സ്വന്തമെന്നപോലെ സംരംഭത്തിനായി ഒപ്പംനിന്നു.
വിപണനം എങ്ങനെയെന്നതായിരുന്നു അടുത്ത വെല്ലുവിളി. പരിചയക്കാരുടെയും സുഹൃത്തുക്കളുടെയും ഒരു വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയാണ് ആദ്യംചെയ്തത്. അതിനകത്ത് ഓരോ ദിവസവും മെനു ഇടും. കഴിച്ചവര്‍ നല്ല അഭിപ്രായം പറഞ്ഞു, വീണ്ടും വാങ്ങി. അവര്‍ പറഞ്ഞറിഞ്ഞ് വേറെയും ആളുകള്‍ എത്തി. അങ്ങനെ പെട്ടെന്നുതന്നെ 'പൊതി' ആളുകളുടെ മനസ്സില്‍ ഇടംപിടിച്ചു.
വിട്ടുവീഴ്ചയില്ല, ഗുണങ്ങളില്‍
ഗുണത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് തീരുമാനിച്ചിരുന്നു. എല്ലാ സാധനങ്ങളും ഫസ്റ്റ്ക്വാളിറ്റിമാത്രം ഉപയോഗിച്ചാണ് പാചകം. വെളിച്ചെണ്ണമാത്രമേ പാചകത്തിന് ഉപയോഗിക്കാറുള്ളൂ. അച്ചാറുകള്‍ ഉള്‍പ്പെടെ എല്ലാം വീട്ടിലുണ്ടാക്കിയതുമാത്രമാണ് വിളമ്പുന്നത്. 'പൊതി'ക്ക് പ്രിയമേറിയതോടെ ചിക്കന്‍പൊതികൂടി ഉള്‍പ്പെടുത്തി. ടീച്ചറുടെ സ്വന്തം വിഭവമായ കോക്കനട്ട് ചിക്കനാണ് ഈ പൊതിച്ചോറിനൊപ്പം ലഭിക്കുക.
'ഊണ് കഴിഞ്ഞാല്‍ അല്പം മധുരം നുണയാന്‍ ഇഷ്ടമുള്ളവരാണ് കൂടുതലും. അതിനുകൂടി എന്തെങ്കിലും ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹംതോന്നി. പായസം ഉണ്ടാക്കാനും കൊടുക്കാനുമുള്ള ബുദ്ധിമുട്ടോര്‍ത്ത് വേണ്ടെന്നുവെച്ചു. പകരം ഉണ്ണിയപ്പം നല്‍കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ഞങ്ങളുടെ എല്ലാ പൊതിയോടൊപ്പവും ഒരു ഉണ്ണിയപ്പവും ഉണ്ടാകും' -ടീച്ചര്‍ പറയുന്നു
ടൗണില്‍ ഔട്ട്ലെറ്റ്
ടൗണിലേക്കും 'പൊതി' എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2025-ല്‍ ഈസ്റ്റ് നടക്കാവ് കൊട്ടാരം ജങ്ഷനില്‍ പൊതിയുടെ ഔട്ട്ലെറ്റ് തുടങ്ങിയത്. ഓണ്‍ലൈന്‍ ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമുകളുമായി സഹകരിച്ചാണ് വിപണനം.
ആറ് ജീവനക്കാരാണ് ഇപ്പോഴുള്ളത്. ഭക്ഷണമുണ്ടാക്കുന്നതില്‍ ടീച്ചറുടെ കണക്കുകൂട്ടല്‍ ഒരിക്കലും പിഴക്കാറില്ല. ഇത്രയും ഭക്ഷണമുണ്ടാക്കിയാലും ഒട്ടും ബാക്കിവരാത്തതാണ് ഈ കണക്ക് കിറുകൃത്യമാണെന്നതിന്റെ തെളിവ്.
സംരംഭം മനസ്സില്‍ ഉണ്ടായിട്ടേയില്ല
ജോലിയില്‍നിന്ന് വിരമിച്ചശേഷം ഒരു സംരംഭം തുടങ്ങാനൊന്നും താന്‍ ആലോചിച്ചിട്ടേയില്ലെന്ന് സതി ടീച്ചര്‍ പറയുന്നു. ഒരു സംരംഭം മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ചില പ്രയാസങ്ങളൊക്കെയുണ്ടെങ്കിലും ഇപ്പോള്‍ ഇത് ശരിക്കും ആസ്വദിക്കുന്നുണ്ടെന്നും ടീച്ചര്‍ പറയുന്നു.
ചിങ്ങപുരം സികെജി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് 2023-ലാണ് ടീച്ചര്‍ വിരമിച്ചത്. അതേ സ്‌കൂളില്‍ അധ്യാപകനായിരുന്ന ഭര്‍ത്താവ് എം. ഹരിമോഹന്‍ സംരംഭത്തിന് എല്ലാ സഹായവുമായി കൂടെത്തന്നെയുണ്ട്.
കൊയിലാണ്ടിക്ക് അടുത്ത മുത്താമ്പി സ്വദേശി പരേതനായ ഗോപാലന്‍നായരുടെയും കാര്‍ത്യായനിയമ്മയുടെയും മകളാണ് സതി. ടിടിസി കഴിഞ്ഞ് 1985-ലായിരുന്നു വിവാഹം. ചിങ്ങപുരത്തെത്തിയ അതേവര്‍ഷംതന്നെ ജോലിയും ലഭിച്ചു. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ കൊച്ചി ഓഫീസിലെ ഉദ്യോഗസ്ഥനാണ് മകന്‍ വിഷ്ണുമോഹന്‍. മകള്‍ ഡോ. ഗായത്രി മോഹന്‍.
Content Highlights: Experience authentic Kerala flavors with `Pothy` packed meals. Featuring home-cooked traditional curries and accompaniments, delivered with love.