'അവള്‍ ജീവിച്ചിരിപ്പുണ്ടല്ലോ...എനിക്കതു മതി...ദൈവത്തിന് സ്തുതി'; പൂനം പാണ്ഡെയുടെ ഭര്‍ത്താവ്

പൂനം പാണ്ഡെ ഭര്‍ത്താവ് സാം ബോബെയ്‌ക്കൊപ്പം | Photo: instagram/ poonam pandey
പൂനം പാണ്ഡെ ഭര്‍ത്താവ് സാം ബോബെയ്‌ക്കൊപ്പം | Photo: instagram/ poonam pandey

തന്റെ മരണവാര്‍ത്തയിലൂടെ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് നടിയും മോഡലുമായ പൂനം പാണ്ഡെ. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയെന്ന വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞ് അവര്‍ പ്രത്യക്ഷപ്പെട്ടു. സെര്‍വിക്കല്‍ കാന്‍സറിനെ കുറിച്ചുള്ള ബോധവത്കരണമായിരുന്നു തന്റെ ലക്ഷ്യമെന്ന് അവര്‍ പിന്നീട് വ്യക്തമാക്കുകയും ചെയ്തു.

ഇതിന് പിന്നാലെ താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തുവന്നു. മരണം കുട്ടിക്കളിയല്ലെന്നും ഇത്തരത്തിലുള്ള മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ മോശമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ പൂനത്തെ പിന്തുണക്കുന്ന നിലപാടാണ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ സ്വീകരിച്ചത്.

ഇപ്പോഴിതാ നടിയെ പിന്തുണച്ച് ഭര്‍ത്താവ് സാം ബോംബേയും രംഗത്തെത്തിയിരിക്കുകയാണ്. പൂനം ചെയ്തതില്‍ സന്തോഷം മാത്രമേയുള്ളുവെന്നും ഞെട്ടലില്ലെന്നും സാം വ്യക്തമാക്കി. 'അവള്‍ ജീവിച്ചിരിപ്പുണ്ടല്ലോ. അതുമതി എനിക്ക്...ദൈവത്തിന് സ്തുതി'-ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സാം പറയുന്നു.

'ആ വാര്‍ത്ത കേട്ടപ്പോള്‍ എനിക്കൊന്നും തോന്നിയില്ല. എന്റെയുള്ളില്‍ ഒന്നും സംഭവിച്ചില്ല. നഷ്ടബോധവും ഉണ്ടായിരുന്നില്ല. അതു നടക്കാന്‍ സാധ്യതയില്ലെന്നായിരുന്നു എന്റെ ചിന്ത. അവളെക്കുറിച്ച് ഞാന്‍ എന്നും ആലോചിക്കാറുണ്ട്. ദിവസവും അവള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാറുണ്ട്. എന്തെങ്കിലും പറ്റിയിരുന്നെങ്കില്‍ ഞാന്‍ അറിയേണ്ടതാണ്.'-സാം പറയുന്നു. 

തങ്ങള്‍ തമ്മിലുള്ള വിവാഹബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ വിവാഹമോചനം നേടിയിട്ടില്ലെന്നും സാം വ്യക്തമാക്കി. പൂനം ജീവിച്ചിരിക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ട വ്യക്തിയാണെന്നും സാം കൂട്ടിച്ചേര്‍ത്തു.

പൂനത്തിനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളേയും സാം തള്ളിക്കളഞ്ഞു. 'സ്വന്തം പേരും പ്രശസ്തിയുമെല്ലാം അവഗണിച്ച് ഒരു വ്യക്തി ഒരു വിഷയത്തില്‍ ബോധവത്കരണത്തിന് ഇറങ്ങുകയാണെങ്കില്‍ അവരെ നമ്മള്‍ ആദരിക്കണം. കാലാതീതയാണ് പൂനം. ശക്തയായ ഇന്ത്യന്‍ വനിതയാണ് അവര്‍. ഇനിയും വര്‍ഷങ്ങളോളം അവര്‍ ആഘോഷിക്കപ്പെടും.'-സാം ബോബെ വ്യക്തമാക്കുന്നു.
 

Content Highlights: poonam pandeys death stunt husband sam bombay breaks silence