സ്കീസോഫ്രീനിയ നിർണയിക്കാൻ വൈകി, ഗർഭകാലത്തെ സഹോദരൻ്റെ വേർപാടിനെക്കുറിച്ച് പൂജ ബേദി

പൂജ ബേദി| ഫോട്ടോ: PTI, Instagram/@poojabedi
പൂജ ബേദി| ഫോട്ടോ: PTI, Instagram/@poojabedi

താൻ ഗർഭിണിയായിരിന്ന കാലത്ത് മരിച്ച സഹോദരൻ സിദ്ധാർഥിനെ കുറിച്ച് വർഷങ്ങൾക്കുശേഷം മനസ്സു തുറന്നിരിക്കുകയാണ് നടിയും ടോക്ക് ഷോ ഹോസ്റ്റും നടൻ കബീർ ബേദിയുടെ മകളുമായ പൂജ ബേദി. സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് പൂജയുടെ തുറന്നുപറച്ചിൽ.

സിദ്ധാർഥ് മരിക്കുമ്പോൾ അച്ഛൻ കബീർ ബേദി അമേരിക്കയിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സിദ്ധാർത്ഥുണ്ടായിരുന്ന മുറിയിലേക്ക് കയറിച്ചെല്ലുമ്പോൾ അച്ഛന് മകൻ്റെ ചേതനയറ്റ ശരീരം നേരിൽ കാണേണ്ടിവന്നതിനെ കുറിച്ച് പൂജ അഭിമുഖത്തിൽ പറയുന്നുണ്ട്. ആ സമയത്ത് അദ്ദേഹം അനുഭവിച്ച വേദന തനിക്ക് ഊഹിക്കാൻ കഴിയില്ലെന്നും പൂജ പറയുന്നു. 

'ഒരിക്കലും വേര്‍പിരിയാനാകാത്ത സഹോദരങ്ങളായിരുന്നു ഞങ്ങള്‍. ബെഡ്‌റൂം മുതല്‍ ടൂത്ത്‌ബ്രഷ് വരെ ഞങ്ങള്‍ പങ്കിട്ടിരുന്നു. ഒരേ ഭക്ഷണത്തോടായിരുന്നു ഞങ്ങള്‍ക്ക് താത്പര്യം. ഒരേ ബോര്‍ഡിങ് സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. എന്നേക്കാള്‍ ഒന്നര വയസ്സ് മാത്രം പ്രായക്കുറവേ അവനുണ്ടായിരുന്നുള്ളൂ'- പൂജ ബേദി പറഞ്ഞു.

വൈകിയ രോഗനിർണയം

സിദ്ധാർത്ഥിന്റെ രോഗം ആദ്യം കൃത്യമായി നിർണയിക്കാൻ കഴിഞ്ഞിരുന്നില്ല. ആദ്യമൊക്കെ വിഷാദരോഗം എന്നും പിന്നീട് ബൈപോളാർ ഡിസോർഡർ എന്നുമാണ് കരുതിയിരുന്നതെന്നും പൂജ പറയുന്നുണ്ട്. സ്കീസോഫ്രീനിയ  ആണെന്ന് നിർണയിക്കാൻ ഏറെ സമയമെടുത്തു. രോഗബാധിതനായി സിദ്ധാർഥ് അമേരിക്കയിലായിരുന്നപ്പോൾ താൻ ഇന്ത്യയിലായിരുന്നെന്നും വൈവാഹികജീവിതത്തിലെ ബുദ്ധിമുട്ടുകളുമായി പൊരുതുകയായിരുന്നുവെന്നും പൂജ പറഞ്ഞു. 

‘അനാവശ്യമായ ഒരു കാര്യമായിരുന്നു അത്, പക്ഷേ തൻ്റെ യാത്ര അവസാനിപ്പിക്കാൻ അവൻ തീരുമാനിച്ചിരുന്നു’- പൂജ പറഞ്ഞു.

1997- ൽ സിദ്ധാർത്ഥിനെ നഷ്ടപ്പെട്ടതിൻ്റെ വേദനയിലും മാനസികാരോഗ്യത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാൻ കുടുംബം തയ്യാറായിരുന്നു. അക്കാലത്ത് ഇത്തരം പ്രശ്നങ്ങൾ പലരും ഒതുക്കി വെക്കുകയായിരുന്നു, എന്നാൽ ഈ തുറന്ന സമീപനം മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കാൻ മറ്റുള്ളവർക്ക് ധൈര്യം നൽകിയതായി വിശ്വസിക്കുന്നു’- പൂജ പറഞ്ഞു.

സഹോദരൻ മറ്റു വഴികൾ തിരഞ്ഞെടുത്ത് ഇന്നും ജീവിച്ചിരുന്നെങ്കിലെന്ന് തോന്നോറുണ്ടെന്നും പൂജ പറയുന്നു.

Content Highlights: Pooja Bedi shares the profound grief of her brother Siddharth`s suicide and father Kabir Bedi`s trauma.