'കൃത്യസമയം പാലിച്ചു, രുചികരമായ ഭക്ഷണം, സുഖയാത്ര'; ഇന്ത്യൻ ബസ് യാത്രയെ പുകഴ്ത്തി പോളിഷ് യുവതി | VIDEO

#Lifestyle Desk
പോളിഷ് യുവതിയുടെ വൈറൽ വീഡിയോയിൽ നിന്ന് | Photos: instagram.com/domipatalas, Enhanced with AI
പോളിഷ് യുവതിയുടെ വൈറൽ വീഡിയോയിൽ നിന്ന് | Photos: instagram.com/domipatalas, Enhanced with AI

ന്ത്യയിലെ ബസ് യാത്രയെ പ്രകീർത്തിച്ച് പോളണ്ടിൽ നിന്നുള്ള യുവതി. ഡൽഹിയിലേക്കുള്ള 11 മണിക്കൂർ നീണ്ട ബസ് യാത്രാനുഭവമാണ് പോളിഷ് യുവതിയായ ഡൊമിനിക്ക പതാലസ് കൽറ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പങ്കുവെച്ചത്. വീഡിയോ ഇതിനകം വൈറലായി. രണ്ട് ലക്ഷത്തിലേറെ പേരാണ് വീഡിയോ ഇതുവരെ കണ്ടത്.

11 മണിക്കൂർ യാത്ര എങ്ങനെ അതിജീവിക്കുമെന്ന ആശങ്ക തുടക്കത്തിൽ ഉണ്ടായിരുന്നെങ്കിലും യാത്ര സുഗമമവും സുഖകരവുമായിരുന്നുവെന്ന് ഡൊമിനിക്ക പറയുന്നു. ഇന്ത്യയിലെ തന്റെ ആദ്യ ബസ് യാത്രയാണ് ഇത്. ബസ് കൃത്യസമയത്ത് എത്തി. സീറ്റുകൾ വൃത്തിയുള്ളതും സുഖകരമായതുമാണ്. യാത്ര തുടങ്ങിയപ്പോൾ തന്നെ വെറ്റ് ടിഷ്യൂ, ഡെന്റൽ കിറ്റ്, ലഘുഭക്ഷണങ്ങൾ, ജ്യൂസ് എന്നിവയെല്ലാം അടങ്ങിയ ഗിഫ്റ്റ് ബാഗ് കിട്ടിയെന്നും ഡൊമിനിക്ക പറഞ്ഞു.

പിന്നീട് പുതപ്പിനടിയിൽ വിശ്രമിക്കുകയും ഉറങ്ങുകയും ചെയ്തു. രാത്രിഭക്ഷണത്തിനുള്ള സമയമായപ്പോൾ ഫൈവ് കോഴ്‌സ് ഡിന്നറാണ് ലഭിച്ചത്. രുചികരമായ ഭക്ഷണത്തിനൊപ്പം മധുരത്തിന് ഗുലാബ് ജാമുനുമുണ്ടായിരുന്നു. രാവിലെയായപ്പോൾ ബ്രേക്ക്ഫാസ്റ്റ് ബോക്‌സ് കിട്ടി. അതുകൊണ്ട് തന്നെ യാത്രയിലുടനീളം ഒരുനിമിഷം പോലും വിശന്നിരിക്കേണ്ടിവന്നില്ലെന്നും ഡൊമിനിക്ക കൂട്ടിച്ചേർത്തു.

ബസ് വൃത്തിയുള്ളതും ആഡംബരപൂർണവും ധാരാളം സ്ഥലമുള്ളതുമായിരുന്നു. ആദ്യ സ്റ്റോപ്പിലായിരുന്നു ഫൈവ് കോഴ്‌സ് ഭക്ഷണം. അത് ടിക്കറ്റിൽ ഉൾപ്പെട്ടിരുന്നു. യാത്രയ്ക്കിടെ മനോഹരമായ സൂര്യോദയ ദൃശ്യം കാണാൻ കഴിഞ്ഞു. യാത്രയ്‌ക്കൊടുവിൽ സുരക്ഷിതയായി താൻ ഡൽഹിയിലെത്തിയെന്നും ഡൊമിനിക്ക കൂട്ടിച്ചേർത്തു.

നിരവധി പേരാണ് പോളിഷ് യുവതിയുടെ വീഡിയോയ്ക്ക് താഴെ കമന്റിട്ടത്. ഇന്ത്യയുടെ നല്ലവശങ്ങൾ കാണിക്കുന്നതിന് പലരും ഡൊമിനിക്കയോട് കമന്റിലൂടെ നന്ദിയറിയിച്ചു. ഇന്ത്യയുടെ നല്ലവശം കാണിക്കുന്ന വീഡിയോയായതിനാൽ ഇൻസ്റ്റഗ്രാമിന്റെ അൽഗരിതം അധികം പേരിലേക്ക് ഇത് എത്തിക്കില്ല എന്നായിരുന്നു ഒരു കമന്റ്. സ്ലീപ്പർ ബസ്സുകളിൽ കൂടി യാത്ര ചെയ്ത് നോക്കൂ എന്നാണ് ഇനിയൊരാൾ കുറിച്ചത്.

Content Highlights: A Polish traveler has gone viral after praising her first 11-hour bus journey in India. She highlighted punctual service, clean seats, complimentary amenities, multiple meals, and a safe, comfortable trip to Delhi.