'കാണാന്‍ നിലു ബേബിയെപ്പോലെയുണ്ട്'; നിതാരയെ പരിചയപ്പെടുത്തി പേളി മാണി

രണ്ടാമത്തെ കുഞ്ഞിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി നടിയും അവതാരകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പേളി മാണി. നിതാര ശ്രീനിഷ് എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. നൂലുകെട്ട് ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും പേളി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
'നിതാര ശ്രീനിഷിനെ പരിചയപ്പെടൂ. ഞങ്ങളുടെ കുഞ്ഞു മാലാഖയ്ക്ക് ഇന്ന് 28 ദിവസം പൂര്‍ത്തിയായി. ഇന്ന് അവളുടെ നൂലുകെട്ടായിരുന്നു. ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുകയാണ്. നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ഥനയും അനുഗ്രഹവും വേണം.'- പേളി ഇന്‍സ്റ്റ്ഗ്രാമില്‍ കുറിച്ചു. ഇതിന് താഴെ നിരവധി പേരാണ് ആശംസ അറിയിച്ച് കമന്റ് ചെയ്തത്. നിതാരയെ കാണാന്‍ നിലുവിനെപ്പോലെയുണ്ടെന്നും നിലുവും നിതുവും എന്നാകും ഇനി ഇവര്‍ അറിയപ്പെടുകയെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
സെറ്റ് സാരി ധരിച്ച്, മുല്ലപ്പൂ ചൂടി, ട്രഡീഷണല്‍ ആഭരണങ്ങള്‍ അണിഞ്ഞാണ് പേളി നൂലുകെട്ട് ചടങ്ങിന് ഒരുങ്ങിയത്. സ്വര്‍ണക്കസവുള്ള മുണ്ടും ജുബ്ബയുമായിരുന്നു ശ്രീനിഷിന്റെ വേഷം. ഇരുവരുടേയും മൂത്ത മകള്‍ നില പേളിഷ് പട്ടു പാവാടയില്‍ സുന്ദരിയായിരുന്നു. പേളി മാണി നിതാരയെ താലോലിക്കുന്നതും നിതാരയെ നില ചുംബിക്കുന്നതും ചിത്രങ്ങളില്‍ കാണാം.
കഴിഞ്ഞ ജനുവരി 13-നാണ് പേളിക്കും ശ്രീനിഷിനും കുഞ്ഞ് പിറന്നത്. ലേബര്‍ റൂമില്‍ നിന്ന് കുഞ്ഞിനെ ആദ്യമായി കൈയിലെടുത്ത ചിത്രമാണ് അന്ന് പേളി പോസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ മൃദുവായ ചര്‍മവും ചെറിയ ഹൃദയമിടിപ്പും തന്റെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളില്‍ ഒന്നായി ഓര്‍മിക്കപ്പെടുമെന്ന് ചിത്രത്തിനൊപ്പം അവര്‍ കുറിച്ചു.
പിന്നീട് കുഞ്ഞിന്റെ വിശേഷങ്ങള്‍ പേളി ഇന്‍സ്റ്റഗ്രാമിലൂടെ ആരാധരുമായി പങ്കുവെയ്ക്കാറുണ്ടായിരുന്നു. നിലയില്‍ നിന്ന് ഏറെ വ്യത്യസ്തയാണ് നിതാരയെന്നും അമ്മയേയും കുഞ്ഞിനേയും പരസ്പരം ബന്ധിപ്പിക്കുന്ന സമയത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നും പേളി കുറിച്ചിരുന്നു.
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് അവതാരകയും നടിയുമായ പേളിയും നടനായ ശ്രീനിഷ് അരവിന്ദും പരിചയപ്പെട്ടത്. 2019 മേയ് 5,8 തീയതികളിലായി ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം.
Content Highlights: pearle maaney introduces her second child nitara srinish