12 ചോദ്യം, ബച്ചനിൽ നിന്ന് നേടിയത് അഞ്ചുലക്ഷം രൂപ; കോടിപതിയിലെ ഹോട്ട് സീറ്റിലെത്തി ഒറ്റപ്പാലം സ്വദേശി

ഹരിഗോവിന്ദ് മേനോനും അമിതാഭ് ബച്ചനും കോൻബനേഗാ ക്രോർ‍പതി ഷോയ്ക്കിടെ, ഇൻസൈറ്റിൽ ഹരിഗോവിന്ദ് മേനോൻ
ഹരിഗോവിന്ദ് മേനോനും അമിതാഭ് ബച്ചനും കോൻബനേഗാ ക്രോർ‍പതി ഷോയ്ക്കിടെ, ഇൻസൈറ്റിൽ ഹരിഗോവിന്ദ് മേനോൻ

ഒറ്റപ്പാലം: 'ഹോട്ട് സീറ്റുകളിലെത്തുന്നത് കഠിനമാണ്. അവിടെയെത്തിയാലോ, മുന്നിൽ അമിതാഭ് ബച്ചനും' - കോൻ ബനേഗ ക്രോർപതി എന്ന ഗെയിംഷോയിലെ ഹോട്ട് സീറ്റിലെത്തി അഞ്ച് ലക്ഷം രൂപ സമ്മാനം നേടിയ ഒറ്റപ്പാലം തോട്ടക്കര കാർത്തിക വീട്ടിൽ ഹരിഗോവിന്ദ് മേനോൻ (66) പറയുന്നു.

16 ഘട്ടങ്ങളാണ് മത്സരത്തിലാകെയുള്ളത്. അതിൽ 12 സ്ഥാനംവരെയെത്താൻ ഈ ഒറ്റപ്പാലത്തുകാരനായി. ഏഴരലക്ഷം രൂപവരെ നേടിയിരുന്നു. എന്നാൽ ആ ഘട്ടത്തിലെ ഉത്തരം പിഴച്ചതോടെ സമ്മാനം അഞ്ചുലക്ഷമായി മാറി. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ അസിസ്റ്റന്റ് ജനറൽ മാനേജരായിരിക്കെ സ്വയം വിരമിച്ചയാളാണ് ഹരിഗോവിന്ദ്. തുടർന്ന് ദുബായിയിൽ ഗ്ലോബൽ എക്‌സ്‌ചേഞ്ചിൽ മാനേജരായിരുന്നു. ഇപ്പോൾ വിദ്യാർഥികളെ പ്രശ്‌നോത്തരി മത്സരങ്ങൾക്ക് പ്രാപ്തരാക്കാനും വായനശീലം വളർത്താനുമുള്ള ശ്രമത്തിലാണ് ഇദ്ദേഹം.

കടമ്പഴിപ്പുറം കുണ്ടുവംപാടം തേലക്കാട്ടുകളത്തിൽ കുടുംബാംഗമാണ്. കാൺപൂരിൽ സെൻട്രൽ ഓർഡനൻസ് ഡിപ്പോ ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ പഴമ്പാലക്കോട് പരേതനായ കുറുപ്പത്ത് ശങ്കരനാരായണ മേനോൻ. പരേതയായ മീനാക്ഷിയാണ് അമ്മ. മലപ്പുറം മക്കരപ്പറമ്പ് മൂത്തേടത്ത് സുധയാണ് ഭാര്യ. മകൻ: രോഹിത്ത് ജി. മേനോൻ (മസ്‌കറ്റ്). മരുമകൾ: അനഘ (മസ്‌കറ്റ്).

Content Highlights: Ottappalam native Harigovind Menon wins 5 lakh rupees in Kaun Banega Crorepati (KBC)