'ഒരു റീലിൽനിന്ന് 76 ലക്ഷം രൂപ വരെയുണ്ടാക്കിയിട്ടുണ്ട്'-വരുമാനത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഒറി

സോഷ്യൽ മീഡിയയിൽ എപ്പോഴും തിളങ്ങിനിൽക്കുന്ന വ്യക്തികളിൽ ഒരാളാണ് ഒറി എന്ന പേരിലറിയപ്പെടുന്ന ഒർഹാൻ അവത്രമാണി. ബോളിവുഡ് താരപുത്രിമാരായ സുഹാന ഖാൻ, ജാൻവി കപൂർ, ഖുശി കപൂർ, സാറാ അലി ഖാൻ, നൈസ ദേവ്ഗൺ, അനന്യ പാണ്ഡെ തുടങ്ങി നിരവധി സെലിബ്രിറ്റികൾക്കൊപ്പം ഒറി ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡയറക്ടറും മുകേഷ് അംബാനിയുടെ ഭാര്യയുമായ നിത അംബാനി വരേയുണ്ട്. തന്റെ വിദേശയാത്രകളും ക്രിസ്മസ് ആഘോഷവും ന്യൂഇയർ സെലിബ്രേഷനുമെല്ലാം ഒറി ആഘോഷിക്കുന്നത് ഈ സെലിബ്രിറ്റികൾക്കൊപ്പമാണ്.
നിലവിൽ ഇൻസ്റ്റഗ്രാമിൽ 2.5 മില്ല്യൺ ഫോളോവേഴ്‌സുള്ള ഒറി ബ്രാൻഡിങ്ങിലൂടെയും പെയ്ഡ് അപ്പിയറൻസുകളിലൂടെയുമാണ് പണമുണ്ടാക്കുന്നത്. കഴിഞ്ഞ മാസം ഒരു പെയ്ഡ് റീലിൽ നിന്ന് 76 ലക്ഷം രൂപ ലഭിച്ചുവെന്നും ഒറി ഒരു പോഡ്കാസ്റ്റ് ഷോയിൽ വെളിപ്പെടുത്തി. സ്വകാര്യ പരിപാടികളിൽ പങ്കെടുക്കാൻ താൻ 15 ലക്ഷം മുതൽ 25 ലക്ഷം വരെ ഫീസ് ഈടാക്കുന്നുണ്ടെന്നും അദ്ദേഹം തുറന്നുപറയുന്നു. 'പണം കൊടുത്ത് നിങ്ങൾക്ക് എന്നെ വാങ്ങാം. ഞാൻ നിങ്ങളോടൊപ്പം ഭക്ഷണം കഴിക്കാൻ വരും. വിവാഹത്തിനും ജന്മദിന പാർട്ടിയിലും പങ്കെടുക്കും. ബാല്യകാല സുഹൃത്തുക്കളാണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽവരെ സംസാരിക്കും. നിങ്ങളോടൊപ്പം സമയം ചെലവഴിക്കുകയും നിങ്ങളുടെ മാതാപിതാക്കൾക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്യും.'-ഒറി പറയുന്നു.
പ്രശസ്തിയെ എങ്ങനെ പണമാക്കാം എന്നതായിരുന്നു തന്റെ ഐഡിയയെന്നും ഇന്നത്തെ ക്രിയേറ്റർ കമ്മ്യൂണിറ്റി അതാണ് ചെയ്യുന്നതെന്നും ഒറി വ്യക്തമാക്കി. തന്റെ സിഗ്നേച്ചർ പോസിനെ കുറിച്ചും ഒറി സംസാരിച്ചു. ഇന്ത്യയിൽ രണ്ട് പേരുടെ പോസുകൾ മാത്രമേ പ്രശസ്തമായിട്ടുള്ളൂവെന്നും അത് തന്റേയും ഷാരൂഖ് ഖാന്റേയുമാണെന്നും ഒറി അവകാശപ്പെടുന്നു. തന്റെ അച്ഛനും അമ്മയുമാണ് പണം കൈകാര്യം ചെയ്യുന്നതെന്നും അതിനെ കുറിച്ച് തനിക്ക് വലിയ ധാരണയില്ലെന്നും ഒറി കൂട്ടിച്ചേർത്തു.
Content Highlights: Orry earned Rs 76 lakh from a single social media brand collaboration., He charges between Rs 15 lakh and Rs 25 lakh for private event appearances., His business model focuses on monetizing personal branding and celebrity access., Orry views his public persona as a service, offering experiences for private gatherings., Despite his massive earnings, his parents continue to manage his personal finances.